തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

ഞങ്ങൾക്കില്ലെങ്കിൽ ആർക്കും വേണ്ട; ഹോർമുസിലൂടെ പോകുന്ന സകല കപ്പലുകളും തടയുമെന്ന് ട്രംപ്

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഏതൊക്കെ കപ്പലുകൾ കടന്നുപോകണമെന്ന് തീരുമാനിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹോർമുസ് കടലിടുക്കിലൂടെ ഒന്നുകിൽ എല്ലാ കപ്പലുകൾക്കും സുരക്ഷിതമായ യാത്രാസൗകര്യം ഉണ്ടായിരിക്കണം, അല്ലെങ്കിൽ ആരെയും കടത്തിവിടില്ല എന്ന ‘ഓൾ ഓർ നൺ’ നയമാണ് താൻ നടപ്പിലാക്കാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് മാത്രം എണ്ണ വിറ്റ് ഇറാൻ പണമുണ്ടാക്കുന്നത് അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയതിന് സമാനമായ ഉപരോധമായിരിക്കും ഇറാനെതിരെയും കൊണ്ടുവരുന്നത്.

എന്നാൽ ഇത് അതിനേക്കാൾ വലിയ തോതിലായിരിക്കും. ഇതിന്റെ ഫലമായി കൂടുതൽ ടാങ്കറുകൾ എണ്ണ വാങ്ങാനായി അമേരിക്കയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ വൈദ്യുതി നിലയങ്ങളും മറ്റ് സിവിലിയൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന ഭീഷണി ട്രംപ് വീണ്ടും ആവർത്തിച്ചു. “ഒറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കാൻ എനിക്ക് സാധിക്കും.

അവരുടെ ഊർജ്ജ സംവിധാനങ്ങൾ മുഴുവൻ, പ്രത്യേകിച്ച് വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ ഇല്ലാതാക്കാൻ എനിക്ക് കഴിയും. അതൊരു വലിയ കാര്യമാണ്,” ട്രംപ് പറഞ്ഞു.

പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം ആഗോള എണ്ണവിപണിയെയും പശ്ചിമേഷ്യയിലെ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ഇറാന്റെ സുപ്രധാനമായ ഊർജ്ജ സ്രോതസ്സുകളെ ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന മേഖലയിൽ പുതിയ യുദ്ധമുഖം തുറക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group