ബുധനാഴ്‌ച, ജൂലൈ 22, 2026
Middle EastSaudi ArabiaTop StoriesWorld

സൗദിക്ക് പൂർണ്ണ പിന്തുണ; ഹുത്തി ഭീഷണിയിൽ നിലപാട് കടുപ്പിച്ച് അറബ്-അന്താരാഷ്ട്ര സമൂഹം

റിയാദ്: സൗദി അറേബ്യയ്ക്കും ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നേരെ ഹുത്തി ഭീകര മിലിഷ്യ ഉയർത്തുന്ന ഭീഷണികൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു.

യമൻ ജനതയെ സൗദി അറേബ്യ ഉപരോധിക്കുകയാണെന്ന ഹുത്തികളുടെ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അറബ് ലീഗ്, യു.എൻ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സംഘടനകളും നിരവധി സൗഹൃദ രാജ്യങ്ങളും സൗദിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി.

ഹുത്തികളുടെ പ്രകോപനപരമായ പ്രസ്താവനകളെയും സമുദ്ര ഉപരോധ ഭീഷണിയെയും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെയാകെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് യു.എ.ഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നീ സഹോദര രാഷ്ട്രങ്ങൾ വ്യക്തമാക്കി.

ഇതിനുപുറമെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും സൗദിയുടെ പരമാധികാരത്തിനും സുരക്ഷാ നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും ഹുത്തികളുടെ ഇത്തരം ഭീഷണികൾക്കെതിരെ ആഗോള സമൂഹം കർശന നിലപാട് സ്വീകരിക്കണമെന്നും ജി.സി.സിയും മറ്റ് അറബ് രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടു.

സൗദിയുടെ സുരക്ഷയും ചെങ്കടലിലെ അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന റിയാദിന്റെ നിലപാടിന് പിന്നാലെ വൻ അന്താരാഷ്ട്ര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്:

ഹുത്തികളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച മൗറിത്താനിയൻ വിദേശകാര്യ മന്ത്രാലയം, സൗദിയുടെ പരമാധികാരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ഈജിപ്തും ശക്തമായി രംഗത്തെത്തി.

ഹുത്തികളുടെ ഏകപക്ഷീയമായ ഭീഷണികൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകിടം മറിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എസ് നയതന്ത്ര-സൈനിക തലങ്ങളിൽ ഹുത്തി നീക്കങ്ങളെ അപലപിക്കുകയും സൗദിയുടെ സുരക്ഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (OIC), മുസ്ലിം വേൾഡ് ലീഗ് എന്നിവ ഹുത്തികളുടെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കി.

സൗദിക്കെതിരെയുള്ള ഹുത്തികളുടെ പ്രചാരണം സ്വന്തം പരാജയം മറച്ചുവെക്കാനാണെന്ന് യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലും വ്യക്തമാക്കി.

ഹജ്ജ് തീർത്ഥാടകരെ എത്തിച്ച വിമാനങ്ങൾ തടഞ്ഞുവെച്ചതും, എണ്ണക്കയറ്റുമതി തടസ്സപ്പെടുത്തി ജനങ്ങളുടെ ശമ്പളം മുടക്കിയതും ചെങ്കടലിൽ അക്രമം അഴിച്ചുവിട്ടതും ഹുത്തികളാണെന്ന് യമൻ ഗവൺമെന്റ് ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group