തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഇന്ത്യൻ വിദ്യാർഥിയുടെ മരണം: രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാർ, കുടുംബത്തിന് 47 ലക്ഷം രൂപ ദിയാധനം

മുവൈലയിലെ സ്കൂളിൽ കുഴഞ്ഞുവീണ് എട്ട് വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് മരിച്ച സംഭവത്തിൽ, രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരാണെന്ന് ഷാർജ ഫെഡറൽ അപ്പീൽ കോടതി വിധി.

ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ജീവനക്കാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തിയത്. നേരത്തെ കീഴ്ക്കോടതി ജീവനക്കാരെ വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ സുപ്രധാന വിധി.

കോടതി ഉത്തരവ് പ്രകാരം, കുറ്റക്കാരായ രണ്ട് ജീവനക്കാരും കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം (ഏകദേശം 47 ലക്ഷം ഇന്ത്യൻ രൂപ) ദയാധനമായി നൽകണം. കൂടാതെ, ഓരോ ജീവനക്കാരും 2,000 ദിർഹം വീതം പിഴയടക്കാനും കോടതി നിർദ്ദേശിച്ചു.

സ്കൂൾ ബസ്സിൽ നിന്ന് ക്ലാസ് മുറിയിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിലും അവരെ നിരീക്ഷിക്കുന്നതിലും ജീവനക്കാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തി.

ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന റാഷിദ്, 2024 മാർച്ച് 11-ന് റമസാൻ ആദ്യ ദിനം സ്കൂളിലെത്തിയതിന് തൊട്ടുപിന്നാലെ ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവസമയത്ത് റാഷിദിനൊപ്പം ഒരു ജീവനക്കാരനും ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഷാർജ പൊലീസിന്റെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം, റാഷിദിന്റെ മുഖത്ത് ചതവുകളും കവിളെല്ലിന് പൊട്ടലും തലയോട്ടിയുടെ താഴെ ആന്തരിക രക്തസ്രാവവും തലച്ചോറിന് നീർക്കെട്ടും രക്തസ്രാവവും ഉൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.

സംഭവസമയത്ത് കുട്ടികളോടൊപ്പം സ്കൂൾ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റാഷിദ് വീഴുന്നതിന് തൊട്ടുമുൻപ് മറ്റൊരു കുട്ടി റാഷിദിനെ തല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, കുട്ടി വീഴുന്നതിന്റെ കൃത്യമായ നിമിഷം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.

ജീവനക്കാരുടെ അസാന്നിധ്യം കടുത്ത അശ്രദ്ധയാണെന്നും അവർ കൂടെയുണ്ടായിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അപ്പീൽ കോടതി നിരീക്ഷിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group