ഹോർമുസ് അടച്ചു; ഇറാൻ സൈനിക കേന്ദ്രങ്ങളിൽ ബോംബിട്ട് അമേരിക്ക, തിരിച്ചടിക്കുമെന്ന് ഇറാൻ
പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന് നേരെ അമേരിക്കയുടെ മൂന്നാം ഘട്ട വ്യോമാക്രമണം. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഞായറാഴ്ച പുലർച്ചെ ആക്രമണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
രാജ്യാന്തര കപ്പൽ പാതയായ ഹോർമൂസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തുകയും കപ്പൽ പാത അടയ്ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് യുഎസ് സൈന്യം കനത്ത തിരിച്ചടി ആരംഭിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യുഎസ് വ്യോമസേനയും നാവികസേനയും ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പുതിയ ആക്രമണം തുടങ്ങിയത്.
ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എം.വി ജിഎഫ്എസ് ഗാലക്സി’ എന്ന സൈപ്രസ് പതാക ഘടിപ്പിച്ച വാണിജ്യ കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഈ ആക്രമണത്തിൽ കപ്പലിലെ ഒരു സാധാരണ ജീവനക്കാരനെ കാണാതാവുകയും കപ്പലിന്റെ എഞ്ചിൻ റൂമിന് കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കപ്പലിൽ വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഇതിന് യാത്ര തുടരാൻ സാധിക്കാത്ത അവസ്ഥയായി.
ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തങ്ങൾ പൂർണ്ണമായി അടച്ചതായി ഇറാൻ സൈന്യവും പ്രഖ്യാപിച്ചു. ഇതാണ് അമേരിക്കയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.
“ഇറാന് നൽകിയ അവസരം അവർ കളഞ്ഞു കുളിച്ചു”; യുഎസ് സെൻട്രൽ കമാൻഡ്
ഇറാന്റെ ഈ പുതിയ പ്രകോപനത്തിന് മറുപടിയായാണ് യുഎസ് സൈന്യം മൂന്നാം ഘട്ട ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു.
“മുൻപ് നടത്തിയ ആക്രമണങ്ങൾക്ക് ശേഷം സമാധാനപരമായി മുന്നോട്ട് പോകാൻ ഇറാന് ഞങ്ങൾ മറ്റൊരു അവസരം കൂടി നൽകിയിരുന്നു. എന്നാൽ അവർ അതിൽ വീണ്ടും പരാജയപ്പെട്ടു.
രാജ്യാന്തര കപ്പൽ പാതകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ആക്രമിക്കാനുള്ള ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർക്കുകയാണ് ഈ മൂന്നാം ഘട്ട ആക്രമണത്തിന്റെ ലക്ഷ്യം,” യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് കൺട്രോൾ റൂമുകൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ ആഴ്ചയുടെ തുടക്കത്തിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് രൂക്ഷമായ രണ്ട് ഘട്ട വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അണിയറയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള മൂന്നാം വട്ട യുദ്ധം കൊടുമ്പിരിക്കൊള്ളുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
