വ്യാഴാഴ്‌ച, ജൂലൈ 16, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ പ്രദേശങ്ങളിൽ ഇന്ന് താപനില 50 ഡിഗ്രിയിലെത്തും; ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിൽ ചൂട് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തിര മുന്നറിയിപ്പ്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താപനില 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം. കടുത്ത ചൂടിനൊപ്പം മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും ഈ മേഖലകളിൽ വീശിയടിക്കും.

ദമ്മാം, ളഹ്‌റാൻ, അൽ-ഖോബാർ, ഹഫർ അൽ-ബാത്തിൻ, അൽ-ഖഫ്ജി, അൽ-നഈരിയ, ഖർയത് അൽ-ഉൽയ, ജുബൈൽ, രാസ് തന്നൂറ, ഖത്തീഫ്, അബ്ഖൈഖ്, അൽ-അദീദ്, ദുഅ്‌ലൂതൻ, അൽ-അഹ്സ എന്നിവിടങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെടുക.

ശക്തമായ കാറ്റും ചൂടും കാരണം ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷ കാഴ്ചപരിധി 3 മുതൽ 5 കിലോമീറ്റർ വരെയായി കുറയ്ക്കും. കിഴക്കൻ പ്രവിശ്യയിലെ ഈ കാലാവസ്ഥാ സാഹചര്യം ഇന്ന് രാത്രി 7 മണി വരെ തുടരുമെന്നാണ് അറിയിപ്പ്.

കിഴക്കൻ മേഖലയിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ രാജ്യത്തിന്റെ മറ്റൊരു ഭാഗമായ അൽ-ബാഹ പ്രവിശ്യയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അൽ-ബാഹ നഗരം കൂടാതെ ബൽജുറഷി, അൽ-അഖീഖ്, അൽ-ഖുറാ, ബനി ഹസൻ, അൽ-മൻദഖ് എന്നീ ഗവർണറേറ്റുകളിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നൽ മൂലമുള്ള അപകടങ്ങളും അന്തരീക്ഷ കാഴ്ചപരിധി കുറയുന്ന സാഹചര്യവും ഉണ്ടായേക്കാം. ഈ സാഹചര്യം രാത്രി 8 മണി വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group