Tuesday, September 24, 2024
Saudi ArabiaTop Stories

ഇന്ന് സൂര്യൻ കഅബക്ക് മുകളിൽ; യാതൊരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാൻ സുവർണാവസരം

ലോക മുസ് ലിമീങ്ങൾ നമസ്കാരം നിർവ്വഹിക്കാ‍ൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.

സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലം വർഷത്തിൽ 2 പ്രാവശ്യമാണ് സൂര്യൻ കഅബയുടെ നേർ മുകളിൽ വരുന്നത്. സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടും വടക്കോട്ടും നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരദക്ഷിണായനം എന്നു പറയുന്നത്.

ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.

23½° ഉള്ള ഉത്തരായനത്തിലേക്കും തിരിച്ചും ഉള്ള സൂര്യന്റെ സഞ്ചാരത്തിനിടയിൽ കഅബയുടെ അക്ഷാംശ രേഖയായ 21.5°ന് മുകളിലൂടെ സൂര്യൻ രണ്ട് പ്രാവശ്യം കടന്നു പോകും അതിലെ ആദ്യത്തെ സഞ്ചാരമാണ് മെയ് 28ന് (28 .5 .2019 )ചൊവ്വ മക്ക സമയം ഉച്ചക്ക് 12:18 ന് (ഇന്ത്യൻ സമയം 2.48 pm.ന് (ഇൻറർനാഷണൽ ടൈം 9.18) നടക്കാൻ പോവുന്നത്. ഈ സമയത്ത് കഅബക്കും പരിസരത്തുള്ള ഒരു വസ്തുവിനും നിഴലുണ്ടാവുകയില്ല പഴയ കാലത്ത് മക്കക്കാർ ഈ സമയത്തെ കുറിച്ച് പറയാറുള്ളത് “നിഴലിനെ ചെരിപ്പാക്കി ധരിക്കുന്ന ദിനം ” എന്നാണ്.

പ്രസ്തുതസമയം മക്കയിൽ ളുഹ്ർ വാങ്ക് മുഴങ്ങുന്നു. ഈ സമയമാണ് (ഇന്ത്യൻ സമയം 2.48 pm.) നാം നിഴൽ നിരീക്ഷിക്കേണ്ടത്. ആ സമയത്ത് സൂര്യൻ കൃത്യമായും കഅബയുടെ നേരെ മുകളിലായിരിക്കും സ്ഥിതി ചെയ്യുന്നത്. നേരിട്ട് സൂര്യനെ നിരീക്ഷിക്കാൻ പ്രയാസമാകയാൽ ലെവലുള്ള ഒരു ചെറിയ കമ്പോ മറ്റോ എടുത്ത് നേരെ നാട്ടി നിർത്തുക. ഇന്ത്യൻ സമയം 2 .48 PMന് അതിന്റെ നിഴൽ ഏത് ഭാഗത്താണോ ഉള്ളത് അതിന്റെ നേരെ എതിർവശമായിരിക്കും നാം തിരിയേണ്ട ഖിബ്ലയുടെ ദിശ ഉണ്ടായിരിക്കുക.

സൂര്യൻ ഉത്തരായനരേഖയ്ക്ക്(ഭൂമധ്യരേഖയിൽനിന്ന് 23½° വടക്ക് മാറിയുള്ള അക്ഷാംശരേഖ) നേർമുകളിൽ വരുന്ന സൂര്യപഥം പിന്നീട് ഓരോ ദിവസവും കുറേശ്ശെ തെക്കോട്ടു നീങ്ങുന്നു. കഅബക്ക് മുകളിലൂടെയുള്ള രണ്ടാമത്തെ സഞ്ചാരം ഈ സമയത്താണ് ( ജൂലൈ 15ന് മക്ക സമയം 12 .27 ന് ഗ്രീനിച്ച് ടൈം 9 27 ന് ഇന്ത്യൻ സമയം 2.57 pm. ന് നടക്കാനിരിക്കുന്നത്).

സെപ്. 22-ന് (സമരാത്രദിനം/തുലാവിഷുവം) ഭൂമധ്യരേഖയ്ക്കു മുകളിൽ എത്തുന്ന സൂര്യൻ വീണ്ടും തെക്കോട്ടു നീങ്ങി ഡിസംബർ 22-ന് ദക്ഷിണായനരേഖയ്ക്കു മുകളിലെത്തുന്നു. അന്നാണ് ദക്ഷിണായനാന്തം (Winter Solstice).

ഉത്തരായണാന്തത്തിൽ ഭൂമിയുടെ ഉത്തരാർധഗോളത്തിൽ ഏറ്റവും ദീർഘമായ പകലും ഹ്രസ്വമായ രാത്രിയും എന്ന അവസ്ഥയിൽനിന്ന് ദക്ഷിണായനകാലത്ത് പകലിന്റെ നീളം ക്രമേണ കുറഞ്ഞും രാത്രി കൂടിയും വന്ന് വിഷുവദിനത്തിൽ സമരാത്രദിനം അനുഭവപ്പെടുന്നു. തുടർന്ന് പകൽ വീണ്ടും കുറഞ്ഞുവന്ന് ദക്ഷിണായനാന്തത്തിൽ ഏറ്റവും ഹ്രസ്വമായ പകലും ദീർഘമായ രാത്രിയും അനുഭവപ്പെടുന്നു. (ദക്ഷിണാർധഗോളത്തിലുള്ളവർക്ക് അനുഭവം തിരിച്ചായിരിക്കും.)
കടപ്പാട് : അഷ്‌റഫ് ബാഖവി ചെറൂപ്പ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്