Sunday, September 22, 2024
Travel

ഓ, മാൻ, ഒമാൻ…! ഒരു മുസന്ധം യാത്ര

‘ഒന്നിൽ പിഴച്ചാൽ മൂന്നെ’ന്നല്ലോ പഴഞ്ചൊല്ല്. മുന്പത്തെ രണ്ടു മുസന്ധം യാത്രകളും, റബർപന്തുപോലെ യുഎഇ ബോർഡർ പോസ്റ്റിൽ തന്നെ തട്ടിത്തെറിച്ചിരുന്നു; എനിക്കോ, കൂട്ടത്തിലാർക്കെങ്കിലുമോ വിസ വാലിഡിറ്റി/പ്രൊഫഷൻ തുടങ്ങി എന്തെങ്കിലും കാരണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തവണയൊരു മുന്നൊരുക്കം നടത്തി – ഞാൻ ഒമാൻ കോൺസുലേറ്റിൽനിന്നും, കൂടെയുള്ള സുധീറും രോഹിതും അഹ്മദ്കയും ഒൺലൈൻ ആയും വിസയുമെടുത്തു. യാത്രകൾക്കും മറ്റുവിനോദങ്ങൾക്കും, തിരക്കുകൂടിയ സ്ഥലങ്ങളും സമയവും ഒഴിവാക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. നബിദിനവും ദേശീയദിനവും വന്ന, നീണ്ട വാരാന്ത്യം ഒഴിവാക്കി യാത്ര അടുത്തയാഴ്ചയിലേക്കു പ്ലാൻ ചെയ്തു.

പൊതുവെ ഒരു ‘early bird’ ആയ ഞാൻ, യാത്രാരംഭം കഴിയുന്നതും അതിരാവിലെയാക്കും. രാവിലെ നല്ല ഫ്രഷായിരിക്കും എന്നതും മലിനീകരണവും തിരക്കും കുറഞ്ഞ റോഡുകൾ, യാത്രാലക്ഷ്യത്തിൽ വേഗത്തിലെത്താൻ സഹായിക്കുന്നതും കാരണങ്ങളാണ്.

പുലർച്ചെ 4:30. എണീറ്റയുടൻ ഫോണെടുത്തു, ബർ ദുബായിലും ദേരയിലുമുള്ള സുധീറും രോഹിതും എണീറ്റെന്നുറപ്പാക്കി. പ്ലാനനുസരിച്ചു അവർ, നാഷണൽ പെയിന്റ്‌സിലുള്ള ഞങ്ങളുടെ ഫ്‌ളാറ്റിൽ 5:30നു എത്തേണ്ടതുണ്ട്. കൃത്യസമയത്തുതന്നെയെത്തിയ അവർക്കു, സമയനിഷ്ഠ പാലിച്ചാൽ വാഗ്‌ദാനം ചെയ്തിരുന്ന ഒന്നാംതരം പാൽചായയും പുഴുങ്ങിയ നേന്ത്രപ്പഴവും കൂടെ ബ്രെഡും പീനട്ട് ബട്ടറും. 175 കിലോമീറ്ററും രണ്ടര-മൂന്നരമണിക്കൂറൂമെടുക്കുന്ന കസബിലെത്താൻ അതുധാരാളം.

001.jpg

6:15 – ഇരുട്ടു മാറിയിട്ടില്ല അപ്പോഴും. പാസ്‌പോർട്, ഓൺലൈൻ വിസ തുടങ്ങി യാത്രാരേഖകളും മറ്റും ഒന്നുകൂടി ഉറപ്പാക്കി, ലഗേജും കാമറയും അത്യാവശ്യത്തിനു വെള്ളവും സ്‌നാക്‌സും എല്ലാം വണ്ടിയിൽ കേറ്റി. സ്റ്റാർട്ട്! അടുത്ത പന്പിൽനിന്നും പെട്രോൾ നിറച്ചു. മുന്പത്തെപോലെയല്ല, ഇപ്പോൾ ഇന്ധനവില കൂടുതൽ ഒമാനിലാണ്. അടുത്ത സ്റ്റോപ്പ് യുഎഇ ബോർഡർ പോസ്റ്റ് ആയിരുന്നെങ്കിലും, ഉമ്മുൽഖുവൈൻ-റാസൽഖൈമ അതിർത്തിയിലെത്തിയപ്പോൾ, തണുത്ത കാറ്റേറ്റു നോക്കെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയുടെ മുകളിലായി, തെക്കുകിഴക്കൻ ചക്രവാളത്തിൽ സൂര്യന്റെ പൊൻപുലരിയുടെ മനോഹര കാഴ്ച. രോഹിതിലെ ഫോട്ടോഗ്രാഫർ ഉണർന്നു. വണ്ടി സൈഡാക്കി; സുധീറും കാമറയെടുത്തു കൂടെ. കുറച്ചു ഫോട്ടോ പരീക്ഷണങ്ങൾ.

ആക്സിലേറ്ററിൽ വീണ്ടും കാലമർന്നു. എട്ടുമണിക്കു ബോർഡർ പിടിക്കണം. വലിയ തിരക്കു പ്രതീക്ഷിക്കുന്നില്ല; അതുശരിയായിരുന്നുതാനും. എന്നിട്ടും യുഎഇ എക്സിറ്റ്, ഒമാൻ കാർ ഇൻഷുറൻസ്, ഒമാൻ വിസ സ്റ്റാന്പിങ് എല്ലാം ഒരുമണിക്കൂർ കവർന്നെടുത്തു.

മുസന്ധം

ഒമാനിലെ 11 ഗവർണറേറ്റുകളിലൊന്നാണ് മുസന്ധം. 1800 ച.കി. വ്യാപിച്ചുകിടക്കുന്നെങ്കിലും, 45,000 ആളുകൾ മാത്രമുള്ള, ജനസാന്ദ്രത ഏറ്റവും കുറഞ്ഞ പ്രദേശമാണിത്. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും വേർതിരിക്കുന്ന, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക്  ഇവിടെയാണ്. കടലിലേക്കു തള്ളിനിൽക്കുന്ന ചെങ്കുത്തായ മലകളുള്ളതിനാൽ , മുസന്ധം ‘നോർവേ ഓഫ് അറേബ്യ’ എന്നറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായി മെയിൻലാൻഡ് ഒമാനിൽ നിന്നും മാറി സ്ഥിതിചെയുന്ന ഇങ്ങോട്ടു, മസ്കറ്റിൽ നിന്നോ സലാലയിൽ നിന്നോ കരമാർഗം വരണമെങ്കിൽ യുഎഇ വഴിയേ കഴിയൂ. യുഎഇക്കകത്തെ, ഒമാന്റെ ‘എക്സ്ക്ലേവ് ’ ആയ ‘മദ്ഹ’യും ഈ ഗവർണറേറ്റിന്റെ ഭാഗമാണ്. മസ്കറ്റിൽ നിന്നും കസബിലേക്ക് വിമാന-ഫെറി സർവീസുകളുണ്ട്. ടൂറിസം, മത്സ്യബന്ധനം, ആടുവളർത്തൽ, ഇറാനിലേക്കുള്ള ചരക്കുകയറ്റുമതി എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ.

006.JPG

ഈ ഗവർണറേറ്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ് കസബ്. ഒരുതരത്തിൽ പറഞ്ഞാൽ പട്ടണമെന്ന വിശേഷണമൊന്നും ചേരാത്ത ഒരുകൊച്ചു പ്രദേശം. ഒരുഭാഗം കടലും മറ്റിടങ്ങളിൽ വന്മലനിരകളാലും ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടെ, ഗവണ്മെന്റ് ഓഫിസുകൾ കൂടാതെ,ഏതാനും കുറച്ചു റിസോർട്ടുകളും ഫ്‌ളാറ്റുകളും (ഞാൻ കണ്ടതിൽ ഏറ്റവും തിരക്കുകുറഞ്ഞ) ഒരു ‘ലുലു’വും പിന്നെ ചെറിയ കുറേ ഷോപ്പുകളും മാത്രം. യുഎഇയിൽ നിന്നും വരുന്ന – പ്രത്യേകിച്ചു വാരാന്ത്യങ്ങളിലും മറ്റു അവധിദിവസങ്ങളിലും – ടൂറിസ്റ്റുകൾ തന്നെയാണ് ഈ പട്ടണത്തെ സജീവമാക്കുന്നത്. ദുബായിൽ നിന്നുംമറ്റും എത്തുന്നവർ ആദ്യം ശ്രദ്ധിക്കുക ഒരുപക്ഷെ, ഇവിടുത്തെ ശാന്തതയും തിരക്കുകുറവുമായിരിക്കും. തീരെ ബിസിയല്ലാത്ത ലൈഫ്‌സ്‌റ്റൈലും, ആതിഥേയമര്യാദയും സ്നേഹവുമുള്ള ഒമാനികളും ഈ പട്ടണത്തിലെ നിങ്ങളുടെ സന്ദർശനത്തെ ഊഷ്മളമാക്കുന്നു.

007.JPG

ബോർഡർ പോസ്റ്റിൽ നിന്നും ഏതാനുംവാര വണ്ടിയോടിച്ചപ്പോൾതന്നെ, മുസന്ധം എന്തുകൊണ്ടു ഒരുപാടുപേരെ ആകർഷിക്കുന്നുവെന്നു മനസ്സിലായി. ഇതുവരെ കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തമായതും അതിമനോഹരമായതുമായ ഒരു ലാൻഡ്‌സ്‌കേപ്പ് ആണ് ബോർഡർ മുതൽ കസബ് പട്ടണം വരെ. റോഡിനു ഇടതുഭാഗം, നീലയും പച്ചയും കൂടിയ തെളിനിറമുള്ള പേർഷ്യൻ ഉൾക്കടൽ. അങ്ങിങ്ങായി ചരക്കുകളുമായി നീങ്ങുന്ന കപ്പലുകളും ബോട്ടുകളും. വലതുവശത്തു ചുണ്ണാമ്പ് അടങ്ങിയ പാറയടുക്കുകളാൽ നിർമിതമായ കീഴ്ക്കാംതൂക്കായ മലനിരകൾ. വഴിയിലായി തിബാത്, ബുഖ, അൽജാദി, ഹനാ, മുഖി, ഖദാഹ് തുടങ്ങിയ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും. ഇടയ്‌ക്ക്‌ കാർ പാർക്ക് ചെയ്തു കാണാനും ഫോട്ടോയെടുക്കാനുമുള്ള വ്യൂപോയിന്റുകൾ.

ഖസബ്

റോഡിന്റെ ഇടതുവശത്തു അതാനാ ഖസബ് റിസോർട്ട് പ്രത്യക്ഷപ്പെടുന്നതോടെ കസബ് പട്ടണമായി. അതുകഴിഞ്ഞയുടനെ കുളിക്കാനും ക്യാംപിങ്ങിനും ബീച്ച് ഡ്രൈവിങ്ങിനുമെല്ലാം പറ്റിയ മനോഹരമായ, ചെറിയൊരു ബീച്ച്.

 

007A.JPG11 മണിയായി. കസബിലെത്തി ഭക്ഷണം കഴിച്ചു, നേരെ ബോട്ട് യാത്രക്കുവേണ്ടി പോർട്ടിലേക്കുവിട്ടു. പരന്പരാഗത ബോട്ടുകളും ആധുനിക സ്പീഡ് ബോട്ടുകളും ഇവിടെയുണ്ട്. വാടക, തിരക്കിനനുസരിച്ചും വിലപേശാനുള്ള കഴിവിനനുസരിച്ചും ആകും. യുഎഇ ദിർഹംസ് എല്ലായിടത്തും എടുക്കുന്നു എന്നൊരു സുഖമുണ്ട്. 500 ദിർഹം പറഞ്ഞ ഒമാനിയോട് വിലപേശി 300ൽ എത്തിച്ചു. സ്‌പീഡ്‌ ബോട്ട് ആയിരുന്നു. അതാകുന്പോൾ നമ്മുടെ സൗകര്യമനുസരിച്ചു പോകുകയും വരികയും ചെയാം. വെള്ളിയാഴ്ച ജുമുഅക്കു സമയമായി. എന്നെയും അഹ്മദ്ക്കയെയും ബോട്ട് ഡ്രൈവറെയും പള്ളിയിൽവിട്ടു, രോഹിതും സുധീറും കസബ് കറങ്ങാൻ പോയി.

രണ്ടുമണിക്കു വീണ്ടും പോർട്ടിലെത്തി. 2-3 മണിക്കൂറെടുക്കുന്ന ഈ ബോട്ടുയാത്രയാണു കസബിലെ മുഖ്യ ആകർഷണം.  രണ്ടുമൂന്നു സ്ഥലത്തു, പാറക്കൂട്ടങ്ങൾക്കിടയിൽ ചെറിയ ബീച്ചുകൾ. തലേദിവസം ബോട്ടിൽവന്നു ടെന്റടിച്ചു കൂടിയ വിനോദസഞ്ചാരികളവിടെയുണ്ട്. ശാം, ടെലിഗ്രാഫ്, സീബി തുടങ്ങിയ ദ്വീപുകളിലൂടെ അവസാനം എല്ലാവരും കാത്തിരിക്കുന്ന, ഡോൾഫിനുകളുടെ സ്ഥലത്തെത്തിക്കുന്നു. അവിടെയെത്തുന്പോൾ ഒരു പ്രത്യേക ഈണത്തിൽ ചൂളമടിച്ചു ബോട്ട് ഡ്രൈവർ ഡോൾഫിനുകളെ ആകർഷിക്കുന്നു. സമയത്തിനും ഭാഗ്യത്തിനമനുസരിച്ചൂ ഡോൾഫിനുകൾ പ്രത്യക്ഷപ്പെടുന്നതിൽ വ്യത്യാസം വരാം. ബോട്ടിനു ചുറ്റും ഡോൾഫിനുകൾ നീന്തിക്കളിക്കുന്നതും dive ചെയ്‌യുന്നതും നല്ല കാഴ്ച തന്നെയാണ്.

011Q

സമയം മൂന്നരയായി. മടങ്ങാൻ സമയമായി. വഴിയിൽ, ടെലിഗ്രാഫ് ദ്വീപിൽ ഒരു സ്റ്റോപ്പ്. 1860കളിൽ ബ്രിട്ടീഷുകാർ ടെലിഗ്രാഫ് റിപീറ്റർ സ്റ്റേഷൻ ആയി ഉപയോഗിച്ചാണ് ഈ ചെറുദ്വീപിനു ആ പേരു വന്നത്. ദ്വീപിലിറങ്ങി കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം, കടലിലിറങ്ങി ഒരു കുളി. നല്ല തെളിഞ്ഞ വെള്ളമാണ് ഇവിടുത്തേത്, എന്നാൽ താരതമ്യേന ഉപ്പുരസം കൂടുതലും. വീണ്ടും ബോട്ടിൽ; ഇനി കസബ് പോർട്ടിലേക്ക്.

കാഴ്ചകളിൽ മനംമയങ്ങി സമയം 3 മണിക്കൂർ പോയതറിഞ്ഞില്ല. കസബിലെത്തി. 5 മണി കഴിഞ്ഞു. ഡ്രൈവർക്കു പണം നൽകി, കൈകൊടുത്തു വണ്ടിയിലേക്ക്. ഭക്ഷണം കഴിച്ചു ഹോട്ടലിൽ പോയി റൂം എടുത്തു. 2 ബെഡ്‌റൂം അപാർട്മെന്റ്; കിച്ചൺ സൗകര്യമടക്കം. 300 ദിർഹംസ് ആണ് വാടക. കാമറ, മൊബൈൽ എന്നിവ ചാർജ് ചെയ്തു, എടുത്ത ഫോട്ടോസ് എല്ലാം ഓന്നോടിച്ചുനോക്കി, അൽപസമയം ഒൺലൈൻ, നേരത്തെ കിടന്നു.

011K.JPG

അലാറം അടിച്ചു. എണീറ്റു പ്രഭാതകൃത്യങ്ങളും കുളിയുമെല്ലാം കഴിഞ്ഞു ഓരോരുത്തരെയായി വിളിച്ചെഴുന്നേല്പിച്ചു. ഇടയിൽ കോഫിയും രാത്രിവാങ്ങിവെച്ച ബ്രെഡും ബട്ടറും കൊണ്ടു സാൻഡ് വിച്ചും ഉണ്ടാക്കി. 5:45ന് റൂം ചെക്ക് ഔട്ട് ചെയ്തു ലഗേജുമായി വണ്ടിയിലേക്ക്. പെട്രോൾ ഫുൾ ആക്കി. കസബിൽ നിന്നും റൗദയിലേക്ക് ഉള്ള 55 കി.മീ യാത്രയിൽ (അതിൽത്തന്നെ, 50 കി.മീ. മലനിരകളിലൂടെ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള കല്ലുനിറഞ്ഞ പാത ) പെട്രോൾപന്പോ ടയർ ഷോപ്പോ, എന്തിനു, ഒരു കഫ്റ്റീരിയ പോലുമില്ല. ഇക്കാര്യങ്ങളും, 4×4 വാഹനം നിർബന്ധം എന്നൊക്കെയുള്ള വലിയ ബോർഡ് തുടക്കത്തിലേയുണ്ട്. ഡ്രൈവിങ്ങിൽ നല്ല ശ്രദ്ധവേണ്ടി വരുന്നുണ്ട്. വളരെക്കുറഞ്ഞ ഭാഗങ്ങളിലെ റോഡ് ബാരിയർ ഉള്ളൂ. ബാക്കിയെല്ലായിടത്തും റോഡിൽനിന്നും മാറ്റിയ മണ്ണും കല്ലും തന്നെ ബാരിയർ. ചെറിയ ഉരുളൻകല്ലുകൾ ഉള്ളതിനാൽ റോഡിൽ പിടുത്തം കുറവാണ്. കുത്തനെയുള്ള ഇറക്കങ്ങളിൽ 4×4ൽ ഫസ്റ്റ് ഗിയറിട്ടിട്ടുപോലും വണ്ടി തെന്നിപ്പോകുന്നു. വഴിയിൽ മുൻപെങ്ങോ അപകടത്തിൽപെട്ട ഒരു വാഹനാവശിഷ്ടം. ‘വെള്ളാനകളുടെ നാടിലെ പപ്പുവിന്റെ എക്കാലവും ഓർക്കുന്ന ഒരു ഡയലോഗ് ഓർത്തുപോയി (കട്ക്മണി വ്യത്യാസത്തില് ഞമ്മടെ സ്റ്റേറിങ് ഒന്ന് അങ്ങട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാ മതി, ഞമ്മടെ ഇഞ്ചന്‍ തകിട് പൊടി!). എന്തായാലും ഈ യാത്രയിലെ ലാൻഡ്‌സ്‌കേപ് ഒരുക്കുന്ന കാഴ്ചകൾ, എടുക്കുന്ന riskനു worth നൽകുന്നുണ്ടെന്ന കാര്യം നിസ്സംശയം പറയാം.

012J.jpg

വഴിയിൽ ഇടയ്ക്കൊക്കെ റോഡ് പണി നടക്കുന്നു. ഭീമൻ ചക്രങ്ങളോട് കൂടിയ ട്രക്കുകളും എർത് മൂവിങ് മെഷീനുകളും. അപൂർവമായി എതിരെ വരുന്ന, ഒമാനികളുടെ എസ് യു വി കൾ. എല്ലാവരും കൈവീശിയും സലാമ് പറഞ്ഞും അഭിവാദ്യം ചെയ്യുന്നു. മിക്കതും പഴയവ, പ്രത്യേകിച്ചും ലാൻഡ് ക്രൂയിസർ പിക്കപ്പ്. വഴിമധ്യേ ഒരു ഒമാനി ഫാമിലി, വാഹനം നിർത്തി ഒരു ഉറവയിൽനിന്നും വെള്ളം ശേഖരിക്കുന്നതുകണ്ടു ഞങ്ങൾ സൈഡാക്കി. സലാം പറഞ്ഞു, അറിയുന്ന അറബിയിൽ അവരോടു ആ വെള്ളത്തെക്കുറിച്ചു ചോദിച്ചു. ആ മലയിലെ ഉറവ വരുന്ന വെള്ളതുള്ളികൾ, ഒരു ചരടിലൂടെ തുള്ളികളായി, ഒരു ചെറിയ ടാങ്കിലേക്കു ശേഖരിക്കുന്നു. അതിലെ വെള്ളം കുടിച്ചുനോക്കി; നല്ലരുചിയുള്ള ശുദ്ധവെള്ളം! വരണ്ട ആ മലയിൽനിന്നും വെള്ളമെന്നതു അത്ഭുതകരം തന്നെ!! കുറച്ചു ബോട്ടിലുകളിലും വെള്ളം ശേഖരിച്ചു യാത്ര തുടർന്നു.

012E.jpg

ഏതാനും കിലോമീറ്ററുകൾ പിന്നിട്ടതോടെ, ഗ്രാൻഡ് കാന്യനെയോ പെട്രയെയോ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളൊരു സ്ഥലമെത്തി. അടുക്കുകളായ പാറക്കഷ്ണങ്ങൾ കൊണ്ട് ‘റ’ രൂപത്തിൽ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന അതിമനോഹരമായൊരു സ്ഥലം. ഇറങ്ങി കാഴ്ചകൾ കണ്ടു. യാത്രതുടർന്നു കുറച്ചു കഴിഞ്ഞപ്പോൾ, A’saye എന്ന സുന്ദരമായ ഗ്രാമത്തിലെത്തി. നാലുഭാഗവും വന്മലകളാൽ ചുറ്റപ്പെട്ട ഒരു സമതലമാണ് ഇത്. ഭംഗിയുള്ള വലിയ മരങ്ങൾ അങ്ങിങ്ങായി നിൽക്കുന്ന കൃഷിയിടങ്ങൾ. മേഞ്ഞുനടക്കുന്ന കഴുതകളും ആട്ടിൻ കൂട്ടങ്ങളും. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും നയനാന്ദകരമായ കാഴ്ചയൊരുക്കിയ അസയഹിനോട് വിടപറഞ്ഞു. അടുത്തത് കടൽനിരപ്പിൽനിന്നും 1600 മീ. ഉയരത്തിലുള്ള ജബൽ ഹരീം ആണ്. 250 മില്യൺ വർഷങ്ങൾക്കുമുൻപ് കടലിനടിയിലായിരുന്നെന്നു ശാസ്ത്രം പറയുന്ന ഈ മലയിൽ ചിലയിടത്തായി ഫിഷ് ഫോസിലുകളും ഷെൽസും കാണാം. ഇപ്പോൾ മലയുടെ ഏറ്റവും മുകളിൽ ഒമാൻ എയർ ഫോഴ്സിന്റെ റഡാറും ഹെലിപാടുമെല്ലാമുള്ള ഒരു ചെറിയ സൈനിക ക്യാന്പ് ആണ്. വളരെ ദൂരെ നിന്നുതന്നെ കുന്നും റഡാറുമെല്ലാം വ്യക്തമാകും. നിയന്ത്രണങ്ങളുള്ളതിനാൽ ഈ ഭാഗത്തെ ഒഴിവാക്കിയാണ് റൗദയിലേക്കുള്ള റോഡ് പോകുന്നന്നത്. ഇടയ്‌ക്കായി ഒരു ചെറിയ സമതലത്തിൽ ക്യാമ്പിങ്ങിനു പറ്റിയ, ഭംഗിയുള്ളൊരു ഒരു സ്ഥലം. മിലിട്ടറി പോസ്റ്റ് കടന്നു യാത്ര തുടർന്നു.

014H.JPG

രാവിലെ യാത്ര പുറപ്പെട്ട കസബിൽ 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നെങ്കിൽ, ജബൽ ഹരീമിൽ 9 ഡിഗ്രിയിലെത്തി. മൂടൽമഞ്ഞും കൂടെ തണുത്ത കാറ്റും. കുലുങ്ങിക്കുലുങ്ങിയുള്ള യാത്രയും തണുപ്പും വിശപ്പിനെ നേരത്തെ സ്വാഗതം ചെയ്തു. വണ്ടിയിലുണ്ടായിരുന്ന ഒമാനി ഹൽവയും റസ്കും എടുത്തു കഴിച്ചു. കസബിൾ നിന്നും പുറപ്പെടുന്പോഴേ ഭക്ഷണവും വെള്ളവും മറ്റു അത്യാവശ്യ സാധനങ്ങളും കരുതൽ നിർബന്ധമാണ്. മണിക്കൂറുകൾ നീളുന്ന ഈ യാത്രയിൽ ഒരിടത്തും ഒന്നും കിട്ടില്ല.

014C.JPG

ജബൽ ഹരീം മുതൽ റൗദ താഴ്‌വര വരെയുള്ള യാത്ര കുത്തനെയുള്ള ഇറക്കമാണ്. കുറേദൂരം ഓടിയാൽ താഴെ ദൂരെയായി റൗദ താഴ്‌വര പ്രത്യക്ഷപ്പെട്ടു തുടങ്ങും. മഴക്കാലത്തു നല്ല പ്രവാഹം ഉണ്ടാകാറുണ്ടെന്നു കാണുന്പോഴറിയാം. നല്ലവീതിയുള്ള വാദിയാണ് റൗദ വാദി. താഴെ എത്തുന്പോഴേ അതിന്റെ വലിപ്പം ശരിക്കും മനസ്സിലാകൂ. ചുറ്റും കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട അതിവിശാലമായ വാദി. വാദിയിലെത്തിയാൽ നേരെയുള്ള റോഡ്, ഞങ്ങളുടെ ലക്ഷ്യമായ റൗദ ഗ്രാമത്തിലേക്ക് പോകും; 6-7 കി.മീ. ദൂരമുണ്ട്. വലതുവശത്തേക്കുള്ള റോഡ്  ഒമാൻ-യു എ ഇ ബോർഡറിലേക്കാണ്. റാസ് അൽഖൈമയിൽ ജബൽ ജൈസിലേക്കു പോകുന്ന വഴിയിൽ, സമതലത്തിൽനിന്നും വലത്തേക്ക് പോയാൽ വാദി ബിഹ് എത്തും. ഈ വഴി തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാടു സമയം ലാഭിച്ചു, നേരെ റാസ് അൽഖൈമ വഴി ദുബായിൽ എത്താമായിരുന്നു. പക്ഷെ, പ്രവേശനം ഒമാനികൾക്കു മാത്രമാണ്; അതിർത്തിയിൽ താമസിക്കുന്ന എമിറാത്തികൾക്കും (അതുവായിച്ചതോടെ ബോർഡർ പോസ്റ്റിൽ പോയി ഒരു ശ്രമം നടത്തണമെന്ന ചിന്തയുപേക്ഷിച്ചു).

015A.JPG

നാലര മണിക്കൂർ പിന്നിട്ടു, കസബിൽ നിന്നും. യാത്ര അതിന്റെ ലക്ഷ്യമായ റൗദ ഗ്രാമത്തിലേക്ക്. വളരെക്കുറഞ്ഞ വീടുകളും, കൃഷിയുമായി കുറച്ചു വിദേശി തൊഴിലാളികളും. കസബ് പട്ടണത്തിലേക്കു താമസം മാറിയ ഒമാനികൾ ഇടയ്ക്കു ഇവിടെ വന്നു പോകുന്നു. ഒരു ശ്മശാനവും, പഴയ റൺവേ എന്ന് തോന്നിക്കുന്നൊരു സ്ഥലവും.

മടക്കയാത്ര

ഇനി മടക്കയാത്രയാണ്. ഇനി ഫോട്ടോയെടുക്കലും വണ്ടിയിൽ നിന്നിറങ്ങലും ഉണ്ടാവില്ല, അതുകൊണ്ടുതന്നെ ഒരു 3-3.5 മണിക്കൂർ ടാർഗറ്റിട്ടു കസബിലേക്ക്. നീണ്ട ഓഫ്‌റോഡ് യാത്ര, അതും കുലുങ്ങിയും നല്ല പൊടിയോടു കൂടിയും; എല്ലാവരിലും ക്ഷീണം പടർത്തിയിട്ടുണ്ട്. അഹ്മദ്ക്കക്കും രോഹിത്തിനും ഉറങ്ങണമെന്നുണ്ട്. പക്ഷെ ശരീരം ആകെമൊത്തം എടുത്തിടുന്ന ഈ യാത്രയിൽ ഉറക്കം വരാതെ അവർ തോൽവി സമ്മതിച്ചു.

014G.JPG

വന്നവഴികളും അതേകാഴ്ചകളുമായി ഒരു മൂന്നര മണിക്കൂർ. ഞങ്ങൾ വീണ്ടും കസബിലെത്തി. രാവിലെ മുതൽ കാര്യമായിട്ടൊന്നും കഴിക്കാത്തതുകാരണം നല്ല വിശപ്പുണ്ടായിരുന്നു.  വെജിറ്റേറിയനായ രോഹിതും മണ്ഡലകാല വ്രതത്തിലായതിനാൽ വെജിയായ (അല്ലെങ്കിൽ പാന്പിന്റെ നടുക്കഷ്ണം വരെ തിന്നുന്ന) സുധീറും ഒരു ഭാഗത്തും, പച്ചവെള്ളം കുടിക്കുന്പോൾ പോലും അതിൽ ഒരു പീസ് ചിക്കൻ ഫ്രൈ മുക്കിയെടുക്കുന്ന അഹ്മദ്ക്ക മറുഭാഗത്തും ആയി, ഡ്രൈവ് ചെയുന്ന എന്നോട് ലെഫ്റ് റൈറ്റ് പറഞ്ഞു 5-6 റെസ്റ്റോറന്റ് കയറിയിറങ്ങി അരമണിക്കൂർ പോയി. അവസാനം വെജ്, നോൺ വെജ്  കിട്ടുന്ന നല്ലൊരു റെസ്റ്റോറന്റ്കണ്ടുപിടിച്ചു ഫ്രഷ് ആയി, ഭക്ഷണവും കഴിച്ചു, കസബിനോട് വിട പറഞ്ഞു, ബോർഡർ ലക്ഷ്യമാക്കി നീങ്ങി. റോഡിൽ തീരെ തിരക്കില്ല. സൂര്യൻ അസ്തമിക്കാറായി. വഴിയിൽ നിർത്തി മലമുകളിലേക്ക് സൂര്യൻ അസ്തമിക്കുന്നതിന്റെ ഏതാനും ഫോട്ടോസ്. ബോർഡറിലെത്തി; വീണ്ടും ഒമാൻ-യു എ ഇ അതിർത്തിയിലെ നടപടിക്രമങ്ങൾ; അരമണിക്കൂർ പോയി. രണ്ടുദിവസം പോയതറിയാതെ; ആസ്വാദനത്തിന്റെ മഴവിൽ കാഴ്ചകളൊരുക്കിയ മുസന്ധത്തിനോട് വിട.

ഷേക്‌സ്‌പിയർ പറഞ്ഞത്ര ശരി; അത് മനുഷ്യനോടായാലും, നാടിനോടായാലും. രണ്ടുദിവസം മുന്പ് വരുന്പോഴുള്ള അവസ്ഥയല്ല ഇപ്പോൾ വണ്ടിക്കകത്ത്. മുസന്ധത്തിനോടും ഒമാനോടും വിടപറഞ്ഞതോടുകൂടി വാഹനങ്ങൾ കൂടി; വേഗത കൂടി. സുധീർ പറഞ്ഞപോലെ, ഇനി റാസൽ ഖൈമ ടൌൺ പിന്നിട്ടു ബിൻ സായിദ് റോഡിൽ കേറുന്നതോടെ തിരക്കും വേഗവും കൂടും; ഉമ്മുൽഖുവൈനും അജ്മാനും ഷാർജയും പിന്നിട്ടു ദുബായിൽ എത്തുന്നതോടെ എല്ലാം അതിന്റെ ഉച്ചിയിൽ എത്തുന്നു. എന്തിനൊക്കെയോ വേണ്ടി നെട്ടോട്ടമോടുന്ന, പേയ്മെന്റ് ഡ്യൂ ഡേറ്റ് നെ കുറിച്ചും ട്രാഫിക്കിനെ കുറിച്ചും ഓർത്ത് വിഷമിച്ച് സഹജീവിയെ കാണുന്പോൾ മൊബൈൽ സ്‌ക്രീനിലേക്കു തലപൂഴ്‌ത്തുന്ന മനുഷ്യർ!

രാത്രി 8:30 – എക്സ്പ്ലോറർ അതിന്റെ മുരൾച്ച അവസാനിപ്പിച്ചു. നാളെ ഞായറാഴ്ചയാണ്; രാവിടെ സായിദ് ലെ വാഹനമഹാസാഗരത്തിൽ സംഭാവനയർപ്പിക്കാൻ, നാഷണൽ പൈന്റ്‌സിൽ വെച്ച് അവനും അതിൽ അലിഞ്ഞുചേരേണ്ടതുണ്ട്.

“A journey is best measured in friends, rather than miles.” എന്നാണല്ലോ. ഈ യാത്രയിൽ എന്റെ ഏറ്റവും വലിയ ഭാഗ്യവും കൂട്ടുകാർ ആയിരുന്നു; യാത്രയും വഴിയും കാഴ്ചകളും റിസ്കുമെല്ലാം മടുപ്പുവരാതെ ആസ്വാദിച്ച മൂന്നുപേർ. ഒരു യാത്ര പ്ലാൻ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്‌താൽ എവിടെ എപ്പോൾ മീറ്റ് ചെയണമെന്ന് ചോദിക്കുന്നവർ. നന്ദി അഹ്മദ്ക്ക, റോഹിദ്, സുധീർ! വിടപറയാൻ സമയമായി. ഗുഡ് നൈറ്റ് പറഞ്ഞു ഓരോരുത്തരും അവരവരുടെ വഴികളിലൂടെ…

ഈ യാത്രാവിവരണം അവസാനിക്കുന്നു; പക്ഷെ, യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല. ക്യോം കി… യേഹ് സിന്ദഗി ഹൈ ഏക് മുസാഫിർ കി…

Noushad Babu P.P

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q