വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

ബാഗുകൾ ഇനി ഭാരമാകില്ല; ലഗേജുകൾ നാട്ടിൽ നിന്ന് നേരിട്ട് സൗദിയിലെ താമസ സ്ഥലത്തെത്തിക്കുന്ന പദ്ധതിയുമായി ഹജ്ജ് ഉംറ മന്ത്രാലയം

ഹജ്ജ് തീർഥാടകർക്ക് ലഗേജുകൾ ചുമക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി പുണ്യകർമ്മങ്ങൾ കൂടുതൽ എളുപ്പത്തിലും സമാധാനത്തോടെയും നിർവഹിക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കമിട്ടു.

തീർഥാടകരുടെ ലഗേജുകൾ അവരുടെ നാട്ടിൽ നിന്ന് നേരിട്ട് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ എത്തിക്കുന്നതാണ് ഈ സേവനം. ഈ പദ്ധതി പ്രകാരം തീർഥാടകർക്ക് അവരുടെ ബാഗുകൾ സ്വന്തം നാട്ടിൽ നിന്ന് തന്നെ നേരിട്ട് സൗദിയിലെ താമസസ്ഥലത്തേക്ക് അയക്കാവുന്നതാണ്.

ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ താമസസ്ഥലത്തുനിന്ന് ബാഗുകൾ ശേഖരിച്ച് തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യവും ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പാക്കും.

വിമാനത്താവളങ്ങളിൽ വലിയ ബാഗുകൾ ചുമന്നുകൊണ്ടുള്ള യാത്ര തീർത്ഥാടകർക്ക് ഒഴിവാക്കാം. സാധനങ്ങൾ സുരക്ഷിതമായി എത്തിക്കാനുള്ള എല്ലാ മുൻകരുതലുകളും മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.

അയച്ച ലഗേജുകൾ ഇപ്പോൾ എവിടെയുണ്ട് എന്ന് ഓൺലൈൻ വഴി നിരീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഈ സേവനം ഉപയോഗപ്പെടുത്തുന്ന തീർത്ഥാടകർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു:

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തൂക്ക പരിധി ലംഘിക്കരുത്. ലഗേജ് അയച്ചതിന്റെ രേഖകളും വിവരങ്ങളും ആവശ്യഘട്ടങ്ങളിൽ കാണിക്കുന്നതിനായി കൈവശം വെക്കണം.

യാത്രയ്ക്കിടയിൽ ആവശ്യമായ പ്രധാന രേഖകളും വ്യക്തിഗത വസ്തുക്കളും അടങ്ങിയ ചെറിയൊരു ഹാൻഡ് ബാഗ് സ്വന്തം കൈവശം കരുതണം.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി (GACA) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ സേവനദാതാക്കളുടെ വെബ്സൈറ്റോ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളോ സന്ദർശിക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa