Thursday, November 14, 2024
Saudi Arabia

അറബ് പണ്ഡിതന്മാർ ആധുനിക ശാസ്ത്ര വളർച്ചയെ വളരെയധികം സ്വാധീനിച്ചു: ഡോ അൻവർ സാദത്ത്

ജിദ്ദ: വിവിധ ശാസ്ത്ര – വിജ്ഞാന മേഖലകളിൽ അറബികളുടെ സംഭാവനകൾ മഹത്തരമാണ് എന്നും അവയിൽ പലതും പല കാരണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി എന്നും ഐ എസ് എം ജനറൽ സെക്രട്ടറി ഡോ അൻവർ സാദത്ത് പറഞ്ഞു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ നാല്പതാം വാർഷികത്തിന്റെ ഭാഗമായി, ‘അറബികളും വിജ്ഞാനവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യ കാലഘട്ട ചരിത്രം പരിശോധിക്കുമ്പോൾ ഗണിത ശാസ്ത്രം, ഭൂമിശാസ്ത്രം , രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം , തുടങ്ങിയവയിലൊക്കെ അറബികൾ വളരെ ആധികാരികമായി പഠനം നടത്തുകയും ഒരുപാട് അറിവുകളും ഗ്രന്ഥങ്ങളും ശാസ്ത്രലോകത്തിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ കോളനിവത്കരണത്തിന് മുമ്പ് വിജ്ഞാന സമ്പാദനത്തിലും പകർന്ന് നൽകുന്നതിലും അറബി നാഗരികത വലിയ ഒരു മുന്നേറ്റമാണ് നടത്തിയത്.

പ്രശസ്തരായ പല ഭരണാധികാരികളുടെ കാലത്തും വിജ്ഞാന ശേഖരണത്തിനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്. ഇറാഖിലെ ബാഗ്ദാദ് ആസ്ഥാനമായി അബ്ബാസിയ ഭരണകൂടമായിരുന്നു വിജ്ഞാന വിപ്ലവത്തിന് തുടക്കം കുറിച്ചത്. അവിടെ ആരംഭിച്ച ലൈബ്രറികളും, പള്ളികളും മറ്റു സ്ഥാപനങ്ങളും പുസ്തക ശേഖരങ്ങളുടെ കേന്ദ്രമായി.

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പല ഭാഷകളിലെ പുസ്തകങ്ങൾ കൊണ്ട് വന്നു അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യയിൽ നിന്ന് സംസ്കൃതത്തിലുള്ള ഗ്രന്ഥങ്ങൾ വരെ അവിടെ എത്തിയിരുന്നു. വിജ്ഞാനത്തോട് വലിയ താല്പര്യം ഉണ്ടായിരുന്ന അറബികൾ ജാതി-മത ഭേദമന്യേ ആളുകളെ വലിയ പ്രതിഫലം നൽകി ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനായി നിയമിച്ചു. ഇതിന്റെയൊക്കെ പ്രചോദനം ഖുർആൻ ആയിരുന്നു.

പല രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ അതെ രീതിയിൽ സ്വീകരിക്കാതെ അവരുടേതായ മാർഗങ്ങളിലൂടെ പഠന ഗവേഷണങ്ങൾക്ക് വിധേയമാക്കി ആധികാരികത ഉറപ്പ് വരുത്തിയിട്ട് മാത്രമാണ് മറ്റുള്ളവരിലേക്ക് എത്തിച്ചിരുന്നത്.

അറിവിനെ എങ്ങനെ കൃത്യമായി സീകരിക്കണമെന്ന് ലോകത്തെ പഠിപ്പിച്ചത് അറബികളായിരുന്നു. ബൗദ്ധിക മത വിദ്യാഭ്യാസം എന്ന വേർതിരിവില്ലാതെ അറിവിനെ സ്വീകരിക്കുന്നതിനെയും പഠിക്കുന്നതിനെയും ജനാധിപത്യവത്കരിച്ചു, സ്ത്രീകളിൽ നിന്നും അടിമകളിൽ നിന്നും വലിയ ജ്ഞാനികൾ അന്നുണ്ടായിരുന്നു.

എല്ലാവരും ബഹുമുഖ വിജ്ഞാനികളായിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ നിരീക്ഷണങ്ങളെ ഖുർആൻ വാക്യങ്ങളുമായി ബന്ധപെടുത്താനും ശാസ്ത്രലോകത്തെ പഠിപ്പിച്ചു. വിജ്ഞാനം നേടുന്നതും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും അതിന്റെ പ്രചാരകരാവുന്നതും ഇസ്‌ലാമിന്റെ പുണ്യമാക്കപ്പെട്ട ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു .

ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടി സലാഹ് കാരാടൻ അദ്ധ്യക്ഷത വഹിച്ചു. പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ സെക്രട്ടറി സലിം കോനാരി, അബ്ദുൽ ഗഫൂർ വളപ്പൻ എന്നിവർ സംസാരിച്ചു. പ്രൊഫ. സലാഹുദ്ദീൻ, ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സൈഫുദ്ദീൻ (എം. ഡി. ഹാപ്പി കിഡ്സ്) എന്നിവർ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa