ചൊവ്വാഴ്‌ച, ഒക്ടോബർ 6, 2026
GCCTop Stories

‎നബി(സ്വ)യെ മൂന്ന് തവണ സ്വപ്നത്തിൽ കാണുകയും കാൽനടയായി യാത്ര ചെയ്യാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തുവെന്നവകാശപ്പെട്ട് യുവാവ് മക്കയിലേക്ക്

‎സിറിയയിലെ ദെയർ അസ്-സോർ ഗ്രാമപ്രദേശത്ത് നിന്ന് മക്കയിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചതിനെ തുടർന്ന് സിറിയൻ യുവാവായ അബ്ദുല്ല ഹമൂദ് അൽ നായിഫിന്റെ കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കി.

‎നായിഫ് പറയുന്നതനുസരിച്ച്, മൂന്ന് തവണ ആവർത്തിച്ച് കണ്ട ഒരു സ്വപ്നദർശനത്തിന് ശേഷമാണ് ഈ യാത്ര ആരംഭിച്ചത്. ആ സ്വപ്നങ്ങളിൽ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ കണ്ടതായും, കാൽനടയായി മക്കയിലേക്ക് പോകാനും അവിടെവെച്ച് വിശുദ്ധ ഖുർആൻ 200 തവണ പൂർണ്ണമായി പാരായണം ചെയ്ത് പൂർത്തിയാക്കാനും നബി നിർദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

‎നായിഫ് ദേർ അസ്-സൗർ പ്രവിശ്യയിലെ ഗ്രാമപ്രദേശത്തുള്ള സഗീർ ജസീറ ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. സിറിയയിലെ നിരവധി പ്രവിശ്യകളിലൂടെ സഞ്ചരിച്ച് അദ്ദേഹം ദറാഅയിലും ജോർദാൻ അതിർത്തിയിലെ നസീബ് അതിർത്തി കവാടത്തിലും എത്തി.

എന്നാൽ, അതിർത്തി കടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാരണം കാൽനടയായി യാത്ര തുടരാൻ അദ്ദേഹത്തിന് അനുമതി ലഭിക്കാത്തതോടെ യാത്ര അവിടെ തടസ്സപ്പെട്ടു. മറ്റേതെങ്കിലും ഗതാഗത മാർഗം ഉപയോഗിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും, യാത്ര കാൽനടയായി തന്നെ പൂർത്തിയാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, നായിഫ് ഇപ്പോഴും ജോർദാൻ അതിർത്തിയിൽ തന്നെയാണ്. ജോർദാനിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്താകുമെന്നും തുടർന്ന് മക്ക അൽ മുകറമയിലേക്കുള്ള യാത്ര തുടരാൻ കഴിയുമോ എന്നുമുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.
‎
‎നായിഫിന്റെ യാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്