ഹൃദയാഘാതം; മലയാളി അധ്യാപിക മസ്‌കത്തിൽ നിര്യാതയായി
മസ്‌കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അധ്യാപിക അന്തരിച്ചു. പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാവിളയിൽ ഫിലിപ് കോശിയുടെ മകളും കൊല്ലം കടമ്പനാട് എടക്കാട് ചെറതാപ്പിൽ സി.കെ. തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് മസ്‌കത്തിൽ വെച്ച് മരണപ്പെട്ടത്.
വർഷങ്ങളായി ഒമാനിലെ ഒരു സ്വകാര്യ ഇൻ്റർനാഷണൽ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഷീബ. കഴിഞ്ഞ ദിവസം ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
കുടുംബാംഗങ്ങൾ: മാതാവ്: സൂസൻ കോശി. മക്കൾ: ജ്യോതിഷ് തോംസൺ (ബെംഗളൂരു), തേജസ് തോംസൺ (യു.കെ). സഹോദരങ്ങൾ: ഷോബിൻ (ദുബൈ), ഷീജ സൂസൻ തോമസ് (കുവൈത്ത്).
ആക്സിഡൻ്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ എക്സിക്യൂട്ടീവ് അംഗം ഡെന്നി രാജൻ്റെ ബന്ധുകൂടിയാണ് മരണപ്പെട്ട ഷീബ തോംസൺ.
മസ്‌കത്ത് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ആക്സിഡൻ്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
