ചൊവ്വാഴ്‌ച, ജൂൺ 2, 2026
Top StoriesU A E

സോഷ്യൽ മീഡിയയിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ

ഷാർജ: സോഷ്യൽ മീഡിയയിലെ തർക്കങ്ങളെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി തൈവളപ്പിൽ ഇസ്മായീൽ (40) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മലയാളി യുവാക്കളെ ഷാർജ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ടിക് ടോക്ക് പ്ലാറ്റ്‌ഫോമിൽ സജീവമായിരുന്ന ഇസ്മായീലും പ്രതികളും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ലൈവ് വീഡിയോയിലൂടെ ഇവർ പരസ്പരം കടുത്ത വെല്ലുവിളികൾ നടത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

ഇതിനു പിന്നാലെ, തിങ്കളാഴ്ച രാവിലെ ഷാർജയിലെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ നേരിട്ട് കണ്ടുമുട്ടുകയും കടുത്ത വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. തർക്കം മൂർച്ഛിച്ചതോടെ അഞ്ചംഗ സംഘം മരപ്പലകകളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ഇസ്മായീലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ഇസ്മായീലിനെ ഉടൻ തന്നെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊലപാതകം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പ്രതികളെയും ഷാർജ പൊലീസിന്റെ ദ്രുതകർമസേനയും സി.ഐ.ഡി വിഭാഗവും ചേർന്ന് നടത്തിയ സത്വരമായ അന്വേഷണത്തിൽ വൈകാതെ തന്നെ പിടികൂടി.

ദുബായ് കരാമയിൽ തമിഴ്നാട് സ്വദേശിയുടെ ബേക്കറി-കുൽഫി കടയിലെ ജീവനക്കാരനായിരുന്നു മരിച്ച ഇസ്മായീൽ. തൈവളപ്പിൽ ഇബ്രാഹിമിന്റെയും ജുബൈരിയ പൊന്നന്റെയും മകനാണ്. നജ്മുന്നിസ മാട്ടൂൽ ആണ് ഭാര്യ. ദമ്പതികൾക്ക് ഒരു മകനുണ്ട്. സഹോദരങ്ങൾ: ഇസ്ഹാഖ്, ജുബൈർ, ഹസീന.

നിലവിൽ അൽ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa