പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ വിളിച്ച് ട്രംപ്
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യവും യുഎസും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളും ഫോൺ സംഭാഷണത്തിൽ പ്രത്യേകമായി ചർച്ച ചെയ്യപ്പെട്ടു. ഇറാൻ ചർച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന ട്രംപിന്റെ മുൻ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക ചർച്ച നടന്നിരിക്കുന്നത്.
ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും സമുദ്രസുരക്ഷ സംരക്ഷിക്കേണ്ടതിന്റെയും അടിയന്തിര പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ട് വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ ഇതിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അവർ വിലയിരുത്തി.
പശ്ചിമേഷ്യയിലുടനീളം സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര, സമാധാന ശ്രമങ്ങൾക്കും സൗദി അറേബ്യയും യുഎസും തങ്ങളുടെ പൂർണ്ണ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല സഹകരണം ഇരുനേതാക്കളും വിലയിരുത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ അവർ ആരാഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
