ചൊവ്വാഴ്‌ച, ഓഗസ്റ്റ്‌ 18, 2026
Saudi ArabiaTop Stories

സൗദിയിൽ അപകടസാധ്യതയുള്ള സ്ഥാപനങ്ങൾക്കും വെയർഹൗസുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സിവിൽ ഡിഫൻസ്

റിയാദ്: അപകടസാധ്യതയുള്ളതും ജനസാന്ദ്രതയേറിയതുമായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും അംഗീകൃത തേർഡ് പാർട്ടി കോഓപ്പറേറ്റീവ് ഇൻഷുറൻസ് നിർബന്ധമാക്കിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

രാജ്യത്ത് പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും അപകടസാധ്യതകൾ തടയുന്നതിന്റെയും ഭാഗമായി സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. ലൈസൻസിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള അനിവാര്യമായ നിബന്ധനയായിട്ടാണ് ഇൻഷുറൻസിനെ മാറ്റിയിരിക്കുന്നത്.

കെമിക്കൽ വെയർഹൗസുകൾ, ഉപയോഗിച്ച എണ്ണ സംഭരിക്കുന്ന കേന്ദ്രങ്ങൾ, അപകടകരമായ മെഡിക്കൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ, എല്ലാത്തരം തടികളുടെയും മൊത്തവ്യാപാര കേന്ദ്രങ്ങൾ, വിവിധതരം ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്ന പൊതു വെയർഹൗസുകൾ, കാർ ടയർ വെയർഹൗസുകൾ, പെയിന്റ് നിർമ്മാണ യൂണിറ്റുകൾ, വ്യാവസായിക ഡിറ്റർജന്റുകളുടെ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുള്ളത്.

സ്ഥാപനങ്ങൾ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അപകടങ്ങൾ സംഭവിച്ചാൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുക എന്നിവയാണ് ഈ പുതിയ നിയമത്തിലൂടെ സിവിൽ ഡിഫൻസ് ലക്ഷ്യമിടുന്നത്.

ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ ലൈസൻസിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള ലൈസൻസ് പുതുക്കുമ്പോഴും തേർഡ് പാർട്ടി കോഓപ്പറേറ്റീവ് ഇൻഷുറൻസ് കരസ്ഥമാക്കണമെന്നും, പ്രതിരോധ-സുരക്ഷാ-ഇൻഷുറൻസ് മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് സുരക്ഷിതമായ വ്യാവസായിക അന്തരീക്ഷം ഉറപ്പാക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്