സൗദിയിലെ ഇഖാമ കാലാവധി അവസാനിച്ച പ്രവാസികൾക്ക് ആശ്വാസം: താത്ക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് എംബസി
ദമ്മാം: ഇഖാമാ കാലാവധി കഴിഞ്ഞതിനാൽ പാസ്സ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി ഇന്ത്യൻ എംബസിയുടെ അറിയിപ്പ്.
ഇത്തരത്തിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് 5 വർഷം കാലാവധിയുള്ള താത്ക്കാലിക പാസ്സ്‌പോർട്ട് അനുവദിയ്ക്കുമെന്നാണു ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്.
ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളെ പാസ്സ്‌പോർട്ട് പുതുക്കാൻ VFS സെന്ററുകൾ അനുവദിയ്ക്കുന്നില്ല എന്ന വിഷയം സൂചിപ്പിച്ച് കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഇക്കഴിഞ്ഞ ജനുവരി 19 ന് ഇന്ത്യൻ എംബസിക്ക് അയച്ച നിവേദനത്തിനു മറുപടിയായാണ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഈ വിവരം അറിയിച്ചത്.
ഇഖാമാ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിയ്ക്കാൻ VFS സെന്ററുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും, അത്തരം പ്രവാസികൾ “ഇഖാമ പിന്നീട് പുതുക്കികൊടുക്കാം” എന്ന് ഉറപ്പ് നൽകുന്ന അവരുടെ സ്പോണ്സറുടെയോ, കമ്പനിയുടെയോ ഒരു കത്ത് ഹാജരാക്കിയാൽ 5 വർഷം കാലാവധിയുള്ള താത്ക്കാലിക പാസ്സ്‌പോർട്ട് അനുവദിയ്ക്കുകയും ചെയ്യുമെന്നും, പിന്നീട് ഇഖാമ പുതുക്കിയതിനു ശേഷം 10 വർഷം കാലാവധിയുള്ള സാധാരണ പാസ്സ്പോർട്ടിന് അപേക്ഷിക്കാമെന്നും എംബസി അറിയിക്കുന്നു.
ഈ വിഷയം ഉന്നയിച്ചു നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ബിനോയ് വിശ്വം എം.പിയും ഈ വിഷയം കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഏതായാലും താത്ക്കാലിക പാസ്പോർട്ട് അനുവദിച്ച് നൽകാനുള്ള എംബസിയുടെ തീരുമാനം നിരവധി പ്രവാസികൾക്ക് ആശ്വാസമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
