Saturday, September 21, 2024
Jeddah

ഹജ്ജ്:സൗദി ഭരണകർത്താക്കളുടെ സേവനങ്ങൾ പ്രശംസനീയം;ഖലീൽ തങ്ങൾ

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശുദ്ധ ഹജ് കർമ്മങ്ങൾക്കായി ഇരു ഹറമുകളിലെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാർക്ക് സൗദി ഭരണകൂടം നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും മാതൃകാപരവും പ്രശംസനീയവുമാണന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലിൽ അൽബുഖാരി പ്രസ്താവിച്ചു.
ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് ജിദ്ദയിലെത്തിയ തങ്ങൾക്ക് ജിദ്ദ ഐസി എഫ് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു തങ്ങൾ.
വിശ്വാസികളുടെ യാത്ര, ഭക്ഷണം,ആരോഗ്യം ,സുരക്ഷ തുടങ്ങിയവയിലെല്ലാം തികഞ്ഞ പരിഗണനയും പഴുതടച്ച ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷവും യാതൊരു വിധ പ്രയാസങ്ങളുമില്ലാതെ ഹജ്പൂർത്തികരിക്കുന്നതിന് പരിശ്രമിച്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ മഅ്ദിൻ അക്കാദമി ചെയർമാൻ കുടിയായ ഖലിൽ തങ്ങൾ പ്രത്യേകം അഭിനന്ദനമറിയിച്ചു.

ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതിന് വിശുദ്ധ ഹജ് കർമ്മങ്ങളുടെയും അറഫ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ തയ്യാറാവണമെന്നും തങ്ങൾ ഓർമപ്പെടുത്തി.

വിശാലമായ കാഴ്ചപ്പാടോട് കൂടി മഅദിൻ അക്കാദമി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനങ്ങൾ ഖലീൽ തങ്ങൾ സ്വീകരണ സംഗമത്തിൽ വിശദീകരിച്ചു.

ബഷീർ പറവൂർ, അബ്ദുൽ റഹിം വണ്ടൂർ, അബ്ബാസ് ചെങ്ങാനി, യൂസുഫ് മേൽമുറി, മുഹമ്മദ് നെല്ലിക്കുത്ത്, സുലൈമാൻ സഅദി കർണാടക, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അൻവരി, കലാം അഹ്‌സനി, അബ്ദു റസാഖ് എടവണ്ണപ്പാറ, അഹ്മദ് കബീർ, ഹസൻ മേൽമുറി തുടങ്ങിയ ഐ സി എഫ്, കെ സി എഫ്, മഅദിൻ കമ്മിറ്റി നേതാക്കൾ സംബന്ധിച്ചു.

ഐ സി എഫ് സെൻട്രൽ പ്രസിഡണ്ട് ഹസൻ സഖാഫി കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ സ്വാഗതവും അബു മിസ്ബാഹ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്