ചൊവ്വാഴ്‌ച, ഒക്ടോബർ 20, 2026
Saudi ArabiaTop Stories

‎സൗദി എണ്ണ കയറ്റുമതി യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ നിരക്കിലേക്ക്

‎റിയാദ്: 2026 ഫെബ്രുവരി അവസാനത്തിൽ ഇറാൻ–അമേരിക്ക യുദ്ധം ആരംഭിച്ചതിനുശേഷം, സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ഒക്ടോബറിൽ രണ്ടാമത്തെ ഉയർന്ന പ്രതിമാസ നിരക്കിലെത്തുമെന്ന് സൂചന. എണ്ണക്കപ്പൽ നീക്കങ്ങളും ചരക്കുകളും നിരീക്ഷിക്കുന്ന കമ്പനിയായ കെപ്ലറിന്റെ  കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒക്ടോബർ 1 മുതൽ 15 വരെയുള്ള കാലയളവിൽ സൗദിയുടെ ശരാശരി എണ്ണ കയറ്റുമതി പ്രതിദിനം 55.5 ലക്ഷം ബാരലായിരുന്നു. സെപ്റ്റംബറിൽ ഇത് 71.6 ലക്ഷം ബാരലായിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതി നിരക്കായിരുന്നു സെപ്റ്റംബറിലേത്.

‎2026 ഫെബ്രുവരിയിൽ പ്രതിദിന ശരാശരി കയറ്റുമതി 73.3 ലക്ഷം ബാരലിലെത്തിയിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

‎

‎കെപ്ലറിന്റെ കണക്കുകൾ പ്രകാരം, അറേബ്യൻ ഗൾഫിലെ റാസ് തനൂറ തുറമുഖം വഴി ഒക്ടോബറിലെ ആദ്യ പകുതിയിൽ പ്രതിദിനം ശരാശരി 29.8 ലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്തത്. സെപ്റ്റംബറിൽ ഇത് 41.6 ലക്ഷം ബാരലായിരുന്നു.

‎

‎അതേസമയം, ചെങ്കടലിലെ യൻബു തുറമുഖം വഴി പ്രതിദിനം ശരാശരി 23.4 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തു. സെപ്റ്റംബറിലെ ശരാശരി 25.4 ലക്ഷം ബാരലായിരുന്നു. മറ്റ് ചില കയറ്റുമതി തുറമുഖങ്ങൾ വഴി പ്രതിദിനം 2.29 ലക്ഷം ബാരൽ എണ്ണയും കയറ്റി അയച്ചു.

‎

‎എണ്ണ കയറ്റുമതി മാർഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സൗദി അരാംകോയ്ക്കുള്ള വഴക്കവും സാഹചര്യങ്ങൾക്കനുസരിച്ച് കയറ്റുമതി പാതകൾ മാറ്റാനുള്ള ശേഷിയും ഈ കണക്കുകൾ വ്യക്തമാക്കുന്നു. കിഴക്കൻ പ്രവിശ്യയെ യൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈസ്റ്റ്–വെസ്റ്റ് പൈപ്പ്‌ലൈൻ ഉപയോഗിച്ചാണ് അറേബ്യൻ ഗൾഫിൽനിന്നും ചെങ്കടൽ തീരത്തേക്കും എണ്ണ കയറ്റുമതി തിരിച്ചുവിടുന്നത്.

‎

‎ഏപ്രിൽ, മേയ് മാസങ്ങളിൽ റാസ് തനൂറ തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി പൂർണമായും നിലച്ചിരുന്നു. ഇതോടെ സൗദിയുടെ മുഴുവൻ എണ്ണ കയറ്റുമതിയും യൻബു തുറമുഖം വഴിയായിരുന്നു. ജൂണിൽ യൻബു വഴിയുള്ള കയറ്റുമതി പ്രതിദിനം 42.9 ലക്ഷം ബാരലെന്ന റെക്കോർഡ് നിരക്കിലെത്തി. അന്ന് സൗദിയുടെ ആകെ എണ്ണ കയറ്റുമതിയുടെ ഏകദേശം 93 ശതമാനവും യൻബു വഴിയായിരുന്നു. ഫെബ്രുവരിയിൽ ഈ തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം 8.15 ലക്ഷം ബാരൽ മാത്രമായിരുന്നു.

‎

‎കഴിഞ്ഞ സെപ്റ്റംബറിൽ ഇറാഖിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകൾ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ടതിനു പിന്നാലെ, റാസ് തനൂറ തുറമുഖം വഴിയുള്ള കയറ്റുമതി സൗദി അരാംകോ വീണ്ടും വർധിപ്പിച്ചു. ആ മാസം റാസ് തനൂറ വഴിയുള്ള എണ്ണ കയറ്റുമതി യൻബു വഴിയുള്ള കയറ്റുമതിയുടെ ഏകദേശം ഇരട്ടിയായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്