തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ തൊഴിൽ, താമസം, ഗതാഗതം, ഡെലിവറി തുടങ്ങിയ മേഖലകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ തൊഴിൽ, ഗതാഗതം, ഡെലിവറി, താമസം തുടങ്ങി വിവിധ മേഖലകളിൽ ജനജീവിതം കൂടുതൽ സുഗമമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും ശമ്പളം ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ നൽകാവൂ എന്ന നിയമം ഇന്ന് മുതൽ നിർബന്ധമാക്കി.

തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ഇടപാടുകളിൽ കൃത്യമായ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.

പാഴ്സൽ സർവീസുകൾക്കും കൊറിയർ കമ്പനികൾക്കും നാഷണൽ അഡ്രസ് (National Address) ഇല്ലാത്ത ഷിപ്പിംഗുകൾ സ്വീകരിക്കാൻ ഇനി മുതൽ അനുവാദമില്ല.

ഉപഭോക്താക്കൾക്ക് സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനും ഡെലിവറി സമയത്തെ അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം.

റിയാദ് നഗരത്തിലെ വിദ്യാർത്ഥികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി ഇനി മുതൽ പ്രത്യേക സീസണൽ ടിക്കറ്റുകൾ ലഭ്യമാകും.

വിദ്യാർത്ഥികളുടെ യാത്രാച്ചെലവ് കുറയ്ക്കാനും പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനുമാണ് ത്രൈമാസ, വാർഷിക ടിക്കറ്റുകൾ നൽകുന്നത്.

റിയാദ് നഗരപരിധിയിലുള്ള വികസിപ്പിക്കാത്ത ഭൂമികൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കി തുടങ്ങും. നഗരത്തിന്റെ ആസൂത്രിതമായ വളർച്ച ഉറപ്പാക്കുന്നതിനും ഭൂമി വെറുതെയിടുന്നത് തടഞ്ഞ് പാർപ്പിട മേഖലയിൽ കൂടുതൽ വികസനം കൊണ്ടുവരുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി പൗരന്മാർക്ക് റഷ്യയിലേക്ക് പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ല. ഈ തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group