Friday, March 20, 2026
Middle EastTop StoriesWorld

എണ്ണയിൽ വഴുതി ട്രംപ്; ഇറാനിലെ ഗ്യാസ് ഫീൽഡ് ഇസ്രായേൽ ആക്രമിച്ചത് തന്റെ അറിവില്ലാതെ, അറിയിച്ചിരുന്നുവെന്ന് ഇസ്രായേൽ

ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ മിന്നലാക്രമണവും അതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ വർഷവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇറാന്റെ ഏറ്റവും വലിയ വാതക നിക്ഷേപമായ ‘സൗത്ത് പാഴ്സ്’ ഇസ്രായേൽ ആക്രമിച്ചത് തന്റെ അനുവാദമില്ലാതെയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇസ്രായേൽ ഈ വാദം തള്ളി, അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നതായി ഇസ്രായേൽ പ്രസ്താവിച്ചു.

ഇസ്രായേലിന്റെ ആക്രമങ്ങൾക്ക് പകരമായി അമേരിക്കയുടെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണം അഴിച്ചുവിട്ടു.

ഖത്തറിലെ റാസ് ലഫാനിലെ എൽഎൻജി പ്ലാന്റുകളിൽ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ വൻ തീപിടുത്തമുണ്ടായി. കുവൈത്തിലെ രണ്ട് പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലും സൗദിയിലെ യാൻബുവിലെ സംറഫ് റിഫൈനറിയിലും ഡ്രോൺ ആക്രമണമുണ്ടായി.

തന്റെ സഖ്യകക്ഷികൾക്ക് നേരെയുള്ള ആക്രമണം ശക്തമായതോടെ ട്രംപ് നിലപാട് കടുപ്പിച്ചു. ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോൾ ഇറാന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇറാൻ ഇനി ജിസിസി രാജ്യങ്ങളെ തൊട്ടാൽ, ഇറാന്റെ ഭൂമിയിലുള്ള മുഴുവൻ എണ്ണപ്പാടങ്ങളും അമേരിക്ക തകർക്കും എന്നായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.

സമാധാന ചർച്ചകൾക്ക് പകരം ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ ഈ നീക്കം ലോകത്തെ വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ ഗൾഫിലെ എണ്ണപ്പാടങ്ങൾ കൂടി ആക്രമിക്കപ്പെട്ടതോടെ ആഗോള എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് 120 ഡോളറിന് മുകളിലേക്ക് വില ഉയർന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa