Sunday, June 1, 2025
GCCSaudi ArabiaTop Stories

ഒഴുക്കിൽപ്പെട്ട് കാണാതായ സൗദി ബാലൻ ഫൈസലിനായുള്ള തിരച്ചിൽ തുടരുന്നു: പ്രാർത്ഥനയോടെ രാജ്യം (വിഡിയോ)

തുർക്കിയിലെ ട്രാബ്സൺ പ്രവിശ്യയിലെ ഹാൽഡെസിൻ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പത് വയസ്സുകാരനായ സൗദി ബാലൻ ഫൈസൽ അൽ-ഷൈഖിനായി വിപുലമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

നാല് ദിവസങ്ങൾ പിന്നിട്ടിട്ടും ഫൈസലിനെ കണ്ടെത്താനായിട്ടില്ലാത്തത് സൗദി അറേബ്യൻ ജനതയെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഫൈസൽ സുരക്ഷിതനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുകയാണ് രാജ്യം.

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തിയതായിരുന്നു ഫൈസൽ. ട്രാബ്സണിലെ ഉസുൻഗോൾ മേഖലയിലെ ഹാൽഡെസിൻ ക്രീക്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

വിവരമറിഞ്ഞയുടൻ തന്നെ പ്രാദേശിക അധികാരികളും രക്ഷാപ്രവർത്തകരും സൗദി എംബസിയുടെ സഹായത്തോടെ വിപുലമായ തിരച്ചിൽ ആരംഭിച്ചു. ഏകദേശം 200 ഓളം രക്ഷാപ്രവർത്തകർ രാപ്പകൽ ഭേദമില്ലാതെ തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയാണ്.

നദിയിലൂടെയും സമീപപ്രദേശങ്ങളിലൂടെയും അരിച്ചുപെറുക്കിയുള്ള തിരച്ചിൽ ഇപ്പോഴും സജീവമായി നടക്കുകയാണ്. നദിയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

സൗദി അറേബ്യയിലെ സാമൂഹിക മാധ്യമങ്ങളിൽ ഫൈസലിനായുള്ള പ്രാർത്ഥനകൾ നിറയുകയാണ്.

ഫൈസലിന്റെ കുടുംബത്തിന് പിന്തുണയും ആശ്വാസവും നൽകി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ഫൈസലിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കും തുർക്കി അധികൃതരുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് സൗദി അംബാസഡർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിദഗ്ധരായ രക്ഷാപ്രവർത്തകരും ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രതീക്ഷ കൈവിടാതെ, ഫൈസൽ തിരിച്ചുവരുമെന്ന പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് സൗദി അറേബ്യ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa