ചൊവ്വാഴ്‌ച, ജൂലൈ 21, 2026
Top StoriesWorld

പശ്ചിമേഷ്യൻ സംഘർഷം; എണ്ണവില കുത്തനെ ഉയർന്നു, വിപണികളിൽ പ്രതിസന്ധി

യു.എസ് – ഇറാൻ സൈനിക സംഘർഷം രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ശക്തമായ വർദ്ധനവ്. മധ്യപൂർവേഷ്യയിലെ സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗത തടസ്സങ്ങളുമാണ് എണ്ണവില കുത്തനെ ഉയരാൻ ഇടയാക്കിയത്.

ഒറ്റദിവസം കൊണ്ട് മൂന്ന് ശതമാനത്തിലധികം വർദ്ധനവാണ് അസംസ്കൃത എണ്ണവിലയിൽ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. ജൂൺ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില ബാരലിന് 84–85 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. മേഖലയിലെ സംഘർഷ സാധ്യതകൾ കടുത്തതോടെ കഴിഞ്ഞ ആഴ്ച മാത്രം ബ്രെന്റ് ക്രൂഡ് വിലയിൽ 16 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

എണ്ണവിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം ആഗോള വിപണികളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ധനവില വർദ്ധനവും ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു.

പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യം ഇടിയുകയും പണപ്പെരുപ്പ ഭീഷണി ശക്തമാകുകയും ചെയ്തതോടെ നിക്ഷേപകർ ആശങ്കയിലാണ്.

പേർഷ്യൻ ഉൾക്കടൽ വഴിയുള്ള എണ്ണക്കപ്പലുകളുടെ നീക്കം ഇനിയും തടസ്സപ്പെടുകയാണെങ്കിൽ വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില ബാരലിന് 95 മുതൽ 100 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

എണ്ണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം ആഗോള സമ്പദ്‌വ്യവസ്ഥയിലും പണപ്പെരുപ്പത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്