തിങ്കളാഴ്‌ച, ജൂൺ 8, 2026
Middle EastTop Stories

മുതിർന്ന ഹമാസ് നേതാവ് റാഇദ് സാദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസയിൽ ഹമാസിൻ്റെ മുതിർന്ന സൈനിക നേതാവ് റാഇദ് സാദിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേലുമായി സഹകരിച്ചുള്ള ഷിൻ ബെറ്റ് രഹസ്യാന്വേഷണ ഏജൻസിയുടെ ഓപ്പറേഷനിൽ ആണ് സാദ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ആഴ്ചകളിൽ ഹമാസ് തങ്ങളുടെ ശേഷി വീണ്ടെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തിലാണ് ആക്രമണം നടത്തിയതെന്നും സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പലസ്തീനിയൻ ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിൻ്റെ സൈനിക കൗൺസിലിലെ അംഗവും മുതിർന്ന നേതാവുമാണ് സാദ്.

ഇദ്ദേഹം ഖസ്സാം ബ്രിഗേഡ്‌സിൻ്റെ ഓപ്പറേഷൻസ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെൻ്റുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. സായുധ വിഭാഗത്തിലെ രണ്ടാമത്തെ ഉന്നത കമാൻഡർ എന്നും ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

കൂടാതെ, ഇദ്ദേഹം ഹമാസിൻ്റെ സൈനിക വിഭാഗം ഡെപ്യൂട്ടി മേധാവി മർവാൻ ഇസ്സയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഗാസ മുനമ്പിൽ അവശേഷിക്കുന്ന അവസാനത്തെ മുതിർന്ന ഹമാസ് നേതാക്കളിൽ ഒരാളാണ് സാദ് എന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ ‘ആർക്കിടെക്റ്റുകളിൽ’ ഒരാളാണ് സാദ് എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ ആരോപിച്ചിരുന്നു. സാദിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group