തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാക്രമം ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി: വാക്സിൻ നൽകുന്നത് മൂന്ന് ഘട്ടങ്ങളിലായി

ജിദ്ദ: രാജ്യത്ത് കൊറോണ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാക്രമം ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാർ വിശദീകരിച്ചു.

ഒന്നാം ഘട്ടം ഈ മാസാവസാനം മുതൽ മാർച്ച് വരെയായിരിക്കും നൽകുക. ഈ ഘട്ടത്തിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും അമിത വണ്ണമുള്ളവർക്കും വൈറസ് ബാധിതരാകാൻ സാധ്യതയുള്ളവർക്കും ആയിരിക്കും മുൻഗണന.

രണ്ടാം ഘട്ടം മാർച്ച് മുതൽ ജൂൺ വരെയായിരിക്കും നൽകുക. ഈ ഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ളവർ , ആസ്തമ , പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കാൻസർ ബാധിച്ചവർ എന്നിവരാണു ഉൾപ്പെടുക.

അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും സർക്കാർ സ്വകാര്യ മേഖലാ ജീവനക്കാർക്കും ജൂലൈ മുതൽ ആയിരിക്കും വാക്സിൻ നൽകുക. സെപ്തംബർ മുതൽ രാജ്യത്തുള്ള മുഴുവൻ ജനങ്ങൾക്കും പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ നൽകും.

കോവിഡ് വാക്സിൻ ആരെയും നിർബന്ധിപ്പിച്ച് സ്വീകരിക്കാൻ പ്രേരിപ്പിക്കില്ലെന്നും തീർത്തും സൗജന്യമായാണു വാക്സിൻ നൽകുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്