വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

സൗദിയിൽ പരക്കെ കനത്ത മഴയും ശക്തമായ പൊടിക്കാറ്റും; വിവിധ പ്രവിശ്യകളിൽ ജാഗ്രതാനിർദ്ദേശം

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് കനത്ത മഴയും ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മക്ക, മദീന, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, ഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, അൽ-ബാഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ശക്തമായ കാറ്റും പൊടിപടലങ്ങളും കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

ചെങ്കടൽ: തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 21-42 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. തിരമാലകൾ ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ഉയർന്നേക്കാം.

അറേബ്യൻ ഗൾഫ്: വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 16-32 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തിരമാലകൾ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയർന്നേക്കാം.

താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa