സൂര്യൻ വീണ്ടും കഅബക്ക് മുകളിൽ; യാതൊരു ഉപകരണവുമില്ലാതെ കഅബയുടെ ദിശ മനസ്സിലാക്കാനുള്ള ഈ വർഷത്തെ അവസാന അവസരം
യാതൊരു ഉപകാരണവുമില്ലാതെ കഅബയുടെ ദിശ കണ്ട് പിടിക്കാനുള്ള ഈ വർഷത്തെ അവസാന അവസരം ഇന്ന് . ലോക മുസ്ലിങ്ങൾ നമസ്കാരം നിർവ്വഹിക്കാൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലുള്ള കഅബയാണ് മുസ്‍ലിംകളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്.
സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലംവർഷത്തിൽ 2 പ്രാവശ്യമാണ് സൂര്യൻ കഅബയുടെ നേർ മുകളിൽ വരുന്നത്. സൂര്യന്റെ ദിന ചലന പഥം ക്രമേണ തെക്കോട്ടും വടക്കോട്ടും നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരദക്ഷിണായനം എന്നു പറയുന്നത്. ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
23½° ഉള്ള ഉത്തരായനത്തിലേക്കും തിരിച്ചും ഉള്ള സൂര്യന്റെ സഞ്ചാരത്തിനിടയിൽ കഅബയുടെ അക്ഷാംശ രേഖയായ 21.5°ന് മുകളിലൂടെ സൂര്യൻ രണ്ട് പ്രാവശ്യം കടന്നു പോകും അതിലെ ഈ വർഷത്തിലെ രണ്ടാമത്തെ സഞ്ചാരമാണ് ജൂലൈ 16ന് ( 16.7 .2019 )ചൊവ്വ മക്ക സമയം ഉച്ചക്ക് 12 27 ന് (ഇന്ത്യൻ സമയം 2.57 pm.ന് (ഇൻറർനാഷണൽ ടൈം 9.27 AM) നടക്കാൻ പോവുന്നത്.
ഈ സമയത്ത് കഅബക്കും പരിസരത്തുള്ള ഒരു വസ്തുവിനും നിഴലുണ്ടാവുകയില്ല പഴയ കാലത്ത് മക്കക്കാർ ഈ സമയത്തെ കുറിച്ച് പറയാറുള്ളത് “നിഴലിനെ ചെരുപ്പാക്കി ധരിക്കുന്ന ദിനം ” എന്നാണ്. പ്രസ്തുതസമയം മക്കയിൽ ളുഹ്ർ വാങ്ക് മുഴങ്ങുന്നു ഈ സമയം (ഇന്ത്യൻ സമയം 2.57 pm.)മാണ് നാം നിഴൽ നിരീക്ഷിക്കേണ്ടത്.
ആ സമയത്ത് സൂര്യൻ കൃത്യമായും കഅബയുടെ നേരെ മുകളിലായിരിക്കും സ്ഥിതി ചെയ്യുന്നത്
നേരിട്ട് സൂര്യനെ നിരീക്ഷിക്കാൻ പ്രയാസമാകയാൽ നേരെയുള്ള ഒരു ചെറിയ കമ്പോ മറ്റോ എടുത്ത് നേരെ കുത്തനെ നാട്ടി നിർത്തി നിഴൽ നോക്കി ഖിബ്‌ല മനസ്സിലാക്കാം. ഇന്ത്യൻ സമയം 2 .57 PMന് നാട്ടി നിർത്തിയ കമ്പിന്റെ നിഴൽ ഏത് ഭാഗത്താണോ ഉള്ളത് അതിന്റെ നേരെ എതിർവശമായിരിക്കും നാം തിരിയേണ്ട ഖിബ്‌ലയുടെ ദിശ . (കടപ്പാട്: അഷ്‌റഫ് ബാഖവി ചെറൂപ്പ )
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa