Sunday, September 22, 2024
GCCTop Stories

ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് മുപ്പത്തിമൂന്ന് വയസ്സ്

✍️ കെ സി അബ്ദുറഹ്മാൻ. എ ആർ നഗർ, കുന്നുംപുറം.

1990 ആഗസ്റ്റ് രണ്ടിന് ആരംഭിച്ച് ആറ് മാസവും ഇരുപത്തിയേഴ് ദിവസവും മാത്രം നീണ്ടുനിന്ന ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് മുപ്പത്തിമൂന്ന് വയസ്സ് തികയുന്നു.

എണ്ണ വിലയുടെയും കടബാധ്യത എഴുതിത്തള്ളുന്നതിന്റെയും പേരിൽ ആരംഭിച്ച ഇറാഖ്-കുവൈറ്റ് തർക്കമാണ് ലോക രാഷ്ട്രീയ-സാമ്പത്തിക രംഗം ആകമാനം മാറ്റിമറിച്ച കുവൈറ്റ് അധിനിവേശത്തിലേക്കും ഗൾഫ് യുദ്ധത്തിലേക്കും നയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് നടന്ന അറബ് ഉച്ചകോടിയിൽ വെച്ച് ഇറാഖ്-കുവൈറ്റ് മന്ത്രിമാർ തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപകരമായ പെരുമാറ്റവുമാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. മന്ത്രിമാർ തമ്മിലുണ്ടായ പ്രശ്നം രാഷ്ട്രത്തലവന്മാർ ഏറ്റെടുത്തതോട് കൂടി കൂടുതൽ സങ്കീർണ്ണമായി. അത് സാമ്പത്തിക ശക്തിയും സൈനിക ശക്തിയും തമ്മിലുള്ള വലുപ്പ ചെറുപ്പ പ്രശ്നവും അഹങ്കാരത്തിന്റെയും വ്യക്തിപരമായ ഈഗോയുടെയും പ്രശ്നവുമായി മാറുകയായിരുന്നു.

പുതിയ ലോകക്രമത്തിന് ഹേതുവായി മാറിയ  കുവൈത്ത് അധിനിവേശം മലയാളിയുടെ ജീവിതത്തിലും കേരളത്തിന്റെ സാമ്പത്തിക ഘടനയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കുവൈറ്റ് ഒഴികെയുള്ള ജി.സി.സി. രാജ്യങ്ങളിൽ വസിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്   കാരണമായത് കുവൈത്ത് അധിനിവേശവും തുടർന്നുണ്ടായ ഗൾഫ് യുദ്ധവുമായിരുന്നു.

യമനും പലസ്തീനും ജോർദാനും ഇറാഖി അനുകൂല നിലപാട് സ്വീകരിച്ചു. തല്ഫലമായി ജി.സി.സി. രാഷ്ടങ്ങളിൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭിച്ചിരുന്ന മുന്തിയ പരിഗണകൾക്ക് വിരാമമായി. ഏറ്റവും എടുത്തുപറയേണ്ട കാര്യം സൗദി അറേബ്യയിൽ നിന്ന് യമനികൾ കൂട്ടത്തോടെ പലായനം ചെയ്യേണ്ട അവസ്ഥയുണ്ടാവുകയും യമനികൾ  അടക്കിവാണിരുന്ന വാണിജ്യ മേഖല മഹാഭൂരിപക്ഷവും മലയാളികളുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്തു എന്നതാണ്.

1990 ആഗസ്ത് രണ്ട് വരെ ചെറിയ ശമ്പളത്തിന് വെറും സാധാ തൊഴിലാളികളായി ജോലി ചെയ്തിരുന്ന മലയാളികളിൽ നല്ലൊരു വിഭാഗം സ്ഥാപന നടത്തിപ്പുകാരും തൊഴിൽ ധാതാക്കളും മുതലാളിമാരുമായി മാറി.

ചെറുതും വലുതുമായ ആയിരക്കണക്കിന് ഗ്രോസറി ഷോപ്പുകളും റസ്റ്റാറന്റുകളും സൂപ്പർ മാർക്കറ്റുകളും ട്രാൻസ്പോർട്ട് സംവിധാനങ്ങളും മലയാളി നിയന്ത്രണത്തിലായി. സൗദിയിലെ മത്സ്യബന്ധന മേഖലയിലും കാർഷിക മേഖലയിലും മലയാളികൾ കടന്നുകയറി ഒരുകൈ നോക്കിയത് ഒന്നാം ഗൾഫ് യുദ്ധക്കാലത്താണ്. ട്രാൻസ്പോർട്ട് മേഖലയിലേക്ക് മലയാളി കുത്തൊഴുക്കുണ്ടായതും ഇക്കാലയളവിൽ തന്നെ.  

ഇത് നാട്ടിലും പ്രവാസ ലോകത്തും മലയാളികളുടെ ജീവിത നിലവാരം കുത്തനെ ഉയർത്തി; മലയാളികളിൽ  പുതിയൊരു ജീവിത ശൈലി പിറവിയെടുത്തു.

ഒരു റൂമിൽ എട്ടും പത്തും പേർ ഒന്നിച്ച് താമസിച്ചിരുന്നത് പഴയ കാല ചരിത്രം മാത്രമായി. പലരുടെയും താമസം ഏറ്റവും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കും വില്ലകളിലേക്കുമായി.

ബാച്ചിലറായി കഴിഞ്ഞിരുന്നവരിൽ ഒട്ടുമുക്കാൽ പേരും കുടുംബത്തോടൊപ്പം താമസമാക്കിത്തുടങ്ങി. പൊതു യാത്രാസംവിധാനം മാത്രം ഉപയേഗിച്ച് പരിചയിച്ച മലയാളി പുതുപുത്തൻ കാറുകൾ സ്വന്തമാക്കി. അതുവരെ കാർ ഷോറൂമുകളിൽ ചെല്ലുന്ന മലയാളികളെ പരിഗണിക്കാതിരുന്ന കാർ വിതരണ ഏജൻസികളുടെ മുതലാളിമാർ അവരുടെ ഷോറൂമുകളിൽ ഏറ്റവും പുതിയ മോഡൽ കാറുകൾ എത്തുന്ന വിവരം മലയാളികളെ അറിയിക്കുന്നതിനായി മത്സരിക്കാൻ തുടങ്ങി. പുതിയ കസ്റ്റമറെ തേടി  മലയാളികളുടെ ഓഫീസുകൾ കയറിയിറങ്ങുന്നത് നിത്യ ക്കാഴ്ചയായി മാറി. യൂറോപ്പിലെയും ജാപ്പാനിലെയും കാർ കമ്പനി മാനേജ്മെന്റിന്റെ കോൺടാക്ട് ലിസ്റ്റിൽ മലയാളി പേരുകളും സ്ഥാനം പിടിച്ചു തുടങ്ങിയത് 1990 ആഗസ്റ്റ് രണ്ടിന് ശേഷമാണ്.

നാട്ടിലെ പല കുഗ്രാമങ്ങളും പട്ടണങ്ങളായി മാറിയത് ഗൾഫ് യുദ്ധത്തിന് ശേഷമാണെന്ന കാര്യം പലരും സൗകര്യപൂർവ്വം മറക്കുകയാണ്; അല്ലെങ്കിൽ കാണാതെ പോവുകയാണ്.

ആഗസ്റ്റ് രണ്ട്:  ഒന്നാം ഗൾഫ് യുദ്ധത്തിന്റെ നാൾവഴികൾ ഒറ്റനോട്ടത്തിൽ:

1) 1990 ജൂലൈ: ക്രൂഡ് ഓയിൽ വിലയിടിവ് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നയപരിപാടികളെച്ചൊല്ലി ഇറാഖും കുവൈറ്റും ചേരിതിരിഞ്ഞ് തർക്കത്തിലേർപ്പെടുന്നു.
2) എണ്ണവില ബാരലിന് 18 അരിക്കൻ ഡോളറിൽ നിന്ന് 12 ഡോളറിലേക്ക് കൂപ്പുകുത്തിയതിന്റെ കാരണക്കാർ കുവൈറ്റ് ആണെന്ന് ഇറാഖ് ആരോപിക്കുന്നു.
3) ഇറാൻ-ഇറാഖ് യുദ്ധ കാലത്ത് കുവൈറ്റ് അതിർത്തി കടന്ന് ഇറാഖി പ്രദേശം കയ്യേറി സൈനിക കേന്ദ്രവും എണ്ണ സംഭരണ കേന്ദ്രവും സ്ഥാപ്പിച്ചുവെന്ന് ഇറാഖ് ആരോപിക്കുന്നു.
4) ഇറാഖിന്റെ കടബാധ്യതകൾ കുവൈറ്റ് എഴുതിത്തള്ളണമെന്ന് ഇറാഖ് ആവശ്യപ്പെടുന്നു.
5) 1990 ജൂലൈ 20: ഇറാഖ് കുവൈറ്റ് അതിർത്തിയിൽ സേനാവിന്യാസം നടത്തുന്നു.
6) 1990 ജൂലൈ 31: സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും മദ്ധ്യസ്ഥതയിൽ ജിദ്ദയിൽ ഇറാഖ്-കുവൈറ്റ് ചർച്ച നാക്കുന്നു. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാഖ് ഉറപ്പ് നൽകുന്നു.
7) 1990 ആഗസ്റ്റ് 2: ഇറാഖി സൈന്യം കുവൈറ്റിലേക്ക് ഇരച്ചുകയറുന്നു. അവിടെ ഒരു പാവ സർക്കാരിനെ അവരോധിക്കുന്നു.
8) യു.എൻ. സെക്യൂരിറ്റി കൗൺസിൽ അതിന്റെ പ്രമേയം നമ്പർ  660ലൂടെ ഉപാധികളില്ലാത്ത ഇറാഖി പിൻമാറ്റം ആവശ്യപ്പെടുന്നു. ഈ പ്രമേയം ഇറാഖ് നിരസിക്കുന്നു.
9) 1990 ആഗസ്റ്റ് 6: യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം നമ്പർ 661ലൂടെ ഇറാഖിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു.
10) 1990 ആഗസ്റ്റ് 8: കുവൈറ്റിനെ ഇറാഖിലേക്ക് കൂട്ടിച്ചേർത്ത് ഒരൊറ്റ രാജ്യമായി ഇറാഖ് പ്രഖ്യാപിക്കുന്നു.
11) 1990 ആഗസ്റ്റ് 9: പ്രമേയം 662ലൂടെ കുവൈറ്റിനെ ഇറാഖിലേക്ക് കൂട്ടിച്ചേർത്ത് നടപടി യു.എൻ . സെക്യുരിറ്റി കൗൺസിൽ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നു.
12) ഒര ലക്ഷത്തോളം വരുന്ന ഇറാഖി സൈനികർ സൗദി അതിർത്തിയിൽ വിന്യസിക്കപ്പെടുന്നു.
13) 1990 ആഗസ്റ്റ് 10: അറബ് ലീഗ് ഉച്ചകോടി ഇറാഖിന്റെ കുവൈറ്റ് ആക്രമണത്തെ അപലപിക്കുകയും അംഗരാഷ്ട്രങ്ങളോട് കുവൈറ്റിനെ മോചിപ്പിക്കാനും ഇറാഖി ഭീഷണി ചെറുക്കാനുമായി സൈന്യത്തെ അയക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
14) സൗദി അറേബ്യയുടെ അഭ്യർത്ഥന മാനിച്ച് അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളും മൊറാക്കോ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളും സൗദിയിൽ എയർ ഫോർസ് ഉൾപ്പെടെയുളള സൈന്യത്തെ ഇറക്കുന്നു.
15) 1990 ആഗസ്റ്റ് 25: യു.എൻ. സെക്യൂരിറ്റി കൗൺസിൽ പ്രമേയം 665ലൂടെ സൈന്യത്തെ വിന്യസിച്ച രാജ്യങ്ങൾക്ക് ഗൾഫ് മേഖലയിലൂടെ കടന്ന് പോവുന്ന കപ്പലുകൾ പരിശോധിക്കാനും ഇറാഖിന് നേരെയുള്ള ഉപരോധം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും അനുമതി നൽകുന്നു.
