പാർക്കിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; സൗദിയിൽ പിഞ്ചുബാലന് ദാരുണാന്ത്യം
സൗദി അറേബ്യയിലെ ഹുറൈമില പ്രവിശ്യയിൽ പാർക്കിൽ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറുവയസ്സുകാരൻ മരിച്ചു.
ഹുറൈമിലയിലെ പ്രശസ്തമായ ‘അൽ-ഷലാൽ’ പാർക്കിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ ഹാകിം ബിൻ അലി അബു സകീത്ത എന്ന ബാലനാണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം പാർക്കിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. പാർക്കിലെ വിനോദോപാധികൾക്ക് സമീപമുണ്ടായിരുന്ന മറച്ചുവെക്കാത്ത ഇലക്ട്രിക് കേബിളുകളിൽ നിന്നോ അല്ലെങ്കിൽ തകരാറിലായ വയറിംഗിൽ നിന്നോ ആണ് വൈദ്യുതാഘാതമേറ്റതെന്ന് കരുതപ്പെടുന്നു.
കൂടെയുണ്ടായിരുന്ന സഹോദരൻ ഉടൻ തന്നെ കുട്ടിയെ വലിച്ച് മാറ്റാൻ ശ്രമിക്കുകയും ഉടൻ ഹുറൈമില ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
“ദൈവനിശ്ചയത്തിന് മുന്നിൽ കീഴടങ്ങുന്നു, എങ്കിലും ഈ നഷ്ടം താങ്ങാവുന്നതിലപ്പുറമാണ്” – വിങ്ങുന്ന മനസ്സോടെ കുട്ടിയുടെ പിതാവ് അലി അബു സകീത്ത പറഞ്ഞു. മകന്റെ വേർപാടിൽ ഉമ്മയും സഹോദരിമാരും മാനസികമായി തകർന്നിരിക്കുകയാണ്.
ഇത്തരം പൊതു പാർക്കുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് തന്റെ മകന്റെ ജീവൻ എടുത്തതെന്നും, ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ച ഹാകിമിന്റെ മൃതദേഹം വ്യാഴാഴ്ച മുസാഹ്മിയയിലെ അൽ-ഹുദൈദി മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം ഹഫ്ഫാർ ഖബറിസ്ഥാനിൽ സംസ്കരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
