കാർപാർക്കിങ്ങിൽ ഐ സി യു, സ്‌കൂളുകൾ ഐസൊലേഷൻ വാർഡുകൾ; കോവിഡ് പ്രതിരോധത്തിന്റെ ഗൾഫ് മോഡൽ.
വെബ്‌ഡെസ്‌ക്: കോവിഡ് പ്രതിരോധത്തിൽ പുതിയ പുതിയ മുറകൾ പരീക്ഷിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. പരിമിതമായ സൗകര്യങ്ങളെ പുതിയ വഴികളിലൂടെ തിരിച്ചുവിട്ട് രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും സ്തുത്യർഹമായ ചികിത്സ നൽകുന്നതിൽ മത്സരിക്കുകയാണവർ.
ബഹറൈനിൽ ഒരു കാർ പാർക്കിംഗ് ഏരിയ മുഴുവൻ ഐ സി യു ആക്കി പരിവർത്തിപ്പിച്ചാണ് ചികിത്സ നൽകുന്നതിനുള്ള സൗകര്യമൊരുക്കിയത്.
കൊറോണ വൈറസ് ബാധിച്ച രോഗികൾക്കായി 130 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗമായി തലസ്ഥാനമായ മനാമയ്ക്ക് സമീപമുള്ള ഒരു കാർ പാർക്കിങ്ങിനെ ബഹ്‌റൈൻ മാറ്റുകയായിരുന്നു.
കോവിഡ് -19 ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് കവർ ചെയ്ത കാർ പാർക്കിലെ പുതിയ ഐസിയു സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
1.5 ദശലക്ഷം ജനസംഖ്യയുള്ള ചെറിയ ഗൾഫ് രാജ്യത്ത് 1,500 ൽ അധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ ഏഴ് പേർ മരിക്കുകയും 645 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ മുൻകരുതൽ നടപടി ആയാണ് പുതിയ ഐസിയു എന്ന് റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ ചൊവ്വാഴ്ച ഉദ്ഘാടന വേളയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദുബായിൽ 3000 കൊറോണ ബാധിതരെ കിടത്തി ചികിത്സിക്കാവുന്നത്ര ബൃഹത്തായ പദ്ധതിയുമായാണ് അധികൃതർ മുന്നോട്ട് വന്നിരിക്കുന്നത്.
കോവിഡ് -19 ബാധിച്ച ആളുകൾക്ക് ചികിത്സ നൽകാനുള്ള രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 3,000 കൊറോണ വൈറസ് രോഗികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഫീൽഡ് ഹോസ്പിറ്റലായി അധികൃതർ ദുബായ് വേൾഡ് ട്രേഡ് സെന്റർ മാറ്റി.
നിലവിൽ ദുബായ് ആശുപത്രികളിൽ 4,000 മുതൽ 5,000 വരെ കിടക്കകൾ ലഭ്യമാണെങ്കിലും 10,000 ത്തിലധികം കിടക്കകളായി അവയുടെ ശേഷി വർദ്ധിപ്പിക്കാൻ അധികൃതർ തയ്യാറെടുക്കുകയാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി കഴിഞ്ഞ ആഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അയ്യായിരത്തോളം കൊറോണ കേസുകളാണ് ദുബായിൽ റിപ്പോർട്ട് ചെയ്തത്. മുപ്പതിനടുത്ത് മരണങ്ങളും.
യുഎഇയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പരിശോധനയുടെ ഭാഗമായി രാജ്യത്തുടനീളം മൊബൈൽ ടെസ്റ്റിംഗ് സെന്ററുകളും ആരംഭിച്ചു. രാജ്യം അടുത്തിടെ തുറന്ന ഡ്രൈവ്-ത്രൂ ടെസ്റ്റ് സെന്ററുകളിൽ 32,000 ടെസ്റ്റുകൾ നടന്നു, കൂടാതെ ഒരു വലിയ ടെസ്റ്റിംഗ് ലബോറട്ടറിയും സ്ഥാപിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ 3450 ഓളം സ്കൂളുകളും കെട്ടിടങ്ങളും വാടകക്കെടുത്ത് വിദേശികൾക്ക് താമസമൊരുക്കി കോവിഡ് പ്രതിരോധ മേഖല വിപുലീകരിച്ചിരിക്കുന്നു.
ലേബർ ക്യാമ്പിൽ കൂട്ടമായി ഒരു സുരക്ഷയുമില്ലാതെ ജീവിക്കുന്ന ലക്ഷക്കണക്കിനു സാധാരണ തൊഴിലാളികൾക്ക് സുരക്ഷയൊരുക്കിയത് വഴി സമൂഹ വ്യാപനത്തിനുള്ള വലിയൊരു സാധ്യതയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇല്ലാതാക്കിയത്.
ഒമാനിൽ പുതിയ 8 കൊറോണ ടെസ്റ്റിംഗ് സെന്ററുകൾ പൂർത്തിയാക്കിയിരിക്കുന്നു. മസ്കറ്റിലെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരെ റിപ്പോർട്ട് ചെയ്ത മത്രയിൽ അഞ്ച് സെന്ററുകളാണ് തുറന്നിരിക്കുന്നത്.
തികച്ചും സൗജന്യമാണ് ഈ ടെസ്റ്റുകൾ. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തവർക്ക് പോലും ചികിത്സകൾ നിഷേധിക്കുന്നില്ല.
കുവൈറ്റിൽ ജലീബിലും മെഹ്ബൂലയിലും ലോക് ഡൗൺ പ്രാബല്യത്തിൽ കൊണ്ടു വരികയും വിദേശികൾക്കടക്കം മുഴുവൻ പേർക്കും ടെസ്റ്റുകൾ ചികിത്സയും സൗജന്യമാക്കി. വീട്ടിലിരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് കുവൈറ്റ് പോലീസ് ഗ്യാസ് കുറ്റികൾ വീടുകളിൽ എത്തിക്കുന്ന വീഡിയോ കുവൈറ്റിൽ വൈറലായിരുന്നു.
ഖത്തർ പുറത്തിറക്കിയ കോവിഡിനെതിരെയുള്ള ആപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ഇഹ്തിറാസ്’ എന്നാണ് ഈ ആപ്പിന്റെ പേര്. ഇൻസ്റ്റാൾ ചെയ്യുന്നവരുടേയും അവരുടെ കോണ്ടാക്ടുകളുടേയും ഇടയിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഖത്തറിൽ 3000 പേർക്ക് കോറന്റൈനിൽ കിടക്കാനുള്ള സൗകര്യങ്ങളോടെ ആസ്പത്രി തുറന്നതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa