റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; റിയാദിനും അൽ ഖർജിനും സമീപം എട്ട് ഡ്രോണുകൾ തകർത്തു
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. എംബസി ലക്ഷ്യമാക്കി വന്ന രണ്ടു ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.
തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് റിയാദിലെ എംബസി കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടാകുകയും പരിമിതമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞു കിടക്കുകയായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ലെന്നും സ്ഥിതി നിയന്ത്രണാതീതമാണെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് സൗദിയിലെ പ്രധാന നഗരങ്ങളിൽ അമേരിക്കൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും എംബസി ആവശ്യപ്പെട്ടു.
റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലുള്ള അമേരിക്കൻ പൗരന്മാരും ജീവനക്കാരും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു.
അതേസമയം റിയാദ്, അൽ ഖർജ് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട് എത്തിയ എട്ട് ഡ്രോണുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
പശ്ചിമേഷ്യയിലുടനീളം അമേരിക്കൻ ആസ്തികളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ് നിലനിർത്തിയിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
