Saturday, September 21, 2024
GCCTop Stories

പ്രവാസി സുഹൃത്തുക്കളേ, നിങ്ങൾ അവരോടൊന്ന് സംസാരിക്കൂ

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവാസ ലോകത്ത് നിന്ന് ആത്മഹത്യാ കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് പല വ്യക്തികളും തങ്ങളുടെ മാനസിക പ്രയാസങ്ങൾ ഉള്ളിൽ ഒതുക്കി ജീവിച്ചിരുന്നവരായിരുന്നു എന്നാണ്.

വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് ഫൈനൽ എക്സിറ്റിൽ പോകാനിരുന്നവർ വരെ ഒരു നിമിഷത്തെ തോന്നലിൽ ജീവൻ അവസാനിപ്പിച്ച വാർത്തകൾ അറേബ്യൻ മലയാളി തന്നെ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് ഇത്തരത്തിൽ ഒരു ആത്മഹത്യ മനോഭാവം പലരെയും പിടി കൂടാൻ കാരണമെന്നത് ചികയുംബോൾ ഓരോരുത്തരെക്കുറിച്ചും വ്യത്യസ്ത വിലയിരുത്തലുകൾ ആണ് ലഭിക്കുന്നത്.

ഗൾഫ് ഒഴിവാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്നയാൾക്ക് നാട്ടിലെത്തിയാൽ എന്ത് ചെയ്യുമെന്നുള്ള ആശങ്ക പലപ്പോഴും വിനയാകുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. പലർക്കും ഇനി അടുത്തത് എന്ത് എന്ന ചോദ്യം ഒരു വലിയ ഹിമാലയൻ കടംബയായി തോന്നുന്നു. അത് പലർക്കും ഹൃദയാഘാതമുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അപൂർവ്വം ചില ദുർബല ഹൃദയർ ആത്മഹത്യ അഭയമായി കാണുകയും ചെയ്യുന്നു.

എന്നാൽ പുതുതായി ഗൾഫിലെത്തുന്ന ചില കൗമാരക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആണ് റിപോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും. ഇളം പ്രായത്തിലുള്ള ഇവരെ ഇത്തരം ചിന്തയിലേക്ക് നയിക്കുന്നതിനു പല ഘടകങ്ങളും കാരണമാകുന്നുണ്ട്.

നാട്ടിലെ ഉല്ലാസവും സ്വാതന്ത്ര്യവുമെല്ലാം അതേ പടി ജോലി സ്ഥലങ്ങളിലും ലഭിക്കുന്നില്ല എന്ന തോന്നൽ കൗമാരക്കാരെ വിഷാദത്തിലേക്കും കടും കൈ ചെയ്യുന്നതിലേക്കും പ്രേരിപ്പിക്കുന്നുണ്ടാകാം.

അതോടൊപ്പം സോഷ്യൽ മീഡിയയിലും സിനിമകളിലും കാണുന്ന ഗൾഫിന്റെ പളപളപ്പ് അനുഭവത്തിൽ നേർ വിപരീതമാകുന്നതും കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുണ്ടാകാം.

ഇവക്കെല്ലാം പുറമെ തൊഴിൽ സഹചര്യങ്ങൾ, സങ്കടങ്ങൾ പങ്ക് വെക്കാൻ ആളില്ലാത്ത അവസ്ഥ എന്നിവയെല്ലാം നിരവധി കൗമാരക്കാരെ വിഷാദാവസ്ഥയിലേക്ക് നയിക്കുന്നുണ്ട്.

ചുരുക്കത്തിൽ മേൽ പരാമർശിച്ചതും അല്ലാത്തതുമായ നിരവധി കാരണങ്ങൾ കൗമാരക്കാരും അല്ലാത്തവരുമായ പ്രവാസികളെ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം തള്ളി വിടുന്നുണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

എന്നാൽ ഇത്തരം അവസ്ഥയിലേക്ക് അവർ തെന്നിപ്പോകുന്നത് തടയാൻ മറ്റുള്ളവർക്ക് സാധിക്കും എന്നത് പ്രത്യേകം ഓർക്കേണ്ടിയിരിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആദ്യമായി ഗൾഫിലെത്തുന്നയാൾക്ക് വലിയ മോട്ടിവേഷനുകൾ നൽകൽ പ്രധാനമാണെന്ന് മനസ്സിലാകുന്നു. അല്പം ത്യാാഗം അനുഭവിച്ചാൽ വൈകാതെ വലിയ ഫലങ്ങൾ കൊയ്യാമെന്ന തരത്തിൽ ഉപദേശ നിർദ്ദേശങ്ങൾ പഴയ ആളുകൾ നൽകേണ്ടിയിരിക്കുന്നു. അതോടൊപ്പം അവരുടെ കൂടെ നിന്ന് സങ്കടങ്ങളും പരിവേദനങ്ങളും കേൾക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക എന്നതും അതിപ്രധാനമാണ്.

പ്രവാസ ജിവിതം അവസാനിപ്പിച്ച് പോകുന്നവർക്കും കൂടെ നിന്ന് പ്രതീക്ഷ നൽകേണ്ടതുണ്ട്. നാട്ടിൽ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താൻ ആവശ്യമായ നിർദ്ദേശങ്ങളും എന്ത് പ്രയാസമുണ്ടെങ്കിലും ബന്ധപ്പെടാൻ തങ്ങളുണ്ടാകുമെന്ന ഉറപ്പും അവർക്ക് നൽകിയാൽ അത് മനസ്സിന് വലിയ ആശ്വാസം തന്നെയാകും.

ചുരുക്കത്തിൽ ആളുകളെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി മനസ്സിനെ എന്തും നേരിടാൻ പാകപ്പെടുത്താൻ പഴയ ആളുകൾക്ക് സാധിക്കും. പുതിയ ആളുകൾക്ക് ആവശ്യമായ അവബോധം നൽകാൻ സാമൂഹിക സംഘടനകൾക്കും സാധ്യമാകും എന്നതും ഓർക്കേണ്ടിയിരിക്കുന്നു.

പഴയ കാലത്ത് ജീവിതത്തിന്റെ തീക്ഷണാനുഭവങ്ങളിൽ നിന്ന് കര കയറാൻ പ്രവാസിയാകാൻ തയ്യാറായവർക്ക് എന്തും നേരിടാൻ ചങ്കൂറ്റമുണ്ടാകും. എന്നാൽ ഇക്കാലത്ത് സുഖ ലോലുപത കണ്ടോ അനുഭവിച്ചോ വളർന്നു ശേഷം പ്രവാസിയായവർക്ക് പുതിയ വെല്ലു വിളികൾ നേരിടാൻ പഴമക്കാരുടെ ചങ്കുറപ്പുണ്ടാകില്ല എന്നതാണ് പ്രധാന വ്യത്യാസം. ഇത് തിരിച്ചറിഞ്ഞ് വ്യക്തികളോട് ഉചിതമായ രീതിയിൽ ഇടപെട്ട് അവരോടൊപ്പം ചേർന്ന് നിന്നാൽ വരും കാലങ്ങളിലെങ്കിലും ദുരന്ത വാർത്തകൾക്ക് അല്പമെങ്കികും ആശ്വാസം ലഭിച്ചേക്കും.
✍️ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്