മൺ തരികളിൽ സ്വർണ്ണം ഒളിഞ്ഞിരിക്കുന്ന സൗദിയിലെ അൽ ഖുർമയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ?
By: ഫൈസൽ മാലിക് വി.എൻ, എ.ആർ നഗർ
റിയാദ് പ്രവിശ്യയുടെയും മക്ക പ്രവിശ്യയുടെയും ഇടക്ക് തായിഫിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് അൽ ഖുർമ. തായിഫിൽ നിന്ന് 230 കിലോമീറ്ററും മക്കയിൽനിന്ന് 380 കിലോമീറ്ററും ദൂരെയാണ് ഈ പുരാതനനഗരം. പൗരാണിക കാലത്ത് അൽ ഖുർമ ഹിജാസിന്റെയും(മക്ക) നജ്ദിന്റെയും(റിയാദ്) ഇടനാഴി എന്ന നിലക്ക് വളരെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു. ആധുനിക ഗതാഗത സംവിധാനങ്ങളും വ്യാപാര രീതികളും ഉടലെടുക്കുന്നതിനു മുമ്പ് കച്ചവട സംഘങ്ങളുടെയും സഞ്ചാരികളുടെയും വിശ്രമകേന്ദ്രവും അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിനും ഈ പ്രദേശത്തെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. മക്ക പ്രവിശ്യയിലെ വിവിധ നഗരങ്ങളെ വേർതിരിച്ച് പന്ത്രണ്ട് ഉപഭരണ വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് അൽ ഖുർമ. ജിദ്ദ മക്ക റാബിഗ് ഖുൻഫുദ തായിഫ് അൽ ജുമൂം അൽ കാമിൽ ഖുലെെസ് അല്ലൈത്ത് റാനിയ തുർബ എന്നിവയാണ് മറ്റു നഗരങ്ങൾ.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് സമ്പന്നമാണ് ഈ മരുഭൂമി. വലിയ മണൽ കുന്നുകളും പാറക്കെട്ടുകളും ശുദ്ധജല സമൃദ്ധവുമാണ് ഇവിടം. വിശ്രമകേന്ദ്രത്തോടൊപ്പം ശുദ്ധജലവും ഈന്തപ്പഴവും ശേഖരിക്കാനും പണ്ടുകാലത്ത് യാത്രാസംഘങ്ങൾ ഖുർമയെ ആശ്രയിച്ചിരുന്നു. ഖുർമയുടെ താഴ് വാരത്ത് കൂടി ഒഴുകുന്ന നദി ഹിജാസ് മുതൽ നജ്ദ് വരെ നീണ്ടുകിടക്കുന്നു എന്നാണ് പറയപ്പെടുന്നത്. നദിയുടെ ഇരുകരയും സമൃദ്ധമായ ഈന്തപ്പന തോട്ടങ്ങളെ കൊണ്ടും പച്ചക്കറി കൃഷി കൊണ്ടും പച്ചവിരിച്ചു നിൽക്കുകയാണ്. അൽ ഖുർമ ഗവർണറേറ്റിലെത്തുന്ന സന്ദർശകർ വിദൂരത്തുനിന്ന് നിരീക്ഷിച്ചാൽ ഒരു പച്ച അരപ്പട്ട കെട്ടിയ പോലെയാണ് തോന്നുക. പണ്ടുകാലത്ത് ഖുർമയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം ഇതായിരുന്നത്രേ.
സൗദി അറേബ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായ സ്വർണ്ണഖനികളിൽ ഏറ്റവും വലുത് സ്ഥിതിചെയ്യുന്നത് അൽ ഖുർമ ഗവർണറേറ്റിനു കീഴിലാണ്. ഖുർമയിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് സ്വർണ്ണനഗരിയിലേക്ക് (മദീനത്തുദഹബ്) സ്വാഗതം എന്ന് ആലേഖനം ചെയ്ത വലിയ സൈൻബോർഡുകളാണ്. ഇവിടുത്തെ മണ്ണ് തന്നെ സ്വർണ്ണം കലർന്നതാണെന്ന് പറയപ്പെടുന്നു. വിലപിടിപ്പുള്ള ആധുനിക മെറ്റൽ ഡിറ്റക്റ്റീവ് ഉപയോഗിച്ച് മണ്ണിനടിയിൽ കിടക്കുന്ന അസംസ്കൃത സ്വർണ്ണം കണ്ടെത്തുകയും അത് ശേഖരിച്ച് വിൽക്കുകയും ചെയ്യുന്ന ഒട്ടേറെ സ്വദേശികൾ ഇവിടെയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു. സ്വർണ്ണഖനനം വ്യാപകമായതോടെ അത് നിരോധിക്കുകയും കർശന കാവൽ ഏർപ്പെടുത്തിയിരിക്കുകയുമാണ് ഇപ്പോൾ.
പണ്ടുകാലത്തെ വീടുകൾക്ക് ജനലുകളും വാതിലുകളുമല്ലാത്ത പ്രത്യേകതരം രൂപത്തിൽ വായുവും വെളിച്ചവും കടക്കാനുള്ള കവാടങ്ങൾ ഉണ്ടായിരുന്നത്രേ. അതിനെ ഖരീമ എന്നാണ് പറഞ്ഞിരുന്നത്. അതിൽ നിന്നാണ് ഖുർമ എന്ന വാക്ക് ഉണ്ടായത് എന്ന് ചില അഭിപ്രായങ്ങളുണ്ട്. (മലബാറിലെ ചില പ്രദേശങ്ങളിൽ മത്താരണ എന്ന പേരിൽ ഇതുപോലെ പ്രത്യേകതരം ജനലുകൾ ഉണ്ടായിരുന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്).
പുരാതനമായ ഒട്ടേറെ കിണറുകൾ കൊണ്ടും അറബികൾക്കിടയിൽ പ്രസിദ്ധമാണ് അൽ ഖുർമ. ഓരോ കിണറുകളും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. അതൊക്കെയായിരിക്കാം അക്കാലത്തെ സഞ്ചാരപഥങ്ങളിലെ വഴിയടയാളങ്ങൾ എന്ന് അനുമാനിക്കുന്നു. വൃത്തത്തിലും ചതുരത്തിലുമുള്ള കല്ലുകൾ കൊണ്ടുള്ള നിർമ്മിതികൾ ധാരാളമായി ഇവിടെ കാണാം. കൊട്ടാര സദൃശ്യമായ ചില നിർമ്മിതികളും പള്ളികളും ഇപ്പോഴും ഇവിടെ സംരക്ഷിച്ചുപോരുന്നു.
350 വർഷം മുമ്പ് നിർമ്മിച്ചതെന്ന് കണ്ടെത്തിയ അൽ-മഷാർ കോട്ട ആളുകളുടെ ശ്രദ്ധയാകർഷിച്ചു വരുന്നു. ഖുർമയിൽ നിന്ന് 45 കിലോമീറ്റർ ദൂരെയാണ് ചെളിമണ്ണ് കൊണ്ട് നിർമ്മിച്ച ഈ ഗോപുരം സ്ഥിതിചെയ്യുന്നത്. അതിപ്രശസ്തമാണ് അൽ ഖുർമയിലെ ആട് സൂക്ക് (ആട് ചന്ത). ഒരു നൂറ്റാണ്ടിലധികമായി ഇത് ഇവിടെ പ്രവർത്തിച്ച് വരുന്നു. സൗദിയിലെ പ്രധാനപ്പെട്ട ആട് സൂക്കുകളിൽ ഒന്നാണിത്. രാജ്യത്തിന്റെ എല്ലാ പ്രദേശത്തുനിന്നും ആടുകളെ വിൽക്കാനും വാങ്ങാനും സ്വദേശികൾ ഇവിടെ എത്തുന്നുണ്ട്. വ്യാഴാഴ്ചകളിലാണ് ചന്ത പ്രവർത്തിക്കുന്നത്. സൗദിയിലെ വൻകിട ഹോട്ടൽ ബിസിനസുകാർ ആടുകളെ വാങ്ങാൻ പ്രധാനമായും ആശ്രയിക്കുന്നതും ഈ സൂക്കിനെയാണ്.
2350 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രം ഖുർമയിലെ മറ്റൊരു പ്രത്യേകതയാണ്. ഖുർമക്ക് ചുറ്റും എൺപതോളം ചെറുഗ്രാമങ്ങളുണ്ട്. അവരുടെ പ്രധാന വാണിജ്യ കേന്ദ്രവും അൽ ഖുർമയാണ്.
