വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

സൗദിയിൽ വാഴ നട്ട് പണക്കാരനാകാം; സ്വകാര്യ മേഖലയിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് പരിസ്ഥിതി മന്ത്രാലയം

കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി അൽ-ബാഹ മേഖലയിൽ വാഴക്കൃഷി വ്യാപിപ്പിക്കാൻ സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് വൻ നിക്ഷേപ അവസരമാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

താൽപ്പര്യമുള്ള നിക്ഷേപകർക്ക് മന്ത്രാലയത്തിന്റെ ‘ഫുറസ്’ (Furas) പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കാം. 2026 ജൂൺ 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

അൽ-ബാഹ മേഖലയിലെ അൽ-ഹജ്റ, അൽ-മുഖ്‌വ, ഖിൽവ തുടങ്ങിയ ഗവർണറേറ്റുകൾ വാഴക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്. ഇവിടുത്തെ ചൂടുള്ള കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ജലലഭ്യതയും ഉയർന്ന ഗുണമേന്മയുള്ള വാഴപ്പഴം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

ആഭ്യന്തര വിപണിയിൽ വാഴപ്പഴത്തിന്റെ ലഭ്യത ഉറപ്പാക്കാനും കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നവീനമായ ജലസേചന രീതികളും വളപ്രയോഗങ്ങളും സ്വീകരിക്കാൻ കർഷകർക്ക് മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്. വിപുലമായ വിസ്തൃതിയുള്ള ഭൂമിയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കൃഷിക്കാണ് മുൻഗണന നൽകുന്നത്.

വിപണിയിലെ ആവശ്യകത അനുസരിച്ച് ഉൽപ്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആധുനിക കൃഷിരീതികൾ വലിയ പങ്കുവഹിക്കും.

കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണത്തിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യം നൽകാനാണ് ഈ നിക്ഷേപ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa