കൊടും തണുപ്പ് തിരിച്ചെത്തുന്നു; സൗദി വീണ്ടും പൂജ്യം ഡിഗ്രിയിൽ, രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും താപനില കുറഞ്ഞു
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ വടക്കൻ അതിർത്തി നഗരമായ തുറൈഫിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു.
വരും ദിവസങ്ങളിലും തണുപ്പ് ഇതേ നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തബുക്, തുറൈഫ്, അൽ-ഖുറയ്യാത്ത് അറാറ്‍ തുടങ്ങിയ വടക്കൻ മേഖലകളിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്.
തുറൈഫിൽ 0 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ഖുറയ്യാത്തിൽ 1 ഡിഗ്രിയും അറാറിൽ 3 ഡിഗ്രിയുമാണ് താപനില. ഖസീമിൽ 10 ഡിഗ്രിയും അബഹയിൽ 11ഡിഗ്രിയുമായി തണുപ്പ് തുടരുന്നു.
മക്കയിൽ 16 ഡിഗ്രിയും മദീനയിൽ 12 ഡിഗ്രിയും താപനില രേഖപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദിൽ 13 ഡിഗ്രിയും ജിദ്ദയിൽ 20 ഡിഗ്രിയുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പടുത്തിയത്.
വരും ദിവസങ്ങളിലും തണുപ്പ് തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും പുറത്തിറങ്ങുന്നവർ കട്ടി കൂടിയ വസ്ത്രങ്ങൾ ധരിക്കണം.
വീടിനുള്ളിൽ ഹീറ്ററുകൾ ഉപയോഗിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ശ്വസനസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
