Saturday, November 23, 2024
Saudi ArabiaTop Stories

പ്രതിഭാധനര്‍ക്ക് സ്വാഗതമോതി സൗദി

✍🏻 പി എം മായിൻ കുട്ടി. മലയാളം ന്യൂസ്.ജിദ്ദ.

സൗദി അറേബ്യ അടിമുടി മാറുകയാണ്. ആധുനിക ലോകത്തിനനുസരിച്ച് രാജ്യത്തെ പരിവര്‍ത്തിപ്പിക്കുകയും പൗര•ാരെ എന്തിനും പ്രാപ്തരാക്കാന്‍ ഉതകും വിധം മാറ്റത്തിനു വിധേയരാക്കുന്നതിനും അതു വഴി ലോകത്തെ മികവുറ്റ രാജ്യമാക്കി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി രാജ്യം കഴിഞ്ഞ കുറെ വര്‍ഷമായി പരിവര്‍ത്തന പാതയിലാണ്. അതിപ്പോള്‍ മുന്‍പെന്നത്തെക്കാളും ശക്തമാണ്.

എന്തിനും ഏതിനും വിദേശികളെ ആശ്രയിക്കുന്ന പ്രവണത രാജ്യത്തുനിന്ന് മെല്ലെ നീങ്ങുകയാണ്. ഏതു ജോലിക്കും പ്രാപ്തരായ യുവജനതയാണ് ഇന്ന് സൗദിയില്‍ വളര്‍ന്നു വരുന്നത്. തൊഴിലിന്റെ കാര്യത്തില്‍ പഴയ കാഴ്ചപ്പാടുകള്‍ നീങ്ങി ഏതു ജോലിക്കും സന്നദ്ധമായ യുവനിരയാണുള്ളത്. അതിനനുസൃതമായ മാറ്റങ്ങളാണ് രാജ്യത്തു വന്നുകൊണ്ടിരിക്കുന്നതും.

പാരമ്പര്യത്തിനും വിശ്വാസങ്ങള്‍ക്കും പോറലേല്‍പിക്കാതെ രാജ്യത്തിന്റെ പുരോഗതിക്കും രാജ്യ ന•ക്കും ഉതകുന്ന ഏതു സമീപനവും സ്വീകരിക്കുന്ന നിലപാടാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് രാജ്യത്തെ ജനങ്ങളില്‍നിന്ന് വന്‍ പിന്തുണ ലഭിക്കുന്നതോടൊപ്പം ലോകം മാറ്റങ്ങളെ അദ്ഭുതത്തോടെ നോക്കിക്കാണുകയുമാണ്.

2030 ആകുന്നതോടെ സൗദിക്ക് വികസിത രാജ്യങ്ങളുടെ മുന്‍ഗണനാ പട്ടികയിലായിരിക്കും ഇടം. വിഷന്‍ 2030 ലക്ഷ്യമിടുന്നതും അതാണ്. എണ്ണ വരുമാനത്തെ ആശ്രയിക്കാതെ സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനം ലക്ഷ്യമിട്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിഷന്‍ 2030 ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. 2016 ല്‍ ആരംഭം കുറിച്ച വിഷന്‍ 2030 അഞ്ചു വര്‍ഷം പിന്നിടുമ്പോഴേക്കും തന്നെ അസൂയാവഹമായ മാറ്റങ്ങളാണ് സൗദിയില്‍ ദൃശ്യമാകുന്നത്.

ഇതിനിടെ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടായെങ്കിലും വിഷന്‍ 2030 പദ്ധതി നിര്‍വഹണങ്ങളെയും പരിപാടികളെയും അതു കാര്യമായി ബാധിച്ചില്ലെന്നു വേണം പറയാന്‍. രാജ്യത്ത് വികസനവും മാറ്റങ്ങളും കൊണ്ടുവരാന്‍ സഹായകമായ നടപടികള്‍ ഏതൊക്കെയാണോ അതെല്ലാം സ്വീകരിക്കുകയെന്ന നയം സ്വീകരിച്ചു മുന്നോട്ടു പോയതാണ് പദ്ധതി വിജയ ലക്ഷ്യത്തിലേക്കു കുതിക്കാന്‍ കാരണം.

വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അത്യപൂര്‍വ കഴിവുകളുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാനുള്ള രാജാവിന്റെ തീരുമാനവും ഈ ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടിയാണ്. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ സൗദി അറേബ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു. എന്നാല്‍ രാജ്യത്തിനും രാജ്യത്തെ പൗര•ാര്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ളവര്‍ക്ക് പൗരത്വം നല്‍കിയും പ്രത്യേക പദവികള്‍ അനുവദിച്ചുമുള്ള തീരുമാനം സര്‍വ മേഖലകളിലും രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ്. രാജ്യത്തിന് സംഭാവന നല്‍കാന്‍ കഴിവുള്ളവര്‍ ആരായാലും അവരെ സ്വീകരിക്കാന്‍ തയാറാണെന്നു കൂടിയാണ് പുതിയ പൗരത്വ നിലപാട് വ്യക്തമാക്കുന്നത്.

വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായും മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം അനുവദിക്കാന്‍ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതാണിപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നത്. അതുപ്രകാരം പൗരത്വം ലഭിച്ചവരുടെ സംഭാവനകള്‍ വിലയിരുത്തിയാല്‍ വിജ്ഞാനത്തിനും വിനോദത്തിനും രാജ്യം എന്തുമാത്രം പ്രാധാന്യം കല്‍പിക്കുന്നുവെന്നു മനസിലാക്കാനാവും.

വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്ന പുടവയായ കിസ്‌വയില്‍ കാലിഗ്രഫി ജോലികള്‍ ചെയ്യുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലെ മുഖ്യ കാലിഗ്രഫര്‍ മുഖ്താര്‍ ആലം, സാംസ്‌കാരിക, ബൗദ്ധിക മേഖലകളില്‍ വിശിഷ്ട സംഭാവനകള്‍ നല്‍കിയ ചരിത്രകാരന്‍ ഡോ. അമീന്‍ സീദു, ഗവേഷകന്‍ ഡോ. മുഹമ്മദ് അല്‍ബഖാഇ, ചരിത്രകാരന്‍ ഡോ. അബ്ദുല്‍കരീം അല്‍സമക്, പ്രശസ്ത നാടക സംവിധായകന്‍ സംആന്‍ അല്‍ആനി, പ്രമുഖ ശിയാ ചിന്തകനും പണ്ഡിതനുമായ മുഹമ്മദ് അല്‍ഹുസൈനി തുടങ്ങി മത, ചരിത്ര, മെഡിക്കല്‍, വിദ്യാഭ്യാസ, നിക്ഷേപ, ഡിജിറ്റല്‍ ടെക്‌നോളജി, സ്‌പോര്‍ട്‌സ് മേഖലകളിലെ പ്രതിഭകള്‍ പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടും. ലോകത്തു തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഇവരെ സ്വന്തമാക്കുന്നതിലൂടെ സൗദിക്ക് അതു മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രഗല്‍ഭരെ മാത്രമല്ല, രാജ്യത്തു വികസനം കൊണ്ടുവരാന്‍ പ്രാപ്തരായ നിക്ഷേപകരെയും ആകര്‍ഷിക്കുകയെന്നതും സൗദിയുടെ പുതിയ നയമാണ്. പ്രീമിയം ഇഖാമകള്‍ അനുവദിക്കാന്‍ തുടങ്ങിയതു വഴി ഈ ലക്ഷ്യവും നേടുകയാണ്. വികസനത്തോടൊപ്പം രാജ്യത്തിന് വരുമാന വര്‍ധന കൂടി ഉണ്ടാക്കുന്നതാണ് ഈ നടപടി. നിയമാനുസൃതം ബിസിനസ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന, ഗ്രീന്‍ കാര്‍ഡിനു പുറമെയാണ് സ്ഥിരം ഇഖാമയെന്ന നിലയില്‍ പ്രീമിയം റെസിഡന്‍സി അനുവദിക്കാന്‍ തുടങ്ങിയിട്ടുള്ളത്. എട്ടു ലക്ഷം റിയാല്‍ അടച്ച് ആജീവാനന്ത കാലത്തേക്കും വര്‍ഷാവര്‍ഷം ഒരു ലക്ഷം റിയാല്‍ വീതം അടച്ചും പ്രീമിയം ഇഖാമ സ്വന്തമാക്കാം. രാജ്യത്തെ പൗര•ാര്‍ക്ക് അനുവദനീയമായതിനു സമാനമായ ആനുകൂല്യങ്ങള്‍ ഇത്തരം ഇഖാമയുള്ളവര്‍ക്കു ലഭ്യമാണെന്നതാണ് ഇതിന്റെ ആകര്‍ഷണീയത. ഇഖാമ ഉടമകള്‍ക്കും ആശ്രിതര്‍ക്കും ലെവി ബാധകമല്ല, കുടുംബ സമേതം താമസിക്കാന്‍ അനുമതി, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം ജോലിയില്‍ പ്രവേശിക്കുന്നതിനും ബിസിനസ് നടത്തുന്നതിനും അനുമതി, മക്ക, മദീന, അതിര്‍ത്തി പ്രദേശങ്ങളൊഴികെ മറ്റിടങ്ങളില്‍ ഭൂമിയും പാര്‍പ്പിടങ്ങളും വാങ്ങാന്‍ അവകാശം, സ്വന്തം പേരില്‍ വാഹനം വാങ്ങാന്‍ അനുമതി, ബന്ധുക്കള്‍ക്ക് വിസിറ്റിംഗ് വിസ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമയുള്ളവര്‍ക്കു ലഭ്യമാണ്.

സാമ്പത്തിക ശേഷിയുള്ളവരെയും ബിസിനസ് രംഗത്തു ശോഭിക്കുന്നവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണിത്. ഇങ്ങനെ രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രാപ്തരായവരെ സ്വന്തമാക്കുന്നതിലൂടെ വരും നാളുകള്‍ സൗദി വന്‍ മാറ്റങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക. ഇത് രാജ്യത്തന്റെ സുസ്ഥിരതക്കും വികസനത്തിനും കരുത്തേകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്