കെ ഇ എഫ് ഗല്ലി ഗൂഗ്ലി മത്സരങ്ങളുടെ കലാശക്കൊട്ട് നാളെ നടക്കും
ജിദ്ദ:കേരള എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന നാനോ ക്രിക്കറ്റ് ടൂർണമെൻറ് ഗല്ലി ഗൂഗ്ലിയുടെ ഒന്നാം ഘട്ട മത്സരങ്ങളും ക്വാർട്ടർ മത്സരങ്ങളും അവസാനിപ്പിച്ചപ്പോൾ നാല് പ്രമുഖ ടീമുകൾ സെമിയിലെത്തി. വെള്ളിയാഴ്ച ശബാബിയ ഗ്രൗണ്ടിൽ ഉച്ചയ്ക്കു ശേഷം ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.

കെ ഇ എഫ്, കെ കെ ആർ, ലോതേർസ്, ടസ്‌കേഴ്‌സ് എന്നീ ടീമുകൾ മികച്ച വിജയങ്ങളിലൂടെ സെമിയിലെത്തി. മൂന്ന് ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകളിൽ നിന്നാണ് നാല് ടീമുകൾ സെമിയിൽ എത്തിയത്.

വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ ആരംഭിച്ചു കൃത്യമായ സമയക്രമത്തിലൂടെ പതിനാറു മത്സരങ്ങൾ പിന്നിട്ടപ്പോൾ വാശിയേറിയ പോരാട്ടങ്ങളും മികച്ച കളികളും ആസ്വാദകർക്ക് അവിസ്മരണീയമായ ഒരു ക്രിക്കറ്റ് ദിനമാണ് ജിദ്ദ യ്ക്ക് സംഭാവന നൽകിയത്.
ടീമുകൾക്ക് പുറമേ പ്രമോട്ടർമാർ രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, പ്രമുഖരായ മുൻ കളിക്കാർ, ആസ്വാദകർ തുടങ്ങി നിരവധി പേർ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തി

കെ ഇ എഫ് പ്രസിഡൻറ് അബ്ദുൽ റഷീദ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇവൻറ് ഡയറക്ടർ ഇഖ്ബാൽ പൊക്കുന്നിന്റെ നേതൃത്വത്തിൽ സംഘാടക സമിതി അംഗങ്ങൾ മത്സരങ്ങൾ നിയന്ത്രിച്ചു. മുഹമ്മദ് നൗഷാദ്, മുഹമ്മദ് കുഞ്ഞി എന്നിവർ കമന്റേറ്റർസ് ആയിരുന്നു. അൻസാർ അഹമ്മദ്, സഫ്വാൻ ഷാഹിദ് മലയിൽ, ഷഹീർ ഷാ, റിഷാദ് അലവി, സിയാദ്, മഖ്ബൂൽ, സാബിർ, ഷാഹിദ്, റോഷൻ മുസ്തഫ, അജ്മൽ, ഹാരിസ്, താജുദ്ദീൻ, അബ്ദുൽ മജീദ്, ആഷിക്, തംഷീർ, തൻസിയും എന്നിവർ മത്സരങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങൾ നൽകി.

ഒക്ടോബർ പതിനൊന്നാം തീയതി ദുർറ വില്ലയിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങളോടൊപ്പം ജിദ്ദയിലെ സ്കൂൾ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന മത്സരങ്ങളും ഫൈനൽ മത്സരങ്ങളും നടക്കും.
ഫൈനൽ ദിനത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ആവേശവും ആഹ്ലാദവും ആസ്വാദനവും സമ്മാനിക്കുന്ന ഫൺ ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദയിലെ കലാകാരികൾ അണിയിച്ചൊരുക്കുന്ന ക്രാഫ്റ്റ് സ്റ്റോളുകൾ പ്രമുഖ ഫുഡ് സ്റ്റോളുകൾ വിവിധ ഇലക്ട്രോണിക് ബ്രാൻഡുകളുടെ സെയിൽ പോയിന്റസ് മുതൽ ലൈവ് ഓർക്കസ്ട്രാ കലാപരിപാടികൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന കാർണിവൽ ആണ് അണിയിച്ചൊരുക്കുന്നത്.
പരിപാടിയിലേക്ക് എല്ലാ ജിദ്ദ നിവാസികളേയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
