ഇനി അടുത്തെങ്ങാനും സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ എന്നറിയില്ല; വലിയൊരു സംഖ്യ കടം വീട്ടാനുണ്ട്, അബ്ദുല്ല പറഞ്ഞ് നിർത്തി
കൊണ്ടോട്ടിക്കാരനും പരിചയക്കാരനുമായ അബ്ദുല്ലയുമായി യാദൃശ്ചികമായാണു വാട്സാപ് ചാറ്റിംഗിൽ സംഭാഷണം നടന്നത്. ആൾ കൊറോണ പ്രതിസന്ധികൾ ആരംഭിക്കും മുംബ് തന്നെ സൗദിയിൽ നിന്ന് 6 മാസ ലീവിൽ നാട്ടിലെത്തിയതായിരുന്നു.
മലയാളികൾ നടത്തുന്ന ഒരു കടയിൽ ജീവനക്കാരനായിരുന്നു അബ്ദുല്ല. നേരത്തെ ഉണ്ടായിരുന്ന വിസ നിലവിലെ കടയിലേക്ക് കഫാല മാറ്റിയതായിരുന്നു. എങ്കിലും ഇഖാമ പുതുക്കാൻ വലിയൊരു തുക അബ്ദുല്ല തന്നെ ഇപ്പോഴും സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കേണ്ട അവസ്ഥയായിരുന്നു ഉള്ളത്. ലെവി സ്വന്തം അടക്കേണ്ട ഗതികേടിലായിട്ടും നാട്ടിൽ വന്നിട്ട് നാളേറെയായതിനാലായിരുന്നു 6 മാസ റി എൻട്രി വിസ ഇഷ്യു ചെയ്ത് നാട്ടിലേക്ക് വന്നത്.
എന്നാൽ റി എൻട്രി അവസാനിക്കാൻ ഏതാനും ദിവസങ്ങൾക്ക് ബാക്കിയിരുന്ന സമയത്തായിരുന്നു സൗദി അന്താരാഷ്ട്ര വ്യോമഗതാഗതം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മൂന്ന് ദിവസത്തിനുള്ളിൽ മടങ്ങാൻ അവസരമുണ്ടായിരുന്നെങ്കിലും ടിക്കറ്റ് ലഭിക്കാതിരുന്നതിനാൽ മടക്ക യാത്ര സാധ്യമായില്ല.
താത്ക്കാലികമായ ഒരു വിലക്കായിരിക്കുമെന്നും ഏതാനും ദിവസങ്ങൾ കൊണ്ട് എല്ലാം ശരിയാകും എന്നുമായിരുന്നു അബ്ദുല്ലയുടെ പ്രതീക്ഷ. എന്നാൽ എല്ലാ പ്രതീക്ഷയും തകിടം മറിച്ച് കൊണ്ട് സൗദിയിൽ പിന്നീട് കൊറോണ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതായിരുന്നു കണ്ടത്. അത് കൊണ്ട് തന്നെ മടക്ക യാത്രാ തീയതി അനന്തമായി നീണ്ടു.
ഇതിനിടക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓട്ടോമാറ്റിക് പുതുക്കലിൽ അബ്ദുല്ലയുടെ ഇഖാമയും റി എൻട്രിയും ഇടം പിടിച്ചു. ഏറ്റവും അവസാനം പുതുക്കിയത് സെപ്തംബർ 30 വരെയായിരുന്നു. എന്നാൽ പിന്നീട് ഇഖാമയോ റി എൻട്രിയോ പുതുക്കിയിട്ടില്ല. ലെവി അടക്കാനുള്ള പണം ഒരു വിധത്തിലും ഒപ്പിക്കാൻ സാധിക്കാത്തതിനാൽ സൗദിയിലുള്ള സ്ഥാപനമുടമകളോട് പുതുക്കാൻ ആവശ്യപ്പെടാനും സാധ്യമല്ലെന്നാണു അബ്ദുല്ല പറയുന്നത്.
‘ഇനിയൊരു മടക്കയാത്ര സൗദിയിലേക്ക് അടുത്തെങ്ങാനും ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, വലിയ സംഖ്യ കടം വാങ്ങിയത് പലർക്കും നൽകാനുണ്ട്. ഒരു ഓട്ടോമാറ്റിക് പുതുക്കൽ കൂടി ഉണ്ടായിരുന്നെങ്കിൽ സൗദിയിലെത്തി ലെവി തുകയും മറ്റും അവിടെ നിന്ന് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കൊടുക്കാമായിരുന്നു’ എന്നാണു അബ്ദുല്ല പറയുന്നത്.
നിരവധി ചെറു കിട സ്ഥാപനങ്ങൾ സ്ഥാപിച്ച് അവ നടത്തിക്കൊണ്ട് പോകാനായി പ്രവാസികൾക്ക് നൽകുന്ന ഒരു സ്വദേശി പൗരൻ്റെ കീഴിലുള്ള മറ്റൊരു പരിചയക്കാരനും ഇതേ അവസ്ഥയാണു പങ്ക് വെച്ചത്.
സ്ഥാപനം ഏറ്റെടുത്ത് സ്വന്തം നിലയിൽ നടത്തുകയായതിനാൽ ലെവി തുക സ്വന്തമായി കണ്ടെത്തി ഇഖാമ പുതുക്കേണ്ട അവസ്ഥയിലാണുള്ളത്. എന്നാൽ താൻ നാട്ടിലായതിനാൽ വലിയ ലെവി തുക സംഘടിപ്പിക്കാൻ വളരെ പ്രയാസപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത മാർച്ച് മുതൽ സൗദിയിലെ തൊഴിൽ മേഖലയിലെ നടപടികൾ വളരെ എളുപ്പമുള്ളതും ആശ്വാസകരവുമായി മാറുമെന്നതിനാൽ എങ്ങനെയെങ്കിലും സൗദിയിലെത്തിയിരുന്നെങ്കിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാമായിരുന്നു എന്ന സ്ഥിതി വന്ന സന്ദർഭത്തിൽ തന്നെയാണു ഡയറക്ട് വിമാന സർവീസ് ഇല്ലാത്തതിനാലും ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിച്ചതിനാലും നൂറു കണക്കിനാളുകളുടെ മടക്ക യാത്ര ഇനിയും അനിശ്ചിതത്വത്തിൽ തുടരുന്നത്.
അതേ സമയം ജനുവരിയിൽ അന്താരാഷ്ട്ര അതിർത്തികൾ സൗദി അറേബ്യ പൂർണ്ണമായും തുറക്കുന്നതോടെ എന്തെകിലും പരിഹാരം സൗദി എംബസി വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണു പലരുമുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa