യു എ ഇ യിൽ കപ്പലിന് തീപിടിച്ചു; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ഷാർജ: യു എ ഇ യിൽ തീപിടിച്ച കപ്പലിൽ നിന്ന് പതിമൂന്ന് ഇന്ത്യക്കാരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഷാർജ ഖാലിദ് പോർട്ടിലാണ് ഇന്ന് (ബുധനാഴ്ച) രാവിലെ ചരക്ക് കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന ആറായിരം ഗാലൻ ഡീസലും, 120 കാറുകളും, 300 ടയറുകളും തീപിടിത്തത്തിൽ കത്തി നശിച്ചു.
രാവിലെ 6.44 നാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപ്പറേഷൻ റൂമിലേക്ക് തീപിടിച്ചത് അറിയിച്ചു കൊണ്ടുള്ള ഫോൺ കോൾ വന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് വക്താവ് മേജർ ഹാനി അൽ നഖ്‌ബി പറഞ്ഞു. ഉടനെ തന്നെ സമീപ പ്രദേശത്തെ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേന പ്രദേശത്ത് കുതിച്ചെത്തുകയും ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കപ്പലിൽ കുടുങ്ങിക്കിടന്നിരുന്ന 13 ഇന്ത്യക്കാരെയും സേന രക്ഷപ്പെടുത്തി.
അഗ്നിശമന സേനയുടെ നിയന്ത്രണത്തിലുള്ള തീ പിടിച്ച സ്ഥലം തണുപ്പിക്കുന്ന പ്രക്രിയ അവസാനിച്ചാൽ തീ പിടിത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാൻ പോലീസിലെ വിഗഗ്ധർക്ക് കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
