പ്രവാസികൾ ശ്രദ്ധിക്കുക; ജിദ്ദയിൽ മലയാളിയുടെ വസ്ത്രത്തിലേക്ക് തുപ്പി പോക്കറ്റടിക്കാൻ ശ്രമം
ജിദ്ദയിൽ വസ്ത്രത്തിലേക്ക് തുപ്പി ശ്രദ്ധ തിരിച്ച് പോക്കറ്റടിക്കാൻ ശ്രമം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷറഫിയയിലാണ് ആഫ്രിക്കൻ വംശജൻ പ്രവാസി മലയാളിയുടെ പോക്കറ്റടിക്കാൻ ശ്രമിച്ചത്.
പൊളിച്ചു കളഞ്ഞ പഴയ ഇമ്പാല ഗാർഡൻ റെസ്റ്റോറന്റിന് പിൻവശം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്ന സമയത്താണ്, സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനായ മലയാളിയുടെ വസ്ത്രത്തിലേക്ക് മോഷ്ടാവ് തുപ്പിയത്.
തുടർന്ന് ക്ഷമാപണം നടത്തിയ മോഷ്ടാവ് ടിഷ്യൂ പേപ്പർ ഉപയോഗിച്ചും, പിന്നീട് പോക്കറ്റിൽ നിന്നും ഒരു തുണിയെടുത്തും ഇദ്ദേഹത്തിന്റെ വസ്ത്രം തുടക്കാൻ തുടങ്ങി.
ഇത്തരം മോഷണത്തെ കുറിച്ച് നേരത്തെ കേട്ടിരുന്ന മലയാളി പെട്ടന്ന് ഇയാളുടെ കയ്യിൽ കയറി പിടിച്ചപ്പോഴേക്കും പോക്കറ്റിൽ നിന്നും പേഴ്‌സ് കൈക്കലാക്കിയ മോഷ്ടാവ് അത് തുടക്കാൻ ഉപയോഗിച്ച തുണിയിൽ ഒളിപ്പിച്ചിരുന്നു.
പേഴ്‌സ് തിരികെ നൽകിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമാനമായ രീതിയിലുള്ള മോഷണം മുൻപും ഇവിടെ നടന്നിരുന്നു എന്ന് പ്രദേശ വാസികൾ പറഞ്ഞു.
ഇത്തരം മോഷണത്തെ കുറിച്ച് ബോധവാനായിരുന്നിട്ടു കൂടി തന്റെ പേഴ്‌സ് മോഷ്ടാവ് കൈക്കലാക്കിയതിന്റെ അമ്പരപ്പിലാണ് മലയാളി, എങ്കിലും പണം നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലും.
വളരെ വിദഗ്ദമായിട്ടാണ് ഇത്തരക്കാർ പോക്കറ്റടിക്കുന്നത് എന്നും, ഇത്തരം മോഷണ ശ്രമം ആർക്കു നേരെയും ഉണ്ടാവാമെന്നും പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
