Saturday, November 16, 2024
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം 40,000 കടന്നു; സ്വയം സംരക്ഷകരാവുക, മറ്റു മാർഗങ്ങളില്ല.

വെബ്ഡെസ്ക്: ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ദിവസം തോറും വർധിക്കുകയാണ്. നിലവിൽ ഗൾഫിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40,000 ന് മുകളിലായിട്ടുണ്ട്.

കൊറോണ വൈറസ് അതിവേഗം വളരുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ല. സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും വീടുകൾ കോറന്റൈൻ കേന്ദ്രങ്ങളാക്കിയും പരമാവധി ഒറ്റപ്പെട്ട് ജീവിക്കുന്നതിലൂടെ മാത്രമേ കോവിഡ് പ്രതിരോധം സാധ്യമാവുകയുള്ളു.

നിലവിൽ കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാജ്യങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ദുബയ് നിയന്ത്രണങ്ങളിൽ നിന്ന് ബാഗിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 10 വരെ മുൻകൂർ അനുമതിയില്ലാതെ പുറത്തിറങ്ങാം എന്നാൽ സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കണം.

ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്കിടയിലെ രോഗ വ്യാപനവും മരണ നിരക്കും വർധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളത്. ചില ഗൾഫ് രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഇന്ത്യക്കാരുടെ ബാഹുല്യം ഞെട്ടിപ്പിക്കുന്നതാണ്.

സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ മരുന്ന്. ചെറിയ റൂമുകളിൽ എട്ടും പത്തും പേർ യാതൊരു മുൻകരുതലുകൾക്കും ഇടം നൽകാൻ കഴിയാത്ത വിധം തിങ്ങി ഞെരുങ്ങി ജീവിക്കുന്ന സാഹചര്യമുണ്ട്. ഇവിടങ്ങളിൽ കൂടുതൽ കരുതൽ ആവശ്യമാണ്.

പൊതുവെ മിക്ക തൊഴിൽ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. റൂമുകളിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങൾക്കും മറ്റുമായി പുറത്ത് പോകുന്നവർ കൂട്ടമായി പുറത്ത് പോകാതെയിരിക്കുക. കഴിവതും ഒരാൾ മാത്രം പോകുക, അതും ഏറ്റവും അടുത്തുള്ള ഷോപ്പുകളിൽ മാത്രം പോകുക. ഒന്നിലധികം ഷോപ്പുകൾ സന്ദർശിക്കേണ്ട അവസ്ഥ വന്നാൽ എത്രയും പെട്ടന്ന് മടങ്ങാൻ ശ്രദ്ധിക്കുക.

റൂമുകളിൽ എത്തിയ ഉടൻ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ, കാലുകൾ വൃത്തിയാക്കുക, ചെരിപ്പുകൾ ഈ പ്രത്യേക സാഹചര്യത്തെ മുൻനിർത്തി റൂമുകൾക്ക് പുറത്ത് തന്നെ വെക്കുന്ന സാഹചര്യമുണ്ടാക്കുക.

താമസസ്ഥലത്ത് ആർക്കെങ്കിലും കോവിഡ് അസുഖബാധയുടെ ലക്ഷണങ്ങൾ കാണിച്ചാൽ അയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വേണ്ട മുൻകരുതലുകൾ എടുക്കുക. പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന റൂമുകളിൽ അഞ്ചും പത്തും പേർക്ക് ഒരു കോമൺ ടോയ്‌ലറ്റ് ആണുണ്ടാവുക. ഇത് കൂടുതൽ അപകട സാധ്യത വരുത്തുന്നതാണ്. സാനിറ്റൈസറുകളും സോപ്പും കൂടെ കൂടെ ഉപയോഗിക്കുക.

കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈകൾ സ്പർശിക്കുന്നത് സൂക്ഷിക്കുക. നിരന്തരം കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ഭക്ഷണം കൂട്ടമായിരുന്ന് ഒരു പാത്രത്തിൽ നിന്ന് കഴിക്കാതെ തനിയെ കഴിക്കുക.

സൗദി അറേബ്യയിൽ 16,000 ന് മുകളിലാണ് കോവിഡ് ബാധിതരുള്ളത്. അവസാന ആഴ്ചയിൽ ഓരോ ദിവസവും ആയിരത്തിനു മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വീടുകളിലും താമസ സ്ഥലങ്ങളിലും നേരിട്ട് ചെന്നുള്ള പരിശോധനകൾ ഫലപ്രദമകുന്നുണ്ട് ഇവിടെ. 136 മരണങ്ങൾ രാജ്യത്ത് സംഭവിച്ചപ്പോൾ 2,215 പേർ രോഗ വിമുക്തരായി.

ഏറ്റവും കൂടുതൽ മലയാളികൾ മരണപ്പെട്ടത് യുഎഇ യിലാണ്. യുഎഇയിൽ ആകെ 64 പേർ മരണപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾക്ക് അല്പം അയവു വന്നിട്ടുണ്ടെങ്കിലും രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ കുറവില്ല എന്നത് ആശങ്കാജനകമാണ്.

ഖത്തറിൽ 9,358 പേർ രോഗബാധിതരായി. 10 മരണങ്ങളും 929 രോഗ വിമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച സർക്കാർ വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.

കുവൈറ്റിലും സ്ഥിതി ആശാവഹമല്ല, 2,892 പേരാണ് രജിസ്റ്റർ ചെയ്യപ്പെട്ട രോഗികൾ. ഇന്ത്യക്കാരാണ് രോഗം പിടിപെടുന്നവരിൽ കൂടുതലും, സാമൂഹിക ഇടപെടലുകളിൽ നിന്നാണ് കൂടുതലും പിടിപെടുന്നത്. 19 പേർ രാജ്യത്ത് മരണപ്പെട്ടു. 656 റിക്കവറികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബഹറൈനിൽ താരതമ്യേന രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. 2,588 രോഗികളിൽ 1160 പേരും രോഗ വിമുക്തരായി. 8 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇന്നലെ 301 പേരാണ് രോഗ ബാധിതരായത്.

ഒമാനിൽ 1,905 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10 മരണങ്ങളും 329 രോഗ വിമുക്തിയും റിപ്പോർട്ട് ചെയ്തു. ഇന്നലെ 74 പേർ മാത്രമേ രോഗ ബാധിതരായിട്ടുള്ളു എന്നത് തികച്ചും ആശ്വാസകരമാണ്.

ഗൾഫിൽ ഇതുവരെ 247 പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു. കഴിഞ്ഞ നാലു ദിവസങ്ങളിൽ ഗൾഫിലെ രോഗബാധ നിരക്ക് 2000 നു മുകളിലാണ്. ഇവിടങ്ങളിലെ ഭരണാധികാരികളുടെ കരുതൽ കൊണ്ടുമാത്രമാണ് മരണ നിരക്കും രോഗബാധാ നിരക്കും ഗണ്യമായി വർദ്ധിക്കാത്തത്.

എന്നിരുന്നാലും സ്വയം സുരക്ഷിതരാവുകയല്ലാതെ കോവിഡിനെ പ്രതിരോധിക്കാൻ കുറുക്കുവഴികളില്ല. അനാവശ്യമായി പുറത്തിറങ്ങിയുള്ള കറക്കവും സുരക്ഷിത അകലം പാലിക്കാത്ത സൗഹൃദവുമെല്ലാം അപകടം ക്ഷണിച്ചുവരുത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa