Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രീമിയം ഇഖാമ ലഭിച്ചാലുള്ള 9 ഗുണങ്ങൾ? ഈ ഇഖാമ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് സ്വപ്നം കാണാൻ സാധിക്കുമോ ?

സൗദിലെ പ്രീമിയം ഇഖാമ ലഭ്യമായാൽ ഒരു വിദേശിക്ക് സ്വന്തമാകുന്ന ഒൻപത് ഗുണങ്ങളെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നു. അവ താഴെ പരാമർശിക്കുന്നു.

1.സൗദിയിൽ മാതാപിതാക്കളോടും ഇണയോടും 25 വയസ്സിനു താഴെ പ്രായമുള്ള മക്കൾക്കുമൊപ്പം സ്ഥിര താമസം.2.ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് സ്വതന്ത്രമായി മാറാം.3.സൗദിയിൽ നിലവിലുള്ള വിദേശികൾക്കും ആശ്രിതർക്കുമുള്ള ലെവി ബാധകമാകില്ല.4.റി എൻട്രി വിസ കൂടാതെത്തന്നെ ഇഖാമയുള്ളയാൾക്കും കുടുംബത്തിനും സൗദിയിൽ നിന്ന് പുറത്തേക്കും തിരികെ സൗദിയിലേക്കും പ്രവേശനം.5.അടുത്ത ആളുകൾക്ക് വിസിറ്റിംഗ് വിസകൾ ഇഷ്യു ചെയ്യാൻ അവകാശം.

6.സൗദി എയർപോർട്ടുകളിലും മറ്റു എൻട്രി പോർട്ടുകളിലും സൗദി പൗരന്മാർക്കും ജിസിസി പൗരന്മാർക്കും നിശ്ചയപ്പെടുത്തിയ ട്രാക്കിലൂടെ പ്രവേശനം.7.സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ജോലി മാറുകയും ചെയ്യാം. ഇണക്കും മക്കൾക്കും ഇതേ ആനുകുല്യം ലഭിക്കും.8.നിക്ഷേപ വ്യവസ്ഥയ്ക്ക് അനുസൃതമായി ബിസിനസ്സുകൾ നടത്താൻ അനുമതി.9.സൗദിയിൽ വസ്തു വകകൾ സ്വന്തമാക്കാനും അവ ഉപയോഗപ്പെടുത്താനും അനുമതി. എന്നിവയാണ് പ്രീമിയം ഇഖാമക്കാർക്കുള്ള ഒൻപത് ആനുകുല്യങ്ങൾ.

അതേ സമയം പ്രീമിയം ഇഖാമ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ലഭിക്കാൻ വകുപ്പുണ്ടോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ഇഖാമ ഫീസ് 4000 റിയാൽ ആണെന്നതും പലരെയും ആകര്ഷിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗദി അധികൃതർ വ്യക്തമാക്കിയ 7 വിഭാഗം ആളുകളിൽ പെടുന്നവർക്ക് മാത്രമേ പ്രീമിയം ഇഖാമ ലഭിക്കുകയുള്ളൂ എന്നതാണ് വസ്തുത.

ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിലെ എക്സിക്യൂട്ടീവുകളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിടുന്നതാണ് സ്‌പെഷ്യൽ ടാലന്റഡ് ഇഖാമ. ഇത് ലഭ്യമാകാൻ ആരോഗ്യം, ശാസ്ത്രം മേഖലകളിലുള്ളവർക്ക് മിനിമം സാലറി 35000 റിയാലും ഗവേഷകർക്ക് മിനിമം 14000 റിയാലും സാലറി വേണം.

സൗദി അറേബ്യയുടെ ചലനാത്മകമായ സാംസ്കാരിക, കായിക മേഖലകളിലേക്ക് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ലഭ്യമാക്കുകയാണ് ‘ഗിഫ്റ്റഡ്’ ഇഖാമ വഴി ലക്ഷ്യമാക്കുന്നത്. ഇത് ലഭ്യമാകാൻ സൗദി സ്പോർട്സ്, സാംസ്കാരിക മന്ത്രാലയങ്ങളുടെ അനുമതി വേണം. അതോടൊപ്പം അവർക്ക് സൗദിയിൽ കഴിയാനുള്ള ശേഷിയും ഉണ്ടായിരിക്കണം.

നിക്ഷേപകർക്കുള്ള ഇൻവെസ്റ്റർ ഇഖാമയാണ് മുന്നാമത് തരം . സൗദിയിൽ 70 ലക്ഷം റിയാൽ നിക്ഷേപവും ആദ്യ രണ്ട് വർഷത്തിനുള്ളിൽ 10 പേർക്ക് തൊഴിലവസരവും നൽകിയാൽ ഇവർക്ക് പ്രീമിയം ഇഖാമ ലഭിക്കും.

സംരംഭകരെയും നൂതന പ്രോജക്റ്റ് ഉടമകളെയും ലക്ഷ്യം വച്ചുള്ള എന്റർപ്രണർ ഇഖാമായാണ് നാലാമത് തരം. ഇത് രണ്ട് വിഭാഗമാണ്. ഒരു വിഭാഗത്തിൽ നാല് ലക്ഷം റിയാൽ സ്റ്റാർട്ടപ്പിൽ നിക്ഷേപവും അപേക്ഷകന് അതിൽ 20 ശതമാനം വിഹിതവും വേണം. രണ്ടാമത് വിഭാഗത്തിൽ 15 മില്യൺ നിക്ഷേപമുള്ള സ്റ്റാർട്ടപ്പിൽ അപേക്ഷകന് 10 ശതമാനം വിഹിതം വേണം.

സൗദി അറേബ്യയിൽ സ്വത്ത് കൈവശമുള്ളവർക്കുള്ള ‘റിയൽ എസ്റ്റേറ്റ് ഓണർ’ ഇഖാമയാണ് അഞ്ചാമത് തരം . സൗദിയിൽ 40 ലക്ഷം റിയാൽ മൂല്യമുള്ള പാർപ്പിട സ്വത്ത് സ്വന്തമാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നവരാണെങ്കിൽ ഇവർക്ക് പ്രീമിയം ഇഖാമ ലഭിക്കും .

ഒരു ലക്ഷം റിയാൽ പ്രതി വർഷം നൽകി പുതുക്കാവുന്ന നേരത്തെയുള്ള ഒരു വർഷത്തേക്കുള്ള പ്രീമിയം ഇഖാമയാണ് ആറാമത് തരം.

എട്ട് ലക്ഷം റിയാൽ ഒറ്റത്തവണ നൽകി സ്ഥിര താമസ ഇഖാമ ലഭ്യമാകുന്ന നേരത്തെയുള്ള സിസ്റ്റം ആണ് ഏഴാമത് തരം . അവസാന രണ്ട് തരം ആളുകളും പണം നല്കുന്നതിനോടൊപ്പം സാമ്പത്തിക ഭദ്രത തെളിയിക്കുകയും വേണം.

മേൽ പരാമർശിച്ച ഏഴ് വിഭാഗം ആളുകൾക്കാണ് പ്രീമിയം ഇഖാമ ലഭിക്കുക. സാധാരണ തൊഴിലാളികൾക്ക് ഇത് ലഭ്യമാകണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ ചുരുങ്ങിയത് നാല് ലക്ഷം റിയാൽ നിക്ഷേപമുള്ള ഒരു സ്റ്റാർട്ടപ്പ് ഏങ്കിലും ആരംഭിക്കണം എന്നാണ് മനസ്സിലാകുന്നത്. നാല് ലക്ഷം നിക്ഷേപം നടത്തുന്ന സ്റ്റാർട്ടപ്പ് അപേക്ഷകന് അഞ്ച് വർഷത്തെ പ്രീമിയം ഇഖാമായാണ് ലഭിക്കുക. ഒരു അഞ്ച് വർഷത്തേക്ക് കൂടി കാലാവധി പുതുക്കി നൽകും. അഞ്ച് വർഷത്തിനുള്ളിൽ 30 മാസമെങ്കിലും സൗദിയിൽ കഴിയുകയും വേണം എന്നിവയാണ് നിബന്ധന.

ചുരുക്കത്തിൽ സാധാരണക്കാരായ സൗദി പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ ഒരു പ്രീമിയം ഇഖാമ എന്നത് വെറും സ്വപ്നം മാത്രമാണെന്ന് പ്രഥമ ദൃഷ്ട്യാ തോന്നാമെങ്കിലും കൃത്യമായ പ്ളാനിംഗോട് കൂടെ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാനും നാലു ലക്ഷം റിയാൽ കണ്ടെത്താനും സാധിച്ചാൽ അതും എത്തിപ്പിടിക്കാവുന്നതേയുള്ളൂ എന്നാണ് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ റസാഖ് വിപി ചേറൂർ അഭിപ്രായപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്