തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ഒരു മികച്ച രാജ്യം, ഇവിടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നു; ദേശീയ ദിനം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: സൗദി അറേബ്യ വളരെ മികച്ചതും മനോഹരവുമായ ഒരു രാജ്യമാണെന്ന് പോർച്ചുഗീസ് സൂപ്പർ താരവും അൽ നസ്‌ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

തന്റെ കുടുംബം ഇവിടെ ജീവിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും, സൗദിയിലെ ടൂറിസം സാധ്യതകൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് അൽ നസ്ർ ക്ലബ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് റൊണാൾഡോയുടെ പ്രശംസ.

“ഇതൊരു മികച്ച താമസസ്ഥലമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകത, ഇത് വളരെ സുരക്ഷിതമായ ഒരു രാജ്യമാണ് എന്നതാണ്.

ഇവിടുത്തെ ഫുട്ബോൾ ലീഗ് മികച്ചതാണ്. ഇവിടെ കളിക്കുന്നതും എൻ്റെ കുടുംബം ഇവിടെ ജീവിക്കുന്നതും എനിക്കിഷ്ടമാണ്,” റൊണാൾഡോ പറഞ്ഞു.

“സൗദിയിൽ സന്ദർശിക്കാനും ആസ്വദിക്കാനും ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടുത്തെ ടൂറിസം വളരെ മികച്ചതാണ്, കുട്ടികളുടെ സ്കൂളുകൾ ഗംഭീരമാണ്. സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അതിശയിപ്പിക്കുന്നവയാണ്. ലോകമെമ്പാടുമുള്ള പലർക്കും ഇപ്പോഴും ഇതേക്കുറിച്ച് അറിയില്ല.

അതുകൊണ്ട് സൗദി ഒരു മികച്ച രാജ്യമായതിനാൽ എല്ലാവരും ഇവിടെ സന്ദർശിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു,” അദ്ദേഹം പറഞ്ഞു.

സൗദി ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു സന്ദേശവും പങ്കുവെച്ചു.

“സൗദി അറേബ്യയിലെ എല്ലാവർക്കും ദേശീയ ദിനാശംസകൾ നേരുന്നു. അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ആഘോഷത്തിന്റെയും ദിനമായി ഇത് മാറട്ടെ,” റൊണാൾഡോ കുറിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group