ശനിയാഴ്‌ച, ജൂലൈ 4, 2026
Saudi ArabiaTop Stories

സൗദിക്ക് നേരെയുള്ള ഏത് നീക്കത്തിനും കനത്ത തിരിച്ചടി; ഹൂത്തികൾക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്

സൗദി അറേബ്യയെയോ രാജ്യത്തെ പൗരന്മാരെയോ വിദേശികളെയോ ദേശീയ ആസ്തികളെയോ ലക്ഷ്യമിട്ടുള്ള ഏത് തരത്തിലുള്ള ആക്രമണ ശ്രമങ്ങൾക്കും കനത്ത തിരിച്ചടി നൽകുമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അൽ മാലികിയാണ് രാജ്യത്തിന്റെ ഈ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യക്കെതിരെ അടുത്തിടെ ഹൂത്തി വിമതർ നടത്തിയ പ്രസ്താവനകൾ വെറും പുകമറ മാത്രമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം ജനതയ്ക്ക് നേരെ ഹൂത്തികൾ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും യമൻ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്.

ഹൂത്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അവകാശവാദങ്ങൾ അവരുടെ വർദ്ധിച്ചുവരുന്ന ശത്രുതാപരമായ മനോഭാവത്തെയും പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയെ തകർക്കാനുള്ള നിരന്തരമായ ശ്രമങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അൽ മാലികി കുറ്റപ്പെടുത്തി.

യമനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും അവിടുത്തെ ആഭ്യന്തര സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനുമായി സൗദി അറേബ്യയും സഖ്യകക്ഷികളും അന്താരാഷ്ട്ര പങ്കാളികളും ചേർന്ന് നിരന്തരമായി പ്രവർത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാർ അംഗീകരിച്ച സമാധാന റോഡ്മാപ്പിനെ ഹൂത്തികൾ തള്ളിക്കളയുകയായിരുന്നു.

ഇതിനുപുറമെ, തെക്കൻ ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും അന്താരാഷ്ട്ര വ്യാപാര കപ്പൽപ്പാതകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ യമന്റെ തന്നെ നിർണായക അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക മേഖലകളെയും തകർച്ചയിലേക്ക് നയിച്ചതായും വക്താവ് ഓർമ്മിപ്പിച്ചു.

തുറമുഖങ്ങളായ ഹൊദൈദ, റാസ് ഈസ, സാലിഫ് എന്നിവയ്ക്കും സനാ അന്താരാഷ്ട്ര വിമാനത്താവളത്തിനും വൈദ്യുതി നിലയങ്ങൾക്കും വ്യവസായ ശാലകൾക്കും ഹൂത്തികളുടെ നടപടികൾ കാരണം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

യമൻ ജനതയുടെ ഈ പ്രധാന സാമ്പത്തിക ആസ്തികളെയെല്ലാം ഹൂത്തികൾ തകർക്കുകയാണെന്ന് വ്യക്തമാക്കിയ മേജർ ജനറൽ തുർക്കി അൽ മാലികി, സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യമന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്ത് സുരക്ഷിതത്വം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ സഖ്യസേന എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രസ്താവനയിലൂടെ ആവർത്തിച്ചു വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്