റിയാദിൽ റസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.
റിയാദിലെ ഒരു റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്ന മഹ്‌മൂദ്, ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള അൽ ഈമാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
പരേതരായ മൊയ്തു പുലിക്കണ്ടി – മറിയം ദമ്പതികളുടെ മകനാണ് മഹ്മൂദ്. സാബിറായാണ് ഭാര്യ, മക്കൾ താഹിറ, റഹ്മത്ത്.
മരിച്ച മഹ്‌മൂദിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അൻവർ വാരം എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കെ.എം.സി.സി പ്രവർത്തകരായ ജാഫർ വീമ്പൂർ, വലീദ് ഖാൻ, മമ്പാട് ശറഫു തേഞ്ഞിപ്പലം എന്നിവർക്കൊപ്പം മഹ്‌മൂദിന്റെ ബന്ധുവായ ഫൈസലും ആവശ്യമായ രേഖകൾ ശരിയാക്കാനായി രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
