ഞായറാഴ്‌ച, ഓഗസ്റ്റ്‌ 16, 2026
Saudi ArabiaTop Stories

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ച 14000 പേർ അറസ്റ്റിൽ

റിയാദ്: രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞുവന്ന 14,542 പേരെ ഒറ്റ ആഴ്ചയ്ക്കിടെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമായി തുടരുകയാണ്.

ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 12 വരെയുള്ള കാലയളവിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവരിൽ 7,216 പേർ താമസ നിയമലംഘകരും (ഇഖാമ), 3,843 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും, 3,483 പേർ തൊഴിൽ നിയമലംഘകരുമാണ്. കൂടാതെ, രാജ്യത്തേക്ക് അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിച്ച 1,457 പേരെയും സുരക്ഷാ സേന പിടികൂടി.

ഇതിൽ 67 ശതമാനം പേർ ഇത്യോപ്യക്കാരും, 32 ശതമാനം പേർ യമനികളും, ഒരു ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്. രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 19 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

നിയമലംഘകർക്ക് സഹായവും താമസസൗകര്യവും തൊഴിലും നൽകിയ 22 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 30,540 പുരുഷന്മാരും 1,939 സ്ത്രീകളും ഉൾപ്പെടെ ആകെ 32,479 പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

പിടികൂടിയവരിൽ 12,945 നിയമവിരുദ്ധ താമസക്കാരെ ഇതിനകം നാടുകടത്തി. ബാക്കിയുള്ളവരിൽ 18,818 പേരെ യാത്രാരേഖകൾ സംഘടിപ്പിക്കുന്നതിനായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്കും, 6,355 പേരെ യാത്രാ ടിക്കറ്റുകൾ പൂർത്തിയാക്കുന്നതിനായുള്ള നടപടികളിലേക്കും മാറ്റി.

രാജ്യത്തേക്ക് അനധികൃതമായി കടന്നുവരുന്നവർക്ക് സഹായം നൽകുക, വാഹനങ്ങളിൽ എത്തിക്കുക, അഭയം നൽകുകയോ മറ്റ് സേവനങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.

ഇതിനായി ഉപയോഗിച്ച വാഹനങ്ങളും വീടുകളും കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്