ഞായറാഴ്‌ച, മെയ്‌ 17, 2026
Middle EastTop Stories

ഇസ്രായേലിൽ അർദ്ധരാത്രിയിൽ വൻ സ്ഫോടനവും അഗ്നിഗോളവും; ഭീതിയിലായി ബെയ്ത് ഷെമേഷ് നിവാസികൾ

ഇസ്രായേലിലെ ബെയ്ത് ഷെമേഷ് നഗരത്തിന് സമീപം ശനിയാഴ്ച അർദ്ധരാത്രിയിലുണ്ടായ ശക്തമായ സ്ഫോടനവും ആകാശത്ത് ഉയർന്ന അഗ്നിഗോളവും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.

വൻ ശബ്ദത്തോടെയുണ്ടായ ഈ സ്ഫോടനം സമീപവാസികളിൽ കനത്ത ആശങ്കയാണ് പടർത്തിയത്. ഇറാനുമായുള്ള യുദ്ധത്തിൽ ബെയ്ത് ഷെമേഷ് നഗരത്തിന് നേരെ മുൻപ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, വീണ്ടുമൊരു യുദ്ധസാഹചര്യം ഉടലെടുക്കുകയാണോ എന്ന ഭീതിയിലായിരുന്നു പ്രദേശവാസികൾ.

ഇറാനുമായുള്ള യുദ്ധം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത ആഴ്ചയോടെ ഇസ്രായേലും അമേരിക്കയും വീണ്ടും സൈനിക നീക്കം ശക്തമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഈ സ്ഫോടനം നടന്നത്.

എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ച ഒരു പരീക്ഷണത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അധികാരികളെ മുൻകൂട്ടി അറിയിച്ച ശേഷമാണ് പരീക്ഷണം നടത്തിയതെന്ന് അവകാശപ്പെടുമ്പോഴും, തങ്ങൾക്ക് യാതൊരുവിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കഴിഞ്ഞ മാർച്ച് ഒന്നിന് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ച് ബെയ്ത് ഷെമേഷിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രതയിലും ഭീതിയിലുമായിരുന്നപ്പോഴാണ് പെട്ടെന്നുണ്ടായ സ്ഫോടനം നഗരത്തെ വീണ്ടും നടുക്കിയത്.

ആരോ എയർ ഡിഫൻസ് സിസ്റ്റം ഉൾപ്പെടെയുള്ള അത്യാധുനിക റോക്കറ്റുകളുടെയും മിസൈലുകളുടെയും എഞ്ചിനുകൾ വികസിപ്പിക്കുന്ന കമ്പനിയായ തോമർ. “മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പരീക്ഷണമാണ് നടന്നതെന്നും, അത് നിശ്ചയിച്ച പ്രകാരം വിജയകരമായി പൂർത്തിയായെന്നും” കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

മുൻപ് 2021 ലും ഇതേ ഫാക്ടറിയിൽ സമാനമായ രീതിയിൽ വൻ സ്ഫോടനം നടന്നിരുന്നു. അന്നും അത് ആസൂത്രിതമായ പരീക്ഷണമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് കമ്പനി അധികൃതർ വിശദീകരിച്ചത്.

സ്ഫോടനം നിയന്ത്രിതമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും, എന്തുകൊണ്ടാണ് ഇത്രയും വൈകിയ സമയത്ത് (രാത്രി 11:30 ന്) ഇത് നടത്തിയതെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അവർ തയ്യാറായിട്ടില്ല.

എങ്കിലും നിയന്ത്രിത സ്ഫോടനമായതിനാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa