നിതാഖാത്തിൽ സൗദികളുടെ എണ്ണം കണക്കാക്കാനുള്ള അന്തിമഘടന പ്രാബല്യത്തിൽ
റിയാദ് : സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള “ഖിവ” പ്ലാറ്റ്ഫോം, ‘നിതാഖാത്’ സ്വദേശിവൽക്കരണ പദ്ധതിയിൽ സൗദി ജീവനക്കാരെ കണക്കാക്കുന്നതിനുള്ള ഘടനക്ക് അന്തിമരൂപം നൽകി.
പുതിയ ഘടനയനുസരിച്ച്, ഒരു സൗദിയെ നിതാഖാതിൽ ഒരു സൗദി ജീവനക്കാരനായി നിലനിർത്താൻ, കഴിഞ്ഞ 52 ആഴ്ചകൾക്കിടയിലെ (ഒരു മുഴുവൻ വർഷത്തിലെ) സൗദി ജീവനക്കാരന്റെ ആകെ തൊഴിൽ കരാറുകൾ അഞ്ചിൽ കവിയാൻ പാടില്ല എന്നതാണ് പ്രധാനം.
അതോടൊപ്പം, ഒരു സൗദി ജീവനക്കാരനെ “നിതാഖത്തിൽ” ഉൾപ്പെടുത്തണമെങ്കിൽ, തൊഴിൽ കരാർ സാധുതയുള്ളതും “ഖിവ”യിൽ രജിസ്റ്റർ ചെയ്തതുമായിരിക്കണമെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കി. പ്ലാറ്റ്ഫോമിൽ ജീവനക്കാരന്റെ ആകെ രജിസ്റ്റർ ചെയ്ത ശമ്പളം കുറഞ്ഞത് 4,000 റിയാലായിരിക്കണം, കൂടാതെ ജീവനക്കാരൻ പാർട്ട് ടൈം ജീവനക്കാരനായോ വിദ്യാർത്ഥിയായോ രജിസ്റ്റർ ചെയ്യാൻ പാടില്ല എന്നതും നിബന്ധനയാണ്.
ആദ്യ തൊഴിൽ കരാറിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ (365 ദിവസം) ഏഴിൽ കൂടുതൽ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു സൗദി ജീവനക്കാരന് പുതിയ തൊഴിൽ കരാർ നൽകാൻ കഴിയില്ലെന്ന് ഖിവ പ്ലാറ്റ്ഫോം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള കരാറുകളെ സംബന്ധിച്ചിടത്തോളം, ഒരു സൗദി ജീവനക്കാരന് ഒരേസമയം ലിങ്ക് ചെയ്യാവുന്ന പരമാവധി തൊഴിൽ കരാറുകളുടെ എണ്ണം രണ്ട് തൊഴിൽ കരാറുകളാണെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി. നിലവിലുള്ള രണ്ട് കരാറുകൾ കൈവശം വച്ചുകൊണ്ട് ഒരു അധിക ജോലി ഏറ്റെടുക്കാൻ ജീവനക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുതിയ തൊഴിൽ കരാർ ഒപ്പ് വെക്കും മുമ്പ് നിലവിലുള്ള കരാറുകളിൽ ഒന്ന് അവസാനിപ്പിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