16) 1990 നവമ്പർ 29: 1991 ജനുവരി 15 ന് മുമ്പായി ഇറാഖ് കുവൈറ്റിൽ നിന്ന് പിൻമാറിയില്ലെങ്കിൽ  അംഗ രാജ്യങ്ങൾക്ക് ഗൾഫിലേക്ക് സൈന്യത്തെ അയക്കാൻ യു.എൻ. പ്രമേയം 678 വഴി അനുമതി നൽകുന്നു.
17) 1990 നവമ്പർ 30: അമേരിക്ക ഇറാഖിനെ ചർച്ചക്ക് ക്ഷണിക്കുന്നു
18)1990 ഡിസമ്പർ 2: അമേരിക്ക-ഇറാഖ് ചർച്ചക്ക് തയാറെന്ന് ഇറാഖ് അറിയിക്കുന്നു.
19) 1991 ജനുവരി 9: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറും ഇറാഖ് വിദേശകാര്യ മന്ത്രി താരിഖ് അസീസും ജെനീവയിൽ ചർച്ച നടത്തുന്നു.  ആറര മണിക്കൂർ നേരത്തെ ചർച്ച പരാജയപ്പെടുന്നു.
20) 1991 ജനുവരി 13: യു.എൻ. സെക്രട്ടറി ജനറൽ സദ്ദാം ഹുസൈനുമായുളള അവസാന വട്ട ചർച്ചക്കായി ബാഗ്ദാദിലെത്തുന്നു. ചർച്ചയിൽ പുരോഗതി ഉണ്ടാക്കാനാവാതെ പോവുന്നു.
21) 1991 ജനുവരി 17: സഖ്യസേന ബാഗ്ദാദിൽ ബോംബ് വർഷം നടത്തുന്നു. പകരമായി  ഇറാഖ് ഇസ്രായിലിലും സൗദിയിലും സ്കഡ് മിസൈൽ ആക്രമണം നടത്തുന്നു.
22) 1991 ഫെബ്രുവരി 15:
കുവൈറ്റിൽ നിന്ന്
പിന്മാറാൻ ഇറാഖ് തയ്യാറാണെന്ന് അറിയിക്കുന്നു. കൂടെ പലസ്തീനിൽ നിന്ന് ഇസ്രായിൽ പിന്മാറണമെന്ന് ഉപാധി വെയ്ക്കുകയും ചെയ്യുന്നു.
23) 1991 ഫെബ്രുവരി 18: ഇറാഖി വിദേശകാര്യ മന്ത്രി താരിഖ് അസീസ് സോവ്യറ്റ് യൂണിയൻ പ്രസിഡന്റ് ഗോർബച്ചേവിനെ കണ്ട് ചർച്ച നടത്തുന്നു.
24) 1991 ഫെബ്രുവരി 22: ഇറാഖി പിന്മാറ്റവുമായി ബന്ധപ്പെട്ട് എട്ടിന കർമ്മ പദ്ധതി സോവ്യറ്റ് യൂണിയൻ പ്രഖ്യാപിക്കുന്നു. എന്നാൽ ഉപാധി വെച്ചുള്ള പിന്മാറ്റ നിർദേശം അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് തള്ളിക്കളയുന്നു.
25) 1991 ഫെബ്രുവരി 23: കരയുദ്ധം ആരംഭിച്ചത് മുതൽ ഇറാഖി സൈന്യം സഖ്യസേനക്ക് മുമ്പിൽ പിടിച്ച് നിൽക്കാനാവാതെ കീഴടങ്ങുകയോ ഓടിയൊളിക്കുകയോ ചെയ്യാൻ തുടങ്ങുന്നു.
26) 1991 ഫെബ്രുവരി 26: കുവൈറ്റിൽ നിന്ന് ഇറാഖ് ഉപാധികളില്ലാതെ പിന്മാറുന്ന വിവരം പ്രസിഡന്റ് സദ്ദാം ഹുസൈൻ പ്രഖ്യാപിക്കുന്നു.
27) 1991 ഫെബ്രുവരി 27:  ഇറാഖിനെതിരെയുളള യുദ്ധത്തിൽ ഫെബ്രുവരി 28 അർധരാത്രി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന്  പ്രസിഡന്റ് ജോർജ് ബുഷ് പ്രഖ്യാപിക്കുന്നു.
28) 1991 ഫെബ്രുവരി 28: യു.എൻ. പ്രമേയങ്ങളെല്ലാം അംഗീകരിക്കുന്നുവെന്ന് ഇറാഖ് വിദേശ കാര്യ മന്ത്രി താരിഖ് അസീസ് ഐക്യരാഷ്ട്ര സഭ ചെയർമാനെ അറിയിക്കുന്നു.
29) 1991 ഏപ്രിൽ 3: ഔപചാരിക വെടിനിർത്തൽ പ്രഖ്യാപനമെന്ന നിലയിൽ യു.എൻ. സെക്യൂരിറ്റി കൗൺസിൽ 687 നമ്പർ പ്രമേയം പാസ്സാക്കുന്നു.
30) 1991 ഏപ്രിൽ 11: ഐക്യരാഷ്ട്ര സഭ ചെയർമാൻ വെടിനിർത്തൽ അറിയിച്ചു കൊണ്ടുള്ള ഔപചാരിക കത്ത് ഇറാഖിന് കൈമാറുന്നു. ഒന്നാം ഗൾഫ് യുദ്ധം ഔദ്യോഗികമായി അവസാനിക്കുന്നു.
✍️ കെ സി അബ്ദുറഹ്മാൻ. എ ആർ നഗർ, കുന്നുംപുറം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്