തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCTop Stories

പ്രവാസികൾ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിനു നികുതിയില്ലെന്ന് മന്ത്രി; ആശങ്കയൊഴിയാതെ പ്രവാസ ലോകം

വെബ്ഡെസ്ക്: പ്രവാസികൾ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിനു വിദേശത്ത് ടാക്സ് നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടി വരുമെന്ന വാർത്തകൾക്കിടയിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ.

ടാക്സ് ഇല്ലാത്ത വിദേശ രാജ്യങ്ങളിൽ സത്യ സന്ധമായ രീതിയിൽ അധ്വാനിക്കുന്ന പ്രവാസികളെ ഉദ്ദേശിച്ചല്ല നികുതി നിർദ്ദേശമെന്നും എൻ ആർ ഐ സ്റ്റാറ്റസ് ഉപയോഗിച്ച് ടാക്സിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്നവർക്കാണു നികുതിയെന്നുമാണു മന്ത്രി അറിയിച്ചത്.

വിദേശത്ത് നികുതിയില്ലെങ്കിൽ ഇന്ത്യയിലും ആ വരുമാനത്തിനു നികുതി അടക്കേണ്ടതില്ല. അതേ സമയം പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതിനു നികുതി അടക്കണമെന്നുമാണു മന്ത്രിയുടെ വിശദീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം മന്ത്രിയുടെ വിശദീകരണം വന്നിട്ടും ഗൾഫിലെ പ്രവാസികളുടെ ആശങ്കകൾക്ക് വിരാമമായിട്ടില്ലെന്നതാണു സോഷ്യൽ മീഡിയകളിൽ നിന്നും മറ്റും മനസ്സിലാകുന്നത്. ഇത് ഏതെല്ലാം രീതിയിലായിരിക്കും ഭാവിയിൽ തങ്ങളെ ബാധിക്കുക എന്ന ആശങ്ക പലരും പങ്ക് വെക്കുന്നുണ്ട്.

കാരണം ബജറ്റിലെ ഒരു നിർദ്ദേശ പ്രകാരം 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ കഴിയുന്നവർക്ക് എൻ ആർ ഐ സ്റ്റാറ്റസ് ലഭിക്കില്ലെന്നാണു മനസ്സിലാകുന്നത്. നേരത്തെ ഒരു പ്രവാസിക്ക് 182 ദിവസം വരെ ഇന്ത്യയിൽ കഴിയാമായിരുന്നു.

ബജറ്റ് നിർദ്ദേശം നടപ്പിലാകുകയാണെങ്കിൽ ഗൾഫിൽ നിന്നും 6 മാസത്തെ അവധിക്ക് വരുന്ന സാധാരണ പ്രവാസികളെ ഇത് ഏത് രീതിയിലായിരിക്കും ബാധിക്കുക എന്നതാണു ഒരു ആശങ്ക. 4 മാസം കഴിഞ്ഞാൽ എൻ ആർ ഐ സ്റ്റാറ്റസ് കാൻസൽ ആകുകയാണെങ്കിൽ അത് 6 മാസ ലീവിനു വരുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.

നേരത്തെ 182 ദിവസം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ അത് 240 ദിവസമാക്കി ഉയർത്തിയതും നിരവധി പ്രവാസികൾക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കാരണം 8 മാസത്തിനുള്ളിൽ സ്വദേശത്തേക്ക് അവധിക്ക് വരുന്നതോടെ അയാൾ നികുതി നൽകേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ കൂടുതൽ കാലം വിദേശങ്ങളിൽ തങ്ങേണ്ട സാഹചര്യമില്ലാത്ത ജോലി ചെയ്യുന്നവർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നത് തീർച്ചയാണ്. ഏതായാലും വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ ടാക്സ് ഈടാക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്