കൊറോണ: ആശ്വാസ പദ്ധതികൾ ധാരാളമെങ്കിലും, ആശങ്കയോടെ ഗൾഫ് പ്രവാസികൾ.
വെബ്‌ഡെസ്‌ക്: മലയാളികളുടെ ഇഷ്ട പ്രവാസ ഭൂമികകൾ സ്വപ്നങ്ങൾ നഷ്ടപ്പെട്ട് മൂകമായ ഒറ്റപ്പെടലുകൾ അനുഭവിക്കുകയാണ്. ദിനം പ്രതി വർദ്ധിക്കുന്ന രോഗ നിരക്കും മരണ നിരക്കും തൊല്ലൊരു ആശങ്കയോടെയല്ലാതെ നോക്കിക്കാണാൻ കഴിയില്ല.
പ്രതിസന്ധികൾ തീർന്ന് ഇനി എന്ന് ജോലിക്ക് പോകാൻ കഴിയുമെന്ന ആശങ്കയിലാണ് സാധാരണ തൊഴിലാളികൾ. ബൂഫിയകളും ബക്കാലകളും ചെറുകിട സ്ഥാപനങ്ങളും കൊണ്ട് മുന്നോട്ട് പോകുന്നവർ നിത്യ വരുമാനമില്ലാതെ, നാട്ടിലേക്ക് പണമയക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്.
കോവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരകയറിയാൽ പോലും ലക്ഷക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികളുടെ ജോലികൾ ത്രിശങ്കുവിലാണ്.
ദുബായിൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ വെട്ടിക്കുറക്കാൻ കമ്പനികൾക്ക് അനുവാദം നൽകിക്കഴിഞ്ഞു. മാത്രമല്ല നില നിർത്തുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാനും കമ്പനികൾക്ക് അനുവാദമുണ്ട്.
ശമ്പളത്തോടെയോ അല്ലാതെയോ അവധി നൽകി വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറയാൻ കമ്പനികൾക്ക് അധികാരമുണ്ട്. ഈ കൊറോണാ കാല സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കമ്പനികൾക്ക് കര കയറാൻ വേണ്ടിയാണ് ഇങ്ങനെ തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നത്. പ്രവാസി തൊഴിലാളികൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത് എന്നുകൂടി നാം ചേർത്ത് വായിക്കണം.
സൗദി അറേബ്യയിൽ കമ്പനികൾ ഫൈനൽ എക്സിറ്റ് നൽകേണ്ടവരുടെ ലിസ്റ്റ് നൽകിയാൽ രാജ്യം യാത്രാ സൗകര്യമൊരുക്കും. നിലവിൽ കോൺട്രാക്റ്റ് തീർന്ന കമ്പനികൾക്കും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കമ്പനികൾക്കും ഇതിന്റെ ഗുണഫലം അനുഭവിക്കാമെങ്കിലും പ്രതിസന്ധിയിലാവുക ആയിരക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികളാണ്.
മുസ്ലിം ലോകത്തിന്റെ ഹൃദയമായ മക്കയും മദീനയും മുഴുസമയ കർഫ്യുവിലായിട്ട് നാളുകളായി. ദമാമിലും ഖതീഫിലും തായിഫിലും നിരോധനാജ്ഞ സമയം ദീർഘിപ്പിച്ചു. ജിദ്ദയും റിയാദും പല പ്രവിഷ്യകളും 24 മണിക്കൂർ കർഫ്യു ആണ്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കടുത്ത ശിക്ഷകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് ഇതുവരെ അന്തിമ തീരുമാനമായില്ല. സന്നദ്ധ സംഘടനകളും നല്ലവരായ സൗദികളും നൽകുന്നത്കൊണ്ട് മാത്രം വയറു നിറയുന്നവരുടെ എണ്ണം കൂടി വരുകയാണ്.
ഒമാനിലും സ്ഥിതി മറിച്ചല്ല, നിത്യോപയോഗ സാധനങ്ങളും മെഡിക്കൽ ഷോപ്പുകളും ഒഴിച്ച് മറ്റു സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല.
കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഒമാനിലുടനീളം പ്രഖ്യാപിച്ചിരിക്കുന്നത്. മത്ര അടക്കമുള്ള വൻ പ്രവാസി സാനിദ്ധ്യമുള്ള ഇടങ്ങളൊക്കെ മുഴുസമയ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിൽ ഇന്നലെയും ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആരാധനാലയങ്ങളിൽ കൂട്ടമായി പ്രാർത്ഥന നടത്തുന്നതിന് വിലക്കുണ്ട്. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത്കൊണ്ട് തന്നെ വരുമാനം നിലച്ച അവസ്ഥയിലാണ് പ്രവാസികൾ.
എന്നാൽ കോറന്റൈനിലും ഐസൊലേഷനിലും ഉള്ള മുഴുവൻ പ്രവാസി തൊഴിലാളികൾക്കുമുള്ള ശമ്പളം ഉറപ്പു വരുത്തുമെന്ന ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ വാക്ക് പ്രതീക്ഷയേകുന്നതാണ്.
കുവൈറ്റിലെ അവസ്ഥയും മറ്റൊന്നല്ല. രാജ്യം ഭാഗികമായി കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾ പ്രവാസികളുടെ ചങ്കിടിപ്പ് വർദ്ദിപ്പിക്കുകയാണ്. അതിനിടയിലാണ് കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.
ആശ്വാസവും ആശങ്കയും ഒരുമിച്ച് വരുന്ന അവസ്ഥയിലാണ് പ്രവാസികൾക്ക് ഈ വാർത്ത. നാട്ടിലേക്ക് കയറിപ്പോയാലും അവിടെയും സ്ഥിതി മറിച്ചല്ല എന്നത് വലിയ പ്രതിസന്ധിയാണ്. എങ്കിലും നിയമപ്രകാരം പൊതുമാപ്പ് വാങ്ങി പോകുന്നവർക്ക് കുവൈറ്റിലേക്ക് വീണ്ടും വരുന്നതിന് തടസ്സമില്ല.
ഗൾഫ് മേഖലയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് ബഹറൈനിൽ ആയിരുന്നു. ഏപ്രിൽ 9 വരെയാണ് ബഹറൈനിൽ സ്ഥാപനങ്ങൾ തുറക്കുന്നതിന് ആദ്യഘട്ട വിലക്കുള്ളത്. ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കും.
രോഗ മുക്തിയിൽ മുന്നിലുള്ളത് ഗൾഫ് മേഖലയിൽ നിന്ന് ബഹറൈനാണ് എന്നത് പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്ത് ഭാഗിക കർഫ്യു പ്രഖ്യാപിക്കുന്നതിന് പാർലെമെന്റിൽ നടന്ന വോട്ടെടുപ്പിൽ രണ്ടിനെതിരെ 19 വോട്ടുകളാണ് കർഫ്യുവിനെ അനുകൂലിച്ച് ലഭിച്ചത്.
കനത്ത പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യയും യുഎഇ യും കുവൈറ്റും ഒമാനും ഖത്തറും ബഹറൈനുമെല്ലാം തങ്ങളുടെ രാജ്യങ്ങളുടെ അഭിവൃദ്ധിക്കായി പ്രയത്നിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകാനും, പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്താനും മുന്നോട്ട് വന്നത് ആ രാജ്യങ്ങളുടെ മഹിതമായ ശ്രേഷ്ഠതയാണെന്ന് അവിടങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾ പറയുന്നു.
വിസ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കിയും താമസം, വെള്ളം, കറന്റ് വാടകകൾ ഒഴിവാക്കിയും, രാജ്യത്തെ അനധികൃത താമസക്കാർക്ക് പോലും സൗജന്യ ചികിത്സ ലഭ്യമാക്കിയും ഭക്ഷണകിറ്റുകൾ എത്തിച്ചും ഗൾഫ് രാജ്യങ്ങൾ രാജ്യത്തെ പ്രവാസികൾക്ക് താങ്ങായി നിൽക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa