സൗദിയിൽ വാഹനാപകടം: പ്രമുഖ സോഷ്യൽ മീഡിയ താരം അബൂ മുർദാഅ് അന്തരിച്ചു; മറ്റു രണ്ടുപേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ഹായിലിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രമുഖ സ്നാപ്ചാറ്റ് താരം അബ്ദുല്ല ബിൻ മുർദാഅ് ആൽ ആതിഫ് അൽ ഖഹ്താനി (അബൂ മുർദാഅ്) അന്തരിച്ചു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സ്നാപ്ചാറ്റ് താരമായ അബൂ ഹിസ്സ ക്കും മരിച്ചയാളുടെ പിതൃസഹോദര പുത്രനായ ദുഖൈൽ നും പരിക്കേറ്റു.
ഹായിൽ – ജുബ്ബ പഴയ റോഡിൽ വെച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ജീപ്പ് റോഡ് പണി നടത്തുന്ന ഒരു കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അബൂ മുർദാഅ് അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി കരുതുന്നു. ഉടൻ സലാമാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സ്ഥിരീകരിച്ചു. മൃതദേഹം സെൻട്രൽ മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദുഖൈലിനെ, ഹായിലിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിൽ നിന്ന് കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം കോമയിലാണ്. അബൂ ഹിസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്, ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
സോഷ്യൽ മീഡിയയിൽ തമാശകളിലൂടെ ചിരി പടർത്തിയിരുന്ന ഈ മൂന്ന് പേരും ഒരുമിച്ച് അപകടത്തിൽ പെട്ടതിൻറെ ദുഃഖത്തിലാണ് ആരാധകർ. അബൂ മുർദാഇന് വേണ്ടിയും, പരിക്കേറ്റവർക്ക് വേണ്ടിയും സോഷ്യൽ മീഡിയയിൽ പ്രാർത്ഥനകൾ നിറഞ്ഞു.
ഹായിൽ ട്രാഫിക് വിഭാഗം സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ കൂട്ടിയിടി പരിശോധിക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തതായി സൗദി ട്രാഫിക് അധികൃതർ തങ്ങളുടെ ‘എക്സ്’ (മുമ്പ് ട്വിറ്റർ) അക്കൗണ്ടിലൂടെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
