മക്കയിലെ നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ റൈഡ്; 1,300-ലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി, റൈഡ് തുടരുന്നു
മക്ക: മക്ക മുനിസിപ്പാലിറ്റി നടത്തിയ വിപുലമായ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ മുനിസിപ്പാലിറ്റി സംഘം 6,046 ഫീൽഡ് പരിശോധനകളും റെഗുലേറ്ററി നടപടികളുമാണ് പൂർത്തിയാക്കിയത്.
1,544 റെസ്റ്റോറന്റുകൾ, 1,411 പലചരക്ക് കടകൾ, 1,203 ഫുഡ് ട്രക്കുകൾ എന്നിവ ആരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധിച്ചു. 232 നിയമലംഘനങ്ങൾ തിരുത്തുന്നതിനായി നോട്ടീസ് നൽകുകയും, പൊതു മാർക്കറ്റുകളിലെ 343 സ്റ്റാളുകൾ ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്തു.
പരിശോധനയുടെ ഫലമായി 783 ലൈസൻസ് ഇല്ലാത്ത വർക്ക്‌ഷോപ്പുകളും 530 നിയമവിരുദ്ധ വെയർഹൗസുകളുമാണ് അടച്ചുപൂട്ടിയത്. കൂടാതെ, പൊതു സുരക്ഷക്ക് ഭീഷണിയാകുന്നതും നിയമങ്ങൾ ലംഘിക്കുന്നതുമായ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും വാണിജ്യ-സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായുള്ള പദ്ധതികളുടെ ഭാഗമാണ് ഈ പരിശോധനകൾ.
‘മക്ക കറക്ട്‌സ്’ (Makkah Corrects) എന്ന് പേരിട്ട ഈ സമഗ്ര കാമ്പയിൻ്റെ ലക്ഷ്യം വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിൽ അന്തരീക്ഷം നിയന്ത്രിക്കുകയും നിയമപരമായ പാലിക്കൽ നിലവാരം ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു.
പുണ്യനഗരിയിൽ സുരക്ഷിതവും ചിട്ടയായതുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഉയർന്ന ജീവിത നിലവാരം കൈവരിക്കുന്നതിനുമായി, എല്ലാ പ്രദേശങ്ങളിലും മാർക്കറ്റുകളിലും തൊഴിലിടങ്ങളിലും ഉൾപ്പെടെ തീവ്രമായ ഫീൽഡ് ഷെഡ്യൂളുകളോടെ പരിശോധനാ കാമ്പയിൻ തുടരുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