ചരിത്രവും പാരമ്പര്യവും വേണ്ടുവോളമുള്ള മണ്ണാണ് അൽ ഖുർമ. ആധുനിക സൗദി അറേബ്യയുടെ ശിൽപിയായ രാഷ്ട്രപിതാവ് അബ്ദുൽ അസീസ് ആൽ സൗദ് രാജാവിന്റെ കാലത്ത് ഈ നാട് വളരെ പ്രശസ്തമായിരുന്നു. ഖുർമയിൽ നിന്ന് വലിയൊരു സംഘം അബ്ദുൽ അസീസ് രാജാവിന് വേണ്ടി 1918ൽ യുദ്ധം ചെയ്യാൻ പോയിരുന്നു. മേഖലയിലെ തന്ത്രപ്രധാന ഭാഗം എന്ന നിലക്ക് ഹിജാസ് ഭരിച്ചിരുന്ന ശരീഫ് രാജാവിന്റെ പട്ടാളക്കാർ അൽ ഖുർമയെ പലപ്രാവശ്യം ആക്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തു നിൽപിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടന്നത് 1917ലാണ്. തങ്ങളുടെ പിതാക്കൾ പറഞ്ഞുതന്ന നൂറുവർഷം മുമ്പത്തെ ധീരതയുടെ കഥകൾ പ്രായമേറെയായിട്ടും ആവേശത്തോടെ മനസ്സിൽ താലോലിക്കുന്നവർ ഇപ്പോഴും ഇവിടെയുണ്ട്.
പുരാതന കാലം മുതല്‍ക്കേ അറേബ്യയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാളുകൾക്ക് വലിയ പ്രസിദ്ധിയായിരുന്നു. ഇന്ത്യൻ വാളിന് പൗരാണിക അറബികള്‍ ഏറെ മൂല്യം കൽപ്പിച്ചിരുന്നു. ഈ വാളുപയോഗിച്ച് യുദ്ധം ചെയ്തിരുന്നവർ ഖുർമയിലും ഉണ്ടായിരുന്നത്രെ. ഇക്കാരണത്താൽ സുബെെഇ ഗോത്രത്തിൽ പെട്ട അവർ തലമുറകളായി അറിയപ്പെടുന്നത് ഹിന്ദി എന്ന കുടുംബനാമത്തിലാണ്. നിരവധി സഞ്ചാരികളും ചരിത്രകാരന്മാരും അവരുടെ പുസ്തകങ്ങളിൽ അൽ ഖുർമയെ പരാമർശിച്ചിട്ടുണ്ട്
അൽ ഖുർമയിലെ കാലാവസ്ഥ ചൂടുകാലത്ത് ഉയർന്ന താപനില നാൽപത് ഡിഗ്രിക്കു മുകളിലെത്തും. ശൈത്യകാലത്ത് അഞ്ച് ഡിഗ്രി മുതൽ പത്ത് ഡിഗ്രി വരെയാകും. മഴയും കുറവല്ല ചില വർഷങ്ങളിൽ ഒൻപത് സെന്റീമീറ്റർ വരെ മഴ ലഭിക്കും. കടുത്ത ചൂടുകാലത്ത് പോലും രാത്രികാലങ്ങളിൽ തണുത്തകാറ്റ് അനുഭവപ്പെടുന്നു. നജ്ദിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞ ചൂടാണ് രേഖപ്പെടുത്താറുള്ളത്.
ഏറെ വികസനസാധ്യതയുള്ള സ്ഥലം കൂടിയാണ് അൽ ഖുർമ. ഇവിടെ വിവിധ മേഖലകളിലെ അതിവേഗ വികസനത്തിന് ഗവണ്മെന്റ് വലിയ പിന്തുണയാണ് നൽകിവരുന്നത്. എയർപോർട്ട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി വൻകിട പദ്ധതികൾക്ക് അനുമതി ആയിട്ടുണ്ട്.മഹത്തായ ഭൂതകാലത്തിന്റെ അടിത്തറയിൽ വിരാജിക്കുന്ന അൽ ഖുർമ സമ്പന്നമായ ഭാവിയിലേക്കുള്ള പ്രയാണത്തിലാണ് എന്ന് തീർത്തുപറയാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa